- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മക്കിളിയുടെ ഉയിർ വേർപെട്ടതറിയാതെ സ്‌നേഹ വാത്സല്യം ചൊരിഞ്ഞ് കുട്ടിക്കൊമ്പൻ; അമ്മ ഉറക്കമുണരാൻ മുഖം കൊണ്ട് ഉരുമ്മിയും തുമ്പിക്കൈ കൊണ്ട് തലോടിയും കുസൃതി കാട്ടിയ കുട്ടിയാന കാഴ്ച്ചക്കാർക്കും നൊമ്പരമായി
വിതുര: അമ്മക്കിളിയുടെ ഉയിർ വേർപെട്ടപ്പോൾ അതൊന്നും അറിയാതെ സ്‌നേഹ വാത്സല്യം ചൊരിഞ്ഞ് അരികിൽ നിന്ന കുട്ടിക്കൊമ്പൻ കണ്ടു നിന്നവർക്കും നൊമ്പരമായി. അമ്മ ഉറങ്ങുകയാണെന്ന് കരുതി മുഖം കൊണ്ട് ഉരുമ്മിയും തുമ്പിക്കൈ കൊണ്ട് തലോടിയും കുസൃതി കാട്ടിയ കുട്ടിയാന നോക്കി നിന്നവരിൽ വേദനയായി മാറുക ആയിരുന്നു. വാമനപുരം നദിക്കരയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
കാട്ടാനയുടെ ജഡത്തിനു സമീപം മണിക്കൂറുകളോളം തുടർന്ന കുട്ടിയാനയെ വനം വകുപ്പ് അധികൃതർ മയക്കി കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി. വിതുര കല്ലാർ കൊങ്ങന്മരുതുംമൂടിനു സമീപം സ്വകാര്യ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ ആയിരുന്നു സംഭവം. അമ്മയാന ചരിഞ്ഞതറിയാതെ ഒരു വയസ്സു തോന്നിക്കുന്ന കുട്ടിയാന അമ്മ ഉറക്കമാണെന്ന പ്രതീക്ഷയിൽ തൊട്ടുരുമ്മി മണിക്കൂറുകളോളം അവിടെ തന്നെ നില കൊള്ളുക ആയിരുന്നു.
ഇന്നലെ രാവിലെ 6.30ന് ആയിരുന്നു കാട്ടാനയെ ചരിഞ്ഞ നിലയിലും സമീപത്തു ചുറ്റിത്തിരിയുന്ന നിലയിൽ ഒരു വയസ്സു തോന്നിക്കുന്ന കുട്ടിയാനയെയും കണ്ടത്. വിവരമറിഞ്ഞു വനം വകുപ്പും പൊലീസും സ്ഥലത്തെത്തി. കാഴ്ചയിൽ വലിയ മുറിവുകളോ മറ്റോ ഇല്ലാതെ ചരിഞ്ഞു കിടക്കുകയായിരുന്നു കാട്ടാന. ഇതിനിടെ കുട്ടിയെ കാട്ടിലേക്കു മടക്കി അയയ്ക്കാമെന്ന ആലോചന വന്നെങ്കിലും അമ്മയുടെ സാന്നിധ്യമില്ലാതെ കാട്ടിലേക്ക് അയക്കേണ്ടെന്ന് അധികൃതർ തീരുമാനിച്ചു.
ഉച്ചയോടെ പരുത്തിപ്പള്ളി റേഞ്ച് ഓഫിസിൽ നിന്നെത്തിയ റാപ്പിഡ് റെസ്‌പോൺസ് ടീം കുട്ടിയാനയെ വടം ഉപയോഗിച്ചു കുരുക്കിട്ടു പിടിച്ചു. പിന്നാലെ വനം വകുപ്പ് സർജന്റെ നിർദേശപ്രകാരം മയക്കാൻ കുത്തിവയ്പു നൽകി. തുടർന്ന് ജഡത്തിൽ ചാരി മയങ്ങി നിന്ന കുട്ടിയാനയെ ഉച്ചയ്ക്കു രണ്ടോടെ വാഹനത്തിൽ കയറ്റി കാപ്പുകാട്ടേക്ക് അയച്ചു.
ഇതിനു ശേഷം ചരിഞ്ഞ ആനയുടെ ജഡത്തിന്റെ പോസ്റ്റ് മോർട്ടം നടത്തി വനത്തിനുള്ളിൽ സംസ്‌കരിച്ചു. ശ്വാസകോശത്തിലെ അണുബാധ മൂലമാണ് ആന ചരിഞ്ഞതെന്നാണു പ്രാഥമിക നിഗമനം. ആനയ്ക്കു 45 വയസ്സ് ഉണ്ടെന്നു വനം അധികൃതർ പറഞ്ഞു. ഉൾവനത്തിൽ നിന്നു കുട്ടിക്കൊപ്പം എത്തി നദിയിൽ നിന്നു വെള്ളം കുടിച്ചു മടങ്ങുന്നതിനിടെയാണു മരണമെന്നു കരുതുന്നു. ആന പുനരധിവാസ കേന്ദ്രത്തിൽ വൈകിട്ട് നാലോടെ എത്തിച്ച കുട്ടിയാനയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.