ഹാക്കർമാരുടെ ഉപദ്രവം ഒഴിവാക്കുവാനും സുരക്ഷ വർദ്ധിപ്പിക്കുവാനുമായി ഏറ്റവും പുതിയ ഐ ഒ എസ് 14.4 ഉപയോഗിക്കുവാനും ഫോണുകൾ അപ്ഡേറ്റ് ചെയ്യുവാനും ആപ്പിൾ അവരുടെ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു. കോർ ഓപ്പറേറ്റിങ് സിസ്റ്റമായ കെർണലിലും സഫാരി പ്രവർത്തിക്കുന്ന ബ്രൗസർ എഞ്ചിനായ വെബ്കിറ്റിലും രണ്ട് ബഗ്ഗുകൾ കാണപ്പെട്ടതിനെ തുടർന്നാണിത്. ആപ്പിളിന്റെ സപ്പോർട്ട് പേജിലാണ് സാങ്കേതികരംഗത്തെ ഭീമന്മാർ ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കെർണലിൽ കണ്ടപ്പെട്ട ബഗ്ഗ് ''റേസ് കണ്ടീഷൻ'' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇതിന് സംശയാസ്പദമായ ആപ്ലികേഷനുകൾക്ക് മുൻഗണന നൽകി ഉയർത്തിക്കൊണ്ടുവരാൻ സാധിക്കും. എന്നാൽ, അപ്ഡേറ്റിനൊപ്പമുള്ള മെച്ചപ്പെട്ട ലോക്കിങ് സംവിധാനത്തിന് ഇതിനെ പൂട്ടാൻ കഴിയും എന്നാണ് കമ്പനി പറയുന്നത്. അതുപോലെത്തന്നെ ഇതിലുള്ള മെച്ചപ്പെട്ട നിയന്ത്രണ സംവിധാനങ്ങൾക്ക് വെബ്കിറ്റുമായി ബന്ധപ്പെട്ട പ്രശ്നവും പരിഹരിക്കാൻ കഴിയും. എന്നാൽ, അപ്ഡേറ്റ് ചെയ്യാതിരുന്നാൽ ദൂരെയിരുന്നു തന്നെ ഹാക്കർമാർക്ക് നിങ്ങളുടെ ഫോൺ ആക്സസ് ചെയ്യാൻ സാധിക്കുമെന്നുമാപ്പിൾ വക്താവ് പറയുന്നു.

അപ്പിൾ വിരളമായി മാത്രമേ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി സാമൂഹ്യ വിരുദ്ധർക്ക് ഉപയോഗിക്കാൻ കഴിയുന്ന സാങ്കേതിക പിഴവുകളെ കുറിച്ച് പരസ്യമായി പറയാറുള്ളു. എന്നാൽ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്‌ച്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടുന്നത് ആരായാലും കമ്പനി ചൂണ്ടിക്കാട്ടാറുണ്ട്. അജ്ഞാതനായ ഒരു ഗവേഷകനാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള പിഴവുകൾ ചൂണ്ടിക്കാട്ടിയതെന്നാണ് ആപ്പിളിന്റെ വെബ്സൈറ്റിൽ പറയുന്നത്.

ഈ ബഗ്ഗുകളെ തളയ്ക്കുന്നതിനു പുറമേ കീബോർഡിലെ ലാഗ് ഒഴിവാക്കുവാനും വളരെ ചെറിയ ക്യു ആർ കോഡുകൾ വായിക്കുവാനും ഈ അപ്ഡേഷൻ വഴി സാധിക്കും. അപ്പിൾ എല്ലാക്കാലത്തും അഭിമാനിക്കുന്ന ഒന്നാണ് അവരുടെ സാങ്കേതിക മികവും സുരക്ഷയും. എന്നാൽ സാങ്കേതിക വിദ്യ, അത് എത്ര മികച്ചതാണെങ്കിലും പ്രശ്നങ്ങൾക്ക് അതീതമല്ലെന്നതാണ് സത്യം. 2019- ൽ ഗൂഗിളിന്റെ പ്രൊജക്ട് സീറോ ഐ മെസേജിലുള്ള നിരവധി സുരക്ഷാ വീഴ്‌ച്ചകൾ പുറത്തുകൊണ്ടുവന്നിരുന്നു. ഇതിൽ ചിലത് ഹാക്കർമാർക്ക് ചില കോഡുകൾ ടേക്സ്റ്റ് മെസേജ് ആയി അയച്ച് പ്രസ്തുതഫോണിലേക്ക് ആക്സസ് ലഭിക്കുവാൻ സഹായിക്കുന്നവയായിരുന്നു.

മറ്റൊരു ബഗ്ഗ്, ഫോണിന്റെ മെമ്മറിയിൽ ഹാക്കർമാർക്ക് ആക്സസ് നൽകി വിവരങ്ങൾ ശേഖരിക്കാൻ സഹായിക്കുന്നതുമായിരുന്നു. എന്നാൽ, ആ വാർത്ത തെറ്റിദ്ധാരണ ജനിപ്പിക്കുന്നതും കൃത്യമല്ലാത്തതുമാണെന്ന് പറഞ്ഞ് ആപ്പിൾ തള്ളിക്കളയുകയായിരുന്നു. ഗൂഗിൾ പുറത്തുകൊണ്ടുവന്നു എന്ന് പറയപ്പെടുന്ന സുരക്ഷാ വീഴ്‌ച്ചകൾ ഒരു ഡസനിൽ താഴെ വെബ്സൈറ്റുകളെ മാത്രം ബാധിച്ച ഒന്നായിരുന്നു എന്നും അവയിൽ അധികവും ചൈനയിലെ ന്യുനപക്ഷക്കാരായ ഉയിഗൂർ മുസ്ലീങ്ങളുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളുമാണെന്നായിരുന്നു ആപ്പിൾ വക്താവ് പ്രതികരിച്ചത്.

അടുത്തകാലത്ത് ഐഫോൺ 12 മായി ബന്ധപ്പെട്ട ഒരു മുന്നറിയിപ്പും ആപ്പിൾ കമ്പനി നൽകിയിരുന്നു. പേസ്മേക്കർ ഉപയോഗിക്കുന്നവർ ഐഫോൺ തങ്ങളുടെ നെഞ്ചിനോട് ചേർത്ത് സൂക്ഷിക്കരുത് എന്നതായിരുന്നു ആ മുന്നറിയിപ്പ്. ഇവരുടെ ഉപകരണങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത് മാഗ്സേഫ് എന്നറിയപ്പെടുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ്.

ഇത് ഇവയിലെ വയർലെസ്സ് ചാർജർ, വാലറ്റ് എന്നിവയെ ഫോണീന്റെ പിൻഭാഗവുമായി ചേർത്തു നിർത്തുന്നത് ഈ മാഗ്‌നറ്റുകളാണ്. കഴിഞ്ഞ ഒക്ടോബറിൽ റിലീസ് ചെയ്ത ഐഫോൺ 12 ൽ വൈദ്യൂത കാന്തിക തരംഗങ്ങൾ വികിരണംചെയ്യുന്ന ഭഗങ്ങൾ ഉണ്ട്.