ബ്രിട്ടണിലെ യോർക്കിലെ ന്യുകാസിൽ ആശുപത്രിയിൽ രണ്ട് പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ട്, ഈ വരുന്ന ജനുവരി 31 ഞായറാഴ്‌ച്ച ഒരു വർഷം തികയുകയാണ്. അതായിരുന്നു ബ്രിട്ടനിലെ ആദ്യത്തെ കോവിഡ് ബാധിതർ.പിന്നീട് കൊറോണയെന്ന മാരക വൈറസ് ബ്രിട്ടനിലാകെ കൊടുങ്കാറ്റായി ആഞ്ഞടിക്കുകയായിരുന്നു. മൂന്ന് ലോക്ക്ഡൗണുകൾ, ആവ്യ്ക്കിടയിലെ നിയന്ത്രണങ്ങൾ തുടങ്ങിയവയ്ക്കൊന്നും തടഞ്ഞു നിർത്താനാകാതെ ആ തേരോട്ടമ്മ് തുടർന്നു കൊണ്ടേയിരിക്കുന്നു.

ആദ്യമായി ബ്രിട്ടനിൽ രോഗബാധ സ്ഥിരീകരിച്ചതിനു ശേഷം ഇതുവരെ 36, 89,746 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ, 3,75,000 പേരാണ് ചികിത്സതേടി വിവിധ ആശുപത്രികളിലെത്തിയത്. ഇന്നലെ 1,631 കോവിഡ് മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ ഇതുവരെ ബ്രിട്ടനിൽ കോവിഡിന് കീഴടങ്ങി മരണമടഞ്ഞവരുടെ എണ്ണം 1,00,162 ആയി. ഇതോടെ കോവിഡ് മരണങ്ങൾ 1 ലക്ഷം കവിയുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ബ്രിട്ടൻ. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ് ഇതിനു മുൻപ് 1 ലക്ഷത്തിലേറെ പേർ മരണമടഞ്ഞിട്ടുള്ളത്.

ഇത് ഒരു ദേശീയ ദുരന്തമാണെന്നായിരുന്നു ലേബർ പാർട്ടി നേതാവ് സർ കീർ സ്റ്റാർമറുടെ പ്രതികരണം. അതേസമയം, ഈ മഹാമാരിക്ക് കീഴടങ്ങി മരണംവരിച്ചവരുടെ കുടുംബങ്ങളോട് തന്റെ അനുശോചനം അറിയിച്ച ബോറിസ് ജോൺസൺ, ഇക്കാര്യത്തിൽ സർക്കാർ കൈക്കൊണ്ട നടപടികളുടെയെല്ലാം പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായി അറിയിച്ചു. ഇത് മുൻപൊരിക്കലും രാജ്യം അഭിമുഖീകരിക്കാത്ത തരത്തിലുള്ള ഒരു പ്രതിസന്ധിയാണ്. ഇതിനെ തരണം ചെയ്യുവാൻ സാധ്യമായതെല്ലാം ചെയ്തു എന്നും ഇനിയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ദുരന്തവാർത്തയ്ക്കിടയിലുമ്പ്രത്യാശയുടെ ഒരു ചെറിയ കിരണമായി രോഗവ്യാപന നിരക്ക് മൂന്നാഴ്‌ച്ച മുൻപുണ്ടായിരുന്നതിന്റെ മൂന്നിലൊന്നായി കുറഞ്ഞു എന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇന്നലെ 20,089 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്.രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും ചികിത്സതേടി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം വർദ്ധിച്ചു തന്നെ വരികയാണെന്നാണ് പ്രൊഫസർ വിറ്റി പറയുന്നത്. അതുകൊണ്ടുതന്നെ ലോക്ക്ഡൗൺ നീക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കാൻ പോലും സാധിക്കില്ലെന്നും അദ്ദേഹം തുടർന്നു.

അതേസമയം, സർക്കാരിന്റെ വാക്സിനേഷൻ പദ്ധതി വീണ്ടും മന്ദഗതിയിലായി. ഫെബ്രുവരി പകുതിയോടെ 15 ദശലക്ഷം പേർക്ക് വാക്സിന്റെ ആദ്യ ഡോസ് നൽകുമെന്ന വാഗ്ദാനം പാലിക്കുവാൻ പ്രതിദിനം4 ലക്ഷം പേർക്കെങ്കിലും വാക്സിൻ നൽകണം. എന്നാൽ, ഇന്നലെ കേവലം 2,79,757 പേർക്ക് മാത്രമാണ് വാക്സിൻ നൽകിയത്. രോഗവ്യാപനമ്കുറയുന്നുണ്ടെങ്കിലും വരുന്ന ഏതാനും ആഴ്‌ച്ചകളിൽ കൂടി ഉയർന്ന മരണനിരക്ക് ദൃശ്യമാകുമെന്നാണ് ഈ രംഗത്തെ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്. രോഗം ബാധിച്ച ഒരു രോഗി, അത് മൂർഛിച്ച്, മരണത്തിലെത്താൻ ആഴ്‌ച്ചകൾ വേണ്ടിവന്നേക്കും എന്നതിനാലാണിത്.

ഇന്നലെ ബോറിസ് ജോൺസൺ ഏറെ വികാരാധീനനായിട്ടായിരുന്നു മാധ്യമങ്ങളെ സമീപിച്ചത്. മരണസംഖ്യ 1 ലക്ഷം കടന്നു എന്നത് ഞെട്ടിക്കുന്ന കാര്യമാണെന്ന് പറഞ്ഞ അദ്ദേഹം, മരണനിരക്ക് പിടിച്ചു നിർത്തുവാൻ സാധ്യമായതെല്ലാം താനും തന്റെ സർക്കാരും ചെയ്തുവെന്നും പറഞ്ഞു. മരണമടഞ്ഞ ഓരോ വ്യക്തിയും ഒരു പിതാവോ, മാതാവോ, സഹോദരനോ, സഹോദരിയോ, പുത്രനോ, പുത്രിയോ ഒക്കെ ആയിരുന്നു. അവരുടെ നഷ്ടം കുടുംബാംഗങ്ങൾക്ക് താങ്ങാവുന്നതിനപ്പുറമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

പലർക്കും, ഉറ്റവരുടെ ശരീരം അവസാനമായി ഒരുനോക്കു കാണുവാനുള്ള അവസരം പോലും ലഭിച്ചില്ല. ഇത് ഏറെ വേദനപ്പെടുത്തുന്ന ഒന്നാണ്. ഏതായാലും സമാനതകളില്ലാത്ത ഈ ദുരന്തത്തിൽ നിന്നുള്ള മോചനത്തിന്റെ സൂചനയായി വാക്സിൻ എത്തിച്ചേര്ന്നു എന്നും അദ്ദേഹം പറഞ്ഞു. ജീവൻ നഷ്ടപ്പെട്ടവരെ ഓർക്കാൻ രാജ്യം ഒന്നിച്ചു നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ മഹാമാരിക്കെതിരെയുള്ള യുദ്ധത്തിൽ ധീരരായി, മുൻനിരയിൽ നിന്നും പടനയിക്കുന്നവരെ ആദരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.