ലണ്ടൻ: ബ്രിട്ടണിൽ എൻ എച്ച് എസിൽ പരീക്ഷിച്ച ഒരു പുതിയ മരുന്ന്, ലക്ഷണങ്ങളോടു കൂടിയ കോവിഡ് ബാധിക്കുന്നത് തടയുന്നതിൽ പൂർണ്ണമായും വിജയിച്ചതായ റിപ്പോർട്ടുകൾ പുറത്തുവരുന്നു. റീജെനെറോൺ ഫാരമസ്യുട്ടിക്കൽസ്എന്ന മരുന്നു നിർമ്മാതാക്കളാണ് ഈ വിവരം പുറത്തുവിട്ടത്.

കോവിഡ്-19 ബാധിച്ച സ്വന്തം കുടുംബാംഗങ്ങളുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നവരിലായിരുന്നു പരീക്ഷണം നടത്തിയത്. റീജെൻ-കോവ് എന്ന വ്യത്യസ്ത ആന്റിബോഡികളുടെ മിശ്രണമാണ് ചികിത്സയ്ക്കായി ഉപയോഗിച്ചത്. മാത്രമല്ല, ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിക്കുന്നത് തടയുന്നതിൽ ഇത് 50 ശതമാനം വരെ വിജയിച്ചു എന്നും അവർ അറിയിച്ചു.

നേരത്തേ അമേരിക്കയിൽ, 400 പേരിൽ പരീക്ഷിച്ച ഈ മരുന്നിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത് ബ്രിട്ടനിലെ 174 ആശുപത്രികളിലായി 2000 ത്തൊളം രോഗികളിൽ പരീക്ഷിച്ചപ്പോഴാണ്. ഇത് ഉപയോഗിക്കുമ്പോൾ ആശങ്കപ്പെടേണ്ടതായ സുരക്ഷാ പ്രശ്നങ്ങൾ ഒന്നുംതന്നെയില്ലെന്ന് ബ്രിട്ടനിലെ പരീക്ഷണങ്ങളിൽ പങ്കെടുത്ത, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രൊഫസർ പീറ്റർ ഹോർബി പറഞ്ഞു. ഇതിനായി ഉപയോഗിക്കുന്ന കൃത്രിമ ആന്റിബോഡികൾ കുറേയധികം കാലങ്ങളായി ഇവിടെയുള്ളതാണെന്നും, കാൻസർ പോലുള്ള രോഗങ്ങളുടെ ചികിത്സയിൽ ഇത് ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രോഗം തടയുവാൻ മാത്രമല്ല, രോഗ ചികിത്സയ്ക്കും ഇത് ഉപയോഗിക്കാം. ഇതുവരെ, ഗുരുതരമായതും അല്ലാത്തതുമായ കോവിഡ് ബാധിച്ച നാനൂറോളം രോഗികൾക്ക് ഇത് നൽകിയിട്ടുണ്ട്. ഇതുവരെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണശാലകളിലെ സെൽ കൾച്ചറുകളിൽ ഈ മരുന്നിന് വൈറസിനെതിരെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ചില കൃത്രിമ ജീവികളിൽ നടത്തിയ പരീക്ഷണങ്ങളിലും ഇത് ഫലപ്രദമാണെന്ന് തെളിഞ്ഞു.

രണ്ട് വ്യത്യസ്ത മോണോക്ലോണൽ ആന്റിബോഡികൾ ഒരുമിച്ചു ചേർത്താണ് ഈ മരുന്ന് ഉണ്ടാക്കിയിരിക്കുന്നത്. ഇത് വൈറാസിന്റെ ആവരണത്തിലുള്ള ഒരു പ്രോട്ടെനിനെ നിർവ്വീര്യമാക്കുന്നു. അങ്ങനെ അത് വൈറസ് ബാധ തടയുന്നു. നിലവിൽ പരോക്ഷമായ വാക്സിൻ ആയാണ് ഇത് പരീക്ഷിച്ചത്. പരമ്പരാഗത വാക്സിനുകളിൽ, അത് ലഭിച്ചവരുടെ ശരീരം, സ്വയം പ്രതിരോധത്തിനുള്ള ആന്റിബോഡികൾ നിർമ്മിക്കുമ്പോൾ, ഇവിടെ ആന്റിബോഡികൾ തന്നെ ശരീരത്തിലേക്ക് നേരിട്ട് നൽകുകയാണ്.

രോഗബാധ തടയുന്നതിനൊപ്പം, രോഗം ബാധിച്ചവരിൽ ചികിത്സയ്ക്കായും ഇത് ഉപയോഗിക്കാം എന്നാണ് ഈ രംഗത്തെ വിദഗ്ദരുടെ അഭിപ്രായം. ഇതിനോടൊപ്പം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മറ്റ് ആധുനിക ചികിത്സാ രീതികളും പരീക്ഷണങ്ങൾ കഴിഞ്ഞ് പ്രായോഗികതലത്തിലേക്ക് എത്തുന്നതോടെ കോവിഡ്-19 എന്ന മഹാമാരി, ചികിത്സിച്ചു ഭേദമാക്കാവുന്ന മറ്റൊരു രോഗം മാത്രമായി മാറുമെന്നാണ് എൻ എച്ച് എസ് മേധാവി സർ സൈമൺ സ്റ്റീവൻസൺ പറയുന്നത്. ആറു മാസം മുതൽ പതിനെട്ട് മാസം വരെ പക്ഷെ, ഇതിനായി സമയമെടുത്തേക്കാം.

വാക്സിൻ, ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ചികിത്സാ രീതികൾ എന്നിവ ഒന്നിച്ച്, സമീപഭാവിയിൽ തന്നെ മനുഷ്യകുലത്തിന് ഒരു സാധാരണ ജീവിതം നൽകുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. പൊതുസഭയിലെ ഹെൽത്ത് സെലക്ട് കമ്മിറ്റിക്ക് മുൻപാകെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അടുത്ത ശൈത്യകലത്തിനു മുൻപായി കോവിഡ് വാക്സിനും ഫ്ളൂ വാക്സിനും സംയോജിപ്പിച്ച് ഒരൊറ്റ വാക്സിനായി നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ വൈറസിനൊപ്പം തന്നെ നമുക്ക് സാധാരണ ജീവിതം നയിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.