വൈക്കം: വീട്ടു വളപ്പിൽ കുഴഞ്ഞു വീണു മരിച്ച പ്രഫഷനൽ നാടകകൃത്തും നടനുമായ ആലത്തൂർ മധുവിന് ആദരാഞ്ജലികളുമായി നാടക ലോകം. 54കാരനായ മധുവിനെ ഇന്നലെ രാവിലെ വൈക്കം തലയാഴം വടക്കേ ആലത്തൂരിൽ വീടിനും പുരയിടത്തിൽ തന്നെയുള്ള ശുചിമുറിക്കും ഇടയിൽ അബോധാവസ്ഥയിൽ കണ്ടെത്തുക ആയിരുന്നു. ഉടൻ തന്നെ സമീപവാസികളുടെ സഹായത്തോടെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്നലെ പുലർച്ചെ 5.30-ന് ശുചിമുറിയിൽ പോയ മധു കുഴഞ്ഞു വീണതാകാമെന്നു കരുതുന്നതായി ബന്ധുക്കൾ പറഞ്ഞു. കേരളത്തിലെ വിവിധ ട്രൂപ്പുകൾക്കായി 70ഓളം നാടകങ്ങൾ രചിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും മികച്ച വിജയമായിരുന്നു. കൊല്ലം ചൈതന്യയ്ക്കായി മധു രചിച്ച് ഉഷാ ഉദയൻ സംവിധാനം ചെയ്ത അർച്ചന പൂക്കൾ എന്ന നാടകത്തിനു 1996-97 കാലഘട്ടത്തിലെ മികച്ച നാടകകൃത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.

കൊല്ലം ചൈതന്യ, തൃപ്പൂണിത്തുറ സൂര്യ, ചേർത്തല ഷൈലജ തിയറ്റേഴ്സ്, തിരുവനന്തപുരം സാരഥി, തിരുവനന്തപുരം സ്വദേശാഭിമാനി തുടങ്ങിയ പ്രമുഖ നാടക ട്രൂപ്പുകൾക്കായി എഴുപതോളം നാടകങ്ങൾ രചിച്ചു. തൃപ്പൂണിത്തുറ സൂര്യ തീയറ്റേഴ്‌സിന് അയോധ്യാകാണ്ഡം എന്ന നാടകം രചിച്ചാണ് മധു കലാരംഗത്തേക്ക് കടന്നുവരുന്നത്. 2011ൽ പക്ഷാഘാതത്തെ തുടർന്ന് തളർന്നതോടെ മധു കലാരംഗത്ത് നിന്നും വിട്ടു നിൽക്കുകയായിരുന്നു.

ഭാര്യ: നാടക നടി അംബുജം. എരുമേലി ചക്കിട്ടയിൽ കുടുംബാംഗം. മക്കൾ; ഗോപിക, അർച്ചന. മരുമക്കൾ: ശ്രീജിത്ത്, ഷിബു. സംസ്‌കാരം നടത്തി.