ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെ നടന്ന അക്രമസംഭവങ്ങൾക്ക് പിന്നാലെ കർഷക സമരത്തെ വിട്ടുവീഴ്ചയില്ലാതെ നേരിടാൻ കേന്ദ്രസർക്കാരിന്റെ നീക്കം. ഡൽഹി അതിർത്തികളിൽ അർദ്ധസൈനികരെ രംഗത്തിറക്കാൻ തീരുമാനമായി.ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചുചേർത്ത ഉന്നത തല യോഗത്തിന് ശേഷം 15 കമ്പനി അർദ്ധസൈനിക വിഭാഗങ്ങളെ അതിർത്തികളിൽ നിയോഗിക്കാൻ തീരുമാനിച്ചു. അതേസമയം ഐറ്റിഒയിൽ സംഘർഷത്തിനിടെ ട്രാക്ടർ മറിഞ്ഞ് കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നും കർഷകർ പിരിഞ്ഞുപോവുകയാണ്. പ്രതിഷേധക്കാരെ മാറ്റി സ്ഥലത്ത് ഗതാഗതം പൂർവ സ്ഥിതിയിലാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി.

അതേസമയം റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെ നടന്ന അക്രമസംഭവങ്ങളെ അപലപിച്ച് ആം ആദ്മി പാർട്ടി രംഗത്തെത്തി. കഴിഞ്ഞ രണ്ടു മാസം സമാധാനപരമായി നടന്ന സമരം വഷളാകാൻ കേന്ദ്രസർക്കാരാണ് അനുവദിച്ചതെന്ന് എഎപി കുറ്റപ്പെടുത്തി. സമരത്തിലേക്ക് നുഴഞ്ഞുകയറിയവരാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. അത് ആരാണെങ്കിലും സമാധാനപരമായും അച്ചടക്കത്തോടെയും നടന്ന സമരത്തെ അക്രമസംഭവങ്ങൾ ദുർബലമാക്കിയെന്നും എഎപി പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം ഡൽഹിയിൽ നടന്ന സംഭവങ്ങളിൽ ഞെട്ടൽ രേഖപ്പെടുത്തിയിരിക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. ട്രാക്ടർ പരേഡിനിടെ നടന്ന അക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും യഥാർഥ കർഷകരോട് ദേശീയ തലസ്ഥാനത്തുനിന്നും അതിർത്തിയിലേക്ക് തിരിച്ചുപോകാൻ അഭ്യർത്ഥിക്കുന്നതായും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കുന്ന കർഷകർ നേടിയ അംഗീകാരം അക്രമങ്ങൾ നിരാകരിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.

ഡൽഹിയിലെ സമരം അവസാനിപ്പിച്ച് കർഷകരും സമരക്കാരും അതിർത്തിയിലേക്ക് പിൻവാങ്ങണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംഭവങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും അക്രമം ഉണ്ടാക്കിയവരുടെ നടപടി അംഗീകരിക്കാനാവില്ലെന്നും പറഞ്ഞ അദ്ദേഹം കർഷക സംഘടനകൾ ട്രാക്ടർ റാലി റദ്ദാക്കിയെന്നും പറഞ്ഞു. അതേസമയം ആക്രമണം അഴിച്ചു വിട്ടവരെ കർഷക സമര സമിതി തള്ളിപ്പറഞ്ഞു.

എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ കേന്ദ്രസർക്കാരിനെ വിമർശിച്ച് രംഗത്തെത്തി. ക്രമസമാധാന പാലനത്തിനുള്ള ഉത്തരവാദിത്വം കേന്ദ്ര സർക്കാരിന്റേതാണ്. എന്നാൽ അക്കാര്യത്തിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു. ആദ്യം സമാധാനപരമായി പ്രതിഷേധിച്ച കർഷകരെ കേന്ദ്രസർക്കാർ പരിഗണിച്ചില്ല. ഒടുവിലാണ് ട്രാക്ടർ റാലി നടത്തേണ്ടി വന്നതെന്നും ശരദ് പവാർ പറഞ്ഞു.