ചിറ്റൂർ: പുനർജനിക്കുമെന്ന വിശ്വാസത്തിൽ ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ ദമ്പതികൾ മക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്. ഇളയ മകളെ കൊലപ്പെടുത്തിയത് മൂത്ത മകളാണെന്നാണ് പെൺകുട്ടികളുടെ അമ്മയുടെ വെളിപ്പെടുത്തൽ. ശേഷം മൂത്ത മകൾ ആലേഖ്യ തന്നെ കൊല്ലാൻ യാജിച്ചതായും അമ്മ പത്മജ പറഞ്ഞു. പൊലീസ് മണിക്കൂറുകൾ ചോദ്യംചെയ്തിട്ടും പ്രതികൾ കുറ്റംനിഷേധിച്ച മാതാപിതാക്കൾ നടന്നതുകൊലപാതകമാണെന്ന് ഇനിയും വിശ്വസിച്ചിട്ടില്ല. മക്കൾ പുനർജനിക്കുമെന്ന വിശ്വാസത്തിലാണ് ഈ മാതാപിതാക്കൾ ഇപ്പോഴും.

ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് പുനർജനിക്കുമെന്ന വിശ്വാസ്തതിൽ 27ഉം 22 ഉം വയസ്സുള്ള പെൺമക്കളെ മാതാപിതാക്കൾ കൊലപ്പെടുത്തിയത്. ഭോപ്പാലിൽ പി.ജി. വിദ്യാർത്ഥിയായ ആലേഖ്യ, സംഗീത വിദ്യാർത്ഥിയായ സായി ദിവ്യ എന്നിവരാണ് കൊല്ലപ്പെട്ടത്. എന്നാൽ ഇളയ മകളെ കൊലപ്പെടുത്തിയത് മൂത്ത മകളാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇവർ ഇപ്പോൾ നടത്തിയിരിക്കുന്നത്. ശേഷം ആലേഖ്യ തന്നെയാണ് അവളെ കൊല്ലാൻ ആവശ്യപ്പെട്ടതെന്നുമാണ് അറസ്റ്റിലായ മാതാവ് പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ പൊലീസിന്റെ ചോദ്യംചെയ്യലും അന്വേഷണവും തുടരുകയാണ്.

കഴിഞ്ഞദിവസമാണ് പുനർജനിക്കുമെന്ന വിശ്വാസത്തിൽ യുവതികളെ മാതാപിതാക്കൾ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ അദ്ധ്യാപകദമ്പതിമാരായ പുരുഷോത്തം നായിഡുവിനെയും പത്മജയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉന്നത വിദ്യാഭ്യാസമുള്ള ഈ ദമ്പതികൾ നടത്തിയ കൊലപാതകം രാജ്യത്തെ തന്നെ നടുക്കത്തിലാക്കിയിരിക്കുകയാണ്. ഇതിനിടയിലാണ് മാതാപിതാക്കളുടെ പുതിയ വെളിപ്പെടുത്തൽ.

കൊലപാതകത്തിന് മുന്നെ മക്കളെ ഇരുവരും ബ്രെയിൻ വാഷ് ചെയ്തുകൊലയ്ക്ക് ഇരുവരുടെയും സഹകരണം ഉറപ്പാക്കിയിരുന്നു എന്നാണ് പൊലീസ് വിശദമാക്കുന്നത്. മക്കളുടെ അറിവോടെ തന്നെ പൂജ നടത്തിയ ശേഷം ഇവരുടെ സമ്മതത്തോടെ തന്നെ കൊലയും അരങ്ങേറിയെന്നാണ് റിപ്പോർട്ട്. സായി ദിവ്യയെ കൊലപ്പെടുത്തിയ ശേഷം തന്നെ കൊലപ്പെടുത്താൻ ആവശ്യപ്പെട്ട ആലേഖ്യ താൻ കൊല്ലപ്പെട്ട് കഴിഞ്ഞാൽ സായി ദിവ്യയുടെ ആത്മാവുമായി തനിക്ക് കൂടിച്ചേരാമെന്നും കലിയുഗം അവസാനിച്ച് തിങ്കളാഴ്ച സത്യയുഗം ആരംഭിക്കുമ്പോൾ സഹോദരിക്കൊപ്പം പുനർജനിക്കാമെന്നും ആലേഖ്യ പറഞ്ഞതായാണ് പത്മ പൊലീസിനോട് വെളിപ്പെടുത്തിയത്. അതേസമയം, ഈ മൊഴികളൊന്നും പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

കഴിഞ്ഞദിവസം കൊലപാതക വിവരമറിഞ്ഞ് പൊലീസ് വീട്ടിലെത്തിയപ്പോൾ പൊലീസിനെ തടയാൻ ശ്രമിച്ചത് പത്മജയായിരുന്നു. മൃതദേഹം നഗ്‌നമായ നിലയിലാണെന്നും പൊലീസിന് കാണാനാകില്ലെന്നുമായിരുന്നു ഇവരുടെ നിലപാട്. പൊലീസ് ഉദ്യോഗസ്ഥർ മൃതദേഹം കിടന്നിരുന്ന മുറിയിൽ പ്രവേശിക്കുമ്പോൾ ഇവരെ എതിർക്കുകയും ചെയ്തു. അന്ധവിശ്വാസം കൊണ്ട് തിമിരം ബാധിച്ച നിലയിലായിരുന്നു ഇരുവരും.

മൃതദേഹം കൊണ്ടുപോകരുതെന്നും തിങ്കളാഴ്ച വരെ കാത്തിരിക്കണമെന്നും ഇവരും ഭർത്താവും പൊലീസിനോട് പറഞ്ഞിരുന്നു. മക്കൾ തിങ്കളാഴ്ച ജീവനോടെ തിരികെ വരുമെന്നായിരുന്നു ദമ്പതിമാരുടെ വാദം. പൊലീസുകാർ ഷൂ ധരിച്ച് വീട്ടിൽ കയറിയതും ദമ്പതിമാരെ പ്രകോപിപ്പിച്ചു. വീട്ടിൽ എല്ലായിടത്തും ദൈവത്തിന്റെ സാന്നിധ്യമുണ്ടെന്നും ഷൂ ധരിച്ച് നടക്കരുതെന്നുമായിരുന്നു പദ്ജ പറഞ്ഞത്. പൂജാമുറിയിൽ പൊലീസുകാർ പ്രവേശിച്ചതിലും ഇവർ ദേഷ്യപ്പെട്ടു. പിന്നീട് മൃതദേഹം കിടന്നിരുന്ന മുറിയിലേക്ക് പൊലീസുകാർ പ്രവേശിച്ചപ്പോൾ പത്മജ ഉറക്കെ നിലവിളിക്കുകയും മുറിയിൽ കടക്കാനാകില്ലെന്ന് ആണയിട്ട് പറയുകയും ചെയ്തു. എന്നാൽ മറ്റൊന്നും ചെയ്യില്ലെന്നും, മുറിയിൽ കടന്ന് മൃതദേഹത്തെ വണങ്ങി തിരികെവരുമെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഇതോടെയാണ് ഇവർ ശാന്തരയാതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മക്കളെ കൊലപ്പെടുത്തിയതാണെന്ന് ദമ്പതിമാർ ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതികരണം. ആത്മീയതയുടെ പരകോടിയിലായ ദമ്പതിമാർ തങ്ങൾ ചെയ്തതുകൊലപാതകമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. ഇരുവരും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ പുരുഷോത്തം നായിഡുവിന് മക്കളുടെ അന്ത്യകർമങ്ങൾ നിർവഹിക്കാൻ കഴിഞ്ഞദിവസം അനുവാദം നൽകിയിരുന്നു.