ബ്രിട്ടന് വേണ്ടി നിർമ്മിച്ച മില്ല്യൺ കണക്കിന് കൊറോണാ വൈറസ് വാക്‌സിനുകൾ യൂറോപ്പിൽ വിതരണം ചെയ്യുവാൻ ബ്രസ്സൽസ് നിർമ്മാതാക്കളായ അസ്ട്രനെനെക്കയുടെ മേൽ സമ്മർദ്ദം ചെലുത്തുകയാണ്. എന്നാൽ തങ്ങൾ യൂറോപ്യന്യുണിയന്റെ സമ്മർദ്ദത്തിന് വഴങ്ങുകയില്ലെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കിക്കഴിഞ്ഞു. സ്റ്റഫോർഡ്ഷയറിലും ഓക്‌സ്‌ഫോർഡ്ഷയറിലും നിർമ്മിക്കുന്ന ഓക്‌സ്‌ഫോർഡ് വാക്‌സിനുകൾ, നിലവിൽ യൂറൊപ്പിലുള്ള വാക്‌സിൻ ക്ഷാമം പരിഹരിക്കുന്നതിനായി യൂറോപ്പിലേക്ക് അയയ്ക്കണം എന്നതായിരുന്നു യൂറോപ്യൻ യൂണിയൻ നേതാക്കളുടെ ആവശ്യം.

ബെൽജിയം യൂണിറ്റിലെ പ്രശ്‌നങ്ങൾക്കിടയിലും കരാറിലെ വ്യവസ്ഥകൾ പാലിക്കുവാൻ കമ്പനിക്ക് ബാദ്ധ്യതയുണ്ടെന്നാണ് യൂറോപ്യൻ കമ്മീഷ വ്യക്തമാക്കിയത്. യൂറോപ്യൻ യൂണിയൻ വാക്‌സിൻ നിർമ്മാതാക്കളുമായി കരാറിൽ ഏർപ്പെടുന്നതിനും മൂന്ന് മാസങ്ങൾക്ക് മുൻപ് തന്നെ ബ്രിട്ടൻ ഇവരുമായി കരാറിൽ ഏർപ്പെട്ടിരുന്നു. എന്നിരുന്നാലും ബ്രിട്ടന് മുൻഗണന നൽകരുതെന്നാണ് യൂറോപ്യൻ യൂണിയൻ ഹെൽത്ത് കമ്മീഷണർ ആവശ്യപ്പെടുന്നത്. ആദ്യം വരുന്നവർക്ക് ആദ്യം നൽകുക എന്നത് ഇറച്ചിവിൽക്കുന്ന കടകളിൽ നടപ്പിലാക്കാവുന്ന നയമാണ്. വാക്‌സിൻ വിതരണത്തിനുള്ള കരാറിൽ അത് പറ്റില്ലെന്നാണ് അവരുടെ നിലപാട്.

യൂറോപ്യൻ യൂണിയൻ അധികൃതരുമായി വളരെ അടുത്ത ഏകോപനം അസ്ട്രസെനെക്ക നടത്തുന്നുണ്ടെങ്കിലും അവർ തങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്. വാക്‌സിൻ നിർമ്മാണത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിലുള്ള സങ്കീർണ്ണതകൾ അവർ യൂറോപ്യൻ യൂണിയൻ നേതാക്കളെ ബോദ്ധ്യപ്പെടുത്തുന്നുണ്ട്. മാത്രമല്ല, മഹാവ്യാധിക്കാലത്ത്, യൂറോപ്പിലാകമാനം, ലാഭമെടുക്കാതെയാണ് തങ്ങൾ വാക്‌സിൻ വിതരണം ചെയ്യുന്നതെന്നും അവർ ഓർമ്മിപ്പിക്കുന്നു. ഇതുസംബന്ധിച്ച് ഇന്നലെ യൂറോപ്യൻ യൂണിയൻ വാക്‌സിൻ സ്റ്റിയറിങ് ബോർഡ് അംഗങ്ങളുമായി കമ്പനി സി ഇ ഒ പാസ്‌കൽ സോറിയോട്ട് കൂടിക്കാഴ്‌ച്ച നടത്തുകയും ചെയ്തിരുന്നു.

ബ്രിട്ടന് ഈ വർഷത്തെ ലക്ഷ്യം പൂർത്തീകരിക്കാൻ ആവശ്യമായ വാക്‌സിൻ സ്റ്റോക്ക് ഉണ്ട് എന്ന വാർത്തകൾക്കിടയിലാണ് ഈ തർക്കവും പുറത്തുവരുന്നത്. അതുകൊണ്ടുതന്നെ യൂറോപ്യൻ യൂണിയന് ഇനി മുൻഗണന നൽകണമെന്ന് അവർ ആവശ്യപ്പെടുന്നു. ഒരു രാഷ്ട്രീയ പ്രതികാരം എന്ന നിലയിൽ ബ്രിട്ടനിലേക്കുള്ള വാക്‌സിൻ വിതരണം ബ്രസ്സൽസ് തടയുമോ എന്ന ഭയം കമ്പനി വൃത്തങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. അത്തരത്തിലൊന്ന് സംഭവിച്ചാൽ അത് മനുഷ്യാവകാശ ലംഘനമായിരിക്കും എന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, വാക്‌സിൻ ലഭ്യത ഇപ്പോൾ ബ്രിട്ടനും യൂറോപ്യൻ യൂണിയനുമായുള്ള മറ്റൊരു വാക്‌പോരിന് കളമൊരുക്കുകയാണ്. യൂറോപ്യൻ യൂണിയന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ബ്രിട്ടൻ കഷ്ടപ്പെടേണ്ടിവരുമെന്ന് ഒരു പ്രമുഖ ജർമ്മൻ എം പി മുന്നറിയിപ്പ് നൽകി. ജർമ്മനിയിലെ ഭരണകക്ഷി എം പി ആയ പീറ്റർ ലീസി, മുന്നറിയിപ്പ് നൽകുക മാത്രമല്ല, ബ്രിട്ടനിലേക്കുള്ള വാക്‌സിൻ ഗതാഗതം തടയണമെന്നും ആവശ്യപ്പെട്ടു. അതേസമയം, തങ്ങളുടെ കരാറിൽ തങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും, പറഞ്ഞ സമയത്ത് തന്നെ വാക്‌സിൻ ലഭിക്കുമെന്നും പൂർണ്ണ വിശ്വാസം പ്രകടിപ്പിക്കുകയാണ് ബോറിസ് ജോൺസൺ.

അസ്ട്രസെനെക്കയുടെ ബെൽജിയം പ്ലാന്റിലെ ചില പ്രശ്‌നങ്ങൾ കാരണം യൂറോപ്യൻ യൂണിയന് അവർ ഏപ്രിലിൽ ലഭിക്കുമെന്ന് പ്രതീക്ഷിച്ചതിന്റെ കാൽ ഭാഗം ഡോസുകൾ മാത്രമേ നൽകാനാകു എന്ന് അസ്ട്രസെനെക്ക കഴിഞ്ഞദിവസം യൂറോപ്യൻ യൂണിയനെ അറിയിച്ചിരുന്നു. ഇക്കര്യത്തിൽ അതീവ വിഷമമുണ്ടെന്നും എന്നാൽ, ബ്രിട്ടനിലേക്കുള്ള ഡോസുകൾ യൂറോപ്യൻ യൂണിയന് നൽകുന്നതിനോട് യോജിക്കാൻ കഴിയില്ലെന്നുമാണ് ബ്രിട്ടന്റെ നിലപാട് ഓക്‌സ്‌ഫോർഡിലേയും ന്യു കാസിലിലേയും കമ്പനികൾ ബ്രിട്ടനുമായി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള ഡോസുകൾ നൽകിക്കഴിഞ്ഞതിനു ശേഷം മാത്രമേ മറ്റു രാജ്യങ്ങൾക്ക് നൽകുകയുള്ളു എന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മെയ്‌ മാസത്തിലാണ് ഓക്‌സ്‌ഫോർഡ് വികസിപ്പിച്ചെടുത്ത വാക്‌സിന്റെ 100 മില്ല്യൺ ഡോസുകൾക്ക് അസ്ട്രസെനെക്കയ്ക്ക് ബ്രിട്ടൻ ഓർഡർ കൊടുത്തത്. അതുകഴിഞ്ഞ് മൂന്ന് മാസങ്ങൾക്ക് ശേഷം ആഗസ്റ്റിലാണ് യൂറോപ്യൻ യൂണീയൻ 400 മില്ല്യൺ ഡോസുകൾക്ക് ഓർഡർ നൽകുന്നത്. ഇത് യൂറോപ്പിലെ രണ്ട് നിർമ്മാണ യൂണിറ്റുകളിലും ബ്രിട്ടനിലെ രണ്ട് നിർമ്മാണ യൂണിറ്റുകളിലുമായാണ് നിർമ്മിക്കേണ്ടത്. ഈ വർഷം ആദ്യം നൽകേണ്ട ഡോസുകളുടെ അളവിൽ 75 മില്ല്യൺ ഡോസുകളുടെ കുറവുണ്ടായതാണ് പ്രശ്‌നങ്ങൾക്ക് കാരണം.