കൊച്ചി: 2019ൽ തൃശ്ശൂർ കേന്ദ്രീകരിച്ച് നടന്ന കസ്റ്റംസ് പ്രിവന്റീവിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണവേട്ടയിൽ ഉടൻ കുറ്റപത്രം നൽകും. കേസിൽ അന്വേഷണം പൂർത്തിയായതായി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ പറഞ്ഞു. കുറ്റപത്രം നൽകുന്നതിന് മുന്നോടിയായി പ്രതിചേർക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസ് കുറ്റാരോപിതർക്ക് നൽകി. നിലവിൽ 20 പേർ അറസ്റ്റിലായ കേസിൽ നൂറുപേർ കുറ്റാരോപിതരാണ്. ഇതിൽ മഹാരാഷ്ട്ര സ്വദേശി തൃശ്ശൂരിൽ വ്യാപാരം നടത്തിയിരുന്ന രാജു സേഠ് മരിച്ചു.

തൃശ്ശൂർ കേന്ദ്രീകരിച്ച് 2019 ഒക്ടോബർ 16-ന് ആണ് കസ്റ്റംസ് ചരിത്രത്തിലെ വലിയ റെയ്ഡ് നടന്നത്. 45 കോടി രൂപയുടെ 123 കിലോ സ്വർണം, 1.04 കോടി രൂപ, 1900 അമേരിക്കൻ ഡോളർ, രണ്ടുവാഹനങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. തൃശ്ശൂരിലെ ചേർപ്പ്, ഊരകം, വല്ലച്ചിറ, ഒല്ലൂർ, മണ്ണുത്തി എന്നിവിടങ്ങളിലെ സ്വർണപ്പണിക്കാരുടെ വീടുകളിലായിരുന്നു റെയ്ഡ്. ചില ജൂവലറികളും ഇതിലുൾപ്പെടുന്നു. തൃശ്ശൂരിലെ റെയ്ഡിന്റെ തുടർച്ചയായി കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകയിലും റെയ്ഡ് നടന്നിരുന്നു. നാല് കിലോ സ്വർണം മധുരയിൽ നിന്നും ചെന്നൈയിൽ നിന്നുമായി കണ്ടെടുത്തു. ഇരുനൂറിലധികം കസ്റ്റംസ് ഓഫീസർമാരാണ് റെയ്ഡിൽ പങ്കെടുത്തത്.

സ്വർണവേട്ടയുമായി ബന്ധപ്പെട്ട് 20 പേരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. മൂന്ന് ചാർട്ടേഡ് അക്കൗണ്ടന്റുമാർ, രണ്ട് ടാക്‌സ് കൺസൾട്ടന്റുമാർ എന്നിവർ ഉൾപ്പടെ നൂറു കുറ്റാരോപിതരാണ് കേസിലുള്ളത്. കള്ളക്കടത്ത് സ്വർണം നികുതി രേഖകളിൽ കൃത്രിമം കാണിച്ച് നിയമവഴിയിലൂടെ വിൽക്കാൻ ശ്രമം നടന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. സ്വർണവ്യാപാര മേഖലയ്ക്ക് ഇ-വേ ബിൽ ഒഴിവാക്കി നൽകിയതും സംഘം ദുരുപയോഗം ചെയ്തു.

സ്വർണം വാങ്ങിയതിന്റെയും വിറ്റതിന്റെയും കൃത്രിമ നികുതിരേഖകൾ ഉണ്ടാക്കി പഴയ തീയതി രേഖപ്പെടുത്തി സ്വർണപണിക്കാർക്കുള്ള സ്വർണമെന്നനിലയിലും കൊണ്ടുപോയിരുന്നു. ഇത്തരത്തിൽ സ്വർണം വിറ്റ് ജി.എസ്.ടി. റിട്ടേൺ വരെ നൽകി നിയമപരമായ സ്വർണമാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു സംഘം.