മലപ്പുറം; പശ്ചിമബംഗാൾ സ്വദേശി പുഴയിൽ മുങ്ങി മരിച്ചു. മലപ്പുറം മമ്പാട് ടാണയിലെ ഫർണിച്ചർ നിർമ്മാണ ശാലയിലെ തൊഴിലാളിയായ പശ്ചിമബംഗാൾ സ്വദേശി 29 വയസ്സുള്ള പദംകുമാർ ഭട്ടാറായിയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചര മണിയോടെയാണ് അപകടമുണ്ടായത്. മമ്പാട് ഓടായിക്കൽ റഗുലേറ്റർ കംബ്രിഡ്ജിന് സമീപത്ത് ചാലിയാർ പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. അഞ്ചര മണിയോടെയാണ് മൂന്ന് പേർ ചേർന്ന് കുളിക്കാൻ പുഴയിലെത്തിയത്.

ആറ് മണിയോടെ കൂടെയുണ്ടായിരുന്ന രണ്ട് പേർ പദംകുമാറിനെ കാണാനില്ലെന്ന് തൊഴിലുടമയെ വിളിച്ച് അറിയിക്കുകയായിരുന്നു. പിന്നീട് തൊഴിലുടമ അറിയിച്ചതനുസരിച്ച് നാട്ടുകാരും എമർജൻസി റസ്‌ക്യൂ ഫോഴ്സും നിലമ്പൂരിൽ നിന്നുള്ള ഫയർഫോഴ്സും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു. ഒരു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. ഓടായിക്കൽ പാലത്തിന് സമീപത്ത് നിന്നും അര കിലോമീറ്റർ താഴെയാണ് മൂന്ന് പേരും ചേർന്ന് കുളിക്കാനിറങ്ങിയത്.

ജോലി കഴിഞ്ഞ് സ്ഥിരമായി ഇവർ ഈ ഭാഗങ്ങളിൽ കുളിക്കാൻ വരാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മണലെടുത്ത കുഴികൾ മുങ്ങിയതാകാം അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. മമ്പാട് പഞ്ചായത്ത് പുള്ളിപ്പാടം വില്ലേജ് പരിധിയിലാണ് അപകടമുണ്ടായത്. മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി.