- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റൊരു വാക്സിൻ പരീക്ഷണം കൂടി ബ്രിട്ടനിൽ വിജയിച്ചു; അമേരിക്കൻ കമ്പനിയായ നോവാവാക്സിന്റെ ക്ലിനിക്കൽ ട്രയലിൽ 90 ശതമാനം വിജയ സാധ്യത; കോവിഡിനെ ആദ്യം കീഴടക്കുന്ന രാജ്യമാകാൻ ഒരുങ്ങി ബ്രിട്ടൻ
മറ്റൊരു കമ്പനികൂടി വാക്സിൻ പരീക്ഷണത്തിന്റെ ഒരു നിർണ്ണായകഘട്ടം വിജയപൂർവ്വം തരണം ചെയ്തതോടെ 60 മില്ല്യൺ ഡോസുകൾ കൂടി വാങ്ങുവാൻ ഒരുങ്ങുകയാണ് ബ്രിട്ടൻ. അമേരിക്കൻ ബയോടെക്ക് സംരംഭമായ നോവാവാക്സ് അവരുടെ പുതിയ വാക്സിന്റെ ക്ലിനിക്കൽ ട്രയലിന്റെമൂന്നാം ഘട്ടം കൂടി വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നതായി പ്രഖ്യാപിച്ചു. സർക്കാരുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം അവരുടെ ടീസൈഡിലുള്ള നിർമ്മാണ യൂണിറ്റിൽ ബ്രിട്ടനിലെ ഉപയോഗത്തിനായി 60 മില്ല്യൺ ഡോസുകൾ ഉദ്പാദിപ്പിക്കും. ഇത് ബ്രിട്ടന്റെ ബൃഹത്തായ വാക്സിനേഷൻ പദ്ധതിക്ക് വേഗത വർദ്ധിപ്പിക്കും.
പരീക്ഷണങ്ങളിൽ അവരുടെ വാക്സിൻ 89.3 ശതമാനം കാര്യക്ഷമത കാണിക്കുന്നു എന്നാണ് ഇന്നലെ രാത്രി നോവാവാക്സ് പ്രതിനിധികൾ അവകാശപ്പെട്ടത്. കെന്റിലെ ജനിതകമാറ്റം വന്ന പുതിയ ഇനം വൈറസിന്റെ ആവിർഭാവത്തിനുശേഷം പരീക്ഷണം നടത്തിയ ആദ്യ വാക്സിനാണിത്. ഈ ഇനത്തിനെതിരെ വാക്സിൻ 89.5 ശതമാനം പ്രതിരോധശേഷിയുള്ളതാണെന്നാണ് പ്രാഥമിക പരീക്ഷണങ്ങൾ തെളിയിക്കുന്നത്. രണ്ടു ഡോസുകളിലായി നൽകേണ്ട ഈ വാക്സിന് യു കെയുടെ മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയുടെ അംഗീകാരം ഇനിയും ലഭിക്കേണ്ടതായിട്ടുണ്ട്.
റെഗുലേറ്ററി പ്രക്രിയകൾ പ്രതീക്ഷിച്ച വേഗത്തിൽ നടക്കുകയാണെങ്കിൽ വരുന്ന വേനല്ക്കാലത്ത് ഈ വാക്സിൻ ലഭ്യമാക്കാൻ സാധിക്കും എന്നാണ് വൈറ്റ്ഹാൾ വൃത്തങ്ങൾ അറിയിച്ചത്. നോവാവാക്സ് വാക്സിൻ ബ്രിട്ടനിൽ നടത്തിയ പരീക്ഷണങ്ങളിൽ വിജയിച്ചകാര്യം ഇന്നലെ പ്രധാനമന്ത്രി ബോറിസ് ജോൺസനും ട്വീറ്റ് ചെയ്തിരുന്നു. വ്യക്തിപരമായി തന്നെ ഈ പരീക്ഷണത്തിന്റെ ഭാഗമായതിനാൽ, ഈ വാക്സിൻ മികച്ച ഫലം നൽകുന്നതാകണമെന്ന് താനും ആഗ്രഹിക്കുന്നതായി വാക്സിൻസ് മന്ത്രി നദിം സഹാവിയും പറഞ്ഞു.
ഏതായാലും ഈ വാക്സിൻ കൂടി എത്തുന്നതോടെ ബ്രിട്ടനിൽ വാക്സിനേഷൻ പദ്ധതി പുതിയ വേഗത കൈവരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള വേഗതയോട് കിടപിടിക്കാൻ മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്ക് ഒന്നുംതന്നെ ആയിട്ടില്ല എന്നത് മറ്റൊരു യാഥാർത്ഥ്യം. ബ്രസ്സൽസിൽ, ഒച്ചിഴയുന്ന വേഗതയിലുള്ള റെഗുലേറ്ററി പ്രക്രിയകൾ കാരണം നിലവിൽ ഫൈസറിന്റെ വാക്സിന് മാത്രമാണ് യൂറോപ്യൻ യൂണിയനിൽ അംഗീകാരം ലഭിച്ചിട്ടുള്ളത്. അതേസമയം കരാർ പ്രകാരമുള്ള 100 മില്ല്യൺ ഡോസുകളുടെ ഒരു ഭാഗം മാത്രമേ തരാൻ കഴിയു എന്നറിയിച്ചതിന്റെ തുടർന്ന് അസ്ട്രാസെനാകയുമായുള്ള യൂറോപ്യൻ യൂണീയന്റെ കലഹം തുടരുകയുമാണ്.
കഴിഞ്ഞവർഷം പ്രീ-ക്ലിനിക്കൽ ട്രയലുകളിൽ തങ്ങളുടെ വാക്സിൻ നല്ല ഫലങ്ങൾ കാണിച്ചിരുന്നുവെന്ന് നോവാവാസ്‌ക് അവകാശപ്പെട്ടിരുന്നു. അതിനെതുടർന്ന് കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് പരീക്ഷണത്തിന്റെ നിർണ്ണായകഘട്ടമായ മൂന്നാം ഘട്ട ട്രയൽ ബ്രിട്ടനിൽ നടത്തുമെന്ന് കമ്പനി അറിയിച്ചത്. 15,000 സന്ന്ദ്ധ സേവകരേയാണ് ഇവർ പരീക്ഷണത്തിനായി കണ്ടെത്തിയത്. ഇതിൽ കാൽഭാഗം പേർ 65 വയസ്സിനു മുകളിൽ പ്രായമുള്ളവരായിരുന്നു. ഓക്സ്ഫോർഡ് വാക്സിൻ പരീക്ഷണത്തിൽ പോലും, ഈ പ്രായപരിധിയിലുള്ള ഇത്രയധികം പേരെ പരീക്ഷണത്തിന് വിധേയരാക്കിയിരുന്നില്ല.
ഇവരിൽ പകുതിപേർക്ക് രണ്ടുഡോസ് വാക്സിൻ നൽകിയപ്പോൾ മറ്റുള്ളവർക്ക് വാക്സിൻ എന്നപേരിൽ മരുന്നല്ലാത്ത ചില പോഷകങ്ങൾ മാത്രമായിരുന്നു നൽകിയത്. പരീക്ഷണവിധേയരായവരിൽ 62 പേർക്ക് കോവിഡ് ബാധിച്ചതായി കഴിഞ്ഞദിവസം കമ്പനി വെളിപ്പെടുത്തി. ഇതിൽ ആറുപേർക്ക് മാത്രമായിരുന്നു വാക്സിൻ നൽകിയിരുന്നത്. ബാക്കിയുള്ള 56 പേർ മരുന്നെന്ന വ്യാജേന പോഷകങ്ങൾ ലഭിച്ചവരായിരുന്നു. രോഗം ബാധിച്ചവരിൽ പകുതിയോളം പേരിൽ കണ്ടത് കെന്റിലെ പുതിയ ഇനം വൈറസായിരുന്നു.
അതേസമയം, ദക്ഷിണാഫ്രിക്കയിൽ നടത്തിയ മറ്റൊരു പരീക്ഷണത്തിൽ ഈ വാക്സിന് അവിടെ പുതിയതായി ആവിർഭവിച്ച പുതിയ ഇനം വൈറസിനെതിരെ 49.4 ശതമാനം കാര്യക്ഷമത മാത്രമേയുള്ളു എന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിന് അനുമതി ലഭിക്കുകയാണെങ്കിൽ, ബ്രിട്ടനിൽ അംഗീകരിക്കപ്പെടുന്ന നാലാമത്തെ വാക്സിനായിരിക്കും നോവാവാക്സിന്റെത്. കമ്പനിയുമായുണ്ടാക്കിയ കരാർ അനുസരിച്ച് ബില്ലിങ്ഹാമിലെ ഫ്യുജിഫിലിം ഡയോസിന്ത് ബയോടെക്നോളജി ഫാക്ടറിയിലായിരിക്കും ബ്രിട്ടന് ആവശ്യമായ ഡോസുകൾ ഉദ്പാദിപ്പിക്കുക.
മറുനാടന് മലയാളി ബ്യൂറോ