ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകർ തലസ്ഥാനത്ത് ട്രാക്ടർ റാലി സംഘടിപ്പിച്ചപ്പോൾ പങ്കാളികളായി നിരവധി സ്ത്രീകളും. കുഞ്ഞുങ്ങളെയും മടിയിൽ വെച്ച് കയ്യിൽ ദേശിയ പതാകയും ഏന്തിയാണ് സ്ത്രീകൾ ട്രാക്ടറുകളുമായി തെരുവു കീഴടക്കിയത്. പ്രതിഷേധത്തിന്റെ സ്വരം ഉയർത്തി അനേകം സ്ത്രീകളാണ് എത്തിയത്. മാസങ്ങൾക്ക് മുമ്പേ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ടാക്ടർ ഓടിക്കാനായി സ്ത്രീകൾക്ക് പരിശീലനം നൽകിയിരുന്നു.

പൊലീസിന്റെ ബാരിക്കേഡിനെയും സകല പ്രതിസന്ധികളെയും മറികടന്ന് കർഷകരുടെ ട്രാക്ടറുകൾ തലസ്ഥാന വീഥികളിലൂടെ മാർച്ച് ചെയ്യുന്നു. 72-ാമത് റിപ്പബ്ലിക്ക് ദിന പരേഡിന് സമാന്തരമായാണ് അമ്പരിക്കുന്ന ജന പങ്കാളിത്തത്തോടെ കർഷകർ ഡൽഹിയിലേക്ക് എത്തിയത്. പതിനായിരത്തിലേറെ കർഷകരാണ് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലേക്ക് മാർച്ച് ചെയ്തത്.

ത്രികിയിൽ 15 കിലോമീറ്ററുകളോളം ദൂരത്തിൽ ടാക്ടറുകൾ അതിർത്തി കടക്കാനായി കാത്തുനിൽക്കുന്നുണ്ട്. കർഷക സംഘടനകൾ നിയോഗിച്ച വാളന്റിയർമാരാണ് റാലിയെ നിയന്ത്രിക്കുന്നത്. റോഡുകളുടെ ഇരുവശവും കർഷകർക്ക് അഭിവാദ്യം അർപ്പിക്കാനായി ജനങ്ങൾ തടിച്ചുകൂടിയിട്ടുണ്ട്. ബൈക്കുകളിലും കാറുകളിലും കാൽനട ജാഥയായും ആയിരക്കണക്കിന് കർഷകർ ട്രാക്ടർ റാലിയെ അനുഗമിക്കുന്നുണ്ട്.

ആറുമണിക്കുള്ളിൽ ഡൽഹി വിടണമെന്നാണ് പൊലീസ് നൽകിയ നിർദ്ദേശം. എന്നാൽ ആറുമണി ആയാൽ പോലും തയ്യാറായി നിൽക്കുന്ന ട്രാക്ടറുകൾ ഡൽഹിയിൽ എത്തിച്ചേരില്ല. ബാരിക്കേഡുകൾ നീക്കി മുന്നോട്ടുനീങ്ങിയ കർഷകർക്ക് നേരെ ചിലയിടങ്ങളിൽ കണ്ണീർവാതകം പ്രയോഗിച്ചു. അനുമതി നൽകിയതിലും പതിന്മടങ്ങ് ട്രാക്ടറുകളാണ് ഡൽഹിയിലേക്ക് എത്തുന്നത്. പലയിടത്തും സംഘർഷമുണ്ടായതായി റിപ്പോർട്ടുണ്ട്. പൊലീസും കർഷകരും തമ്മിൽ പലയിടങ്ങളിലും ഏറ്റുമുട്ടി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.