റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന കർഷകരുടെ ട്രാക്ടർ റാലി സംഘർഷത്തിൽ കലാശിച്ചതിനെ അപലപിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട്. 'ഞാനൊരു തോൽവിയാണ്. എനിക്ക് ആ സംഘർഷത്തെ നിയന്ത്രിക്കാനായില്ലല്ലോ' എന്നാണ് സംഭവത്തെ കുറിച്ച് കങ്കണ ട്വീറ്റ് ചെയ്തത്. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാൻ താൻ പരമാവധി ശ്രമിച്ചതാണെന്ന് നടി പറയുന്നു. ഇത്രയും വിശാലമായ ലോകത്തിൽ താൻ വെറുമൊരു പൊടിയാണെന്നും തന്റെ നിഷ്‌ക്രിയത്വം വലിയ തോൽവിയാണെന്നും കങ്കണ പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയെ തനിക്ക് സംരക്ഷിക്കാനായില്ലെന്നും കങ്കണ ട്വിറ്ററിൽ കുറിച്ചു. ട്രാക്ടർ റാലിയോടനുബന്ധിച്ച് കങ്കണ കർഷക പ്രക്ഷോഭത്തിന് പിന്തുണച്ചവർക്കെതിരെ വിഡിയോയിലൂടെ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു.

കർഷക സമരത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന സംഭവങ്ങളെ പിന്തുണയ്ക്കുന്നവരും തീവ്രവാദികളാണെന്നായിരുന്നു കങ്കണ കഴിഞ്ഞ ദിവസം പറഞ്ഞത്. കർഷകസംഘടനാപ്രതിനിധികൾ ചൊങ്കോട്ടയ്ക്ക് മുകളിൽ പതാക ഉയർത്തി പ്രതിഷേധിച്ച ചിത്രം പങ്കുവച്ചായിരുന്നു നടിയുടെ വിമർശനം. 'കർഷകരെ തീവ്രവാദികളെന്ന് വിളിച്ചതിന് ഞാനുമായുള്ള കരാർ പിൻവലിച്ചത് ആറ് ബ്രാൻഡുകളാണ്. കർഷകരെ തീവ്രവാദി എന്ന് വിളിച്ചവരെ ബ്രാൻഡ് അംബാസിഡറാക്കാൻ സാധിക്കില്ലെന്നായിരുന്നു അവരുടെ വാദം. ഇപ്പോൾ നടക്കുന്ന അതിക്രമങ്ങളെ പിന്തുണയ്ക്കുന്ന ഓരോ ഇന്ത്യക്കാരും രാജ്യദ്രോഹികളാണെന്നാണ് എനിക്ക് പറയാനുള്ളത്.'കങ്കണ പറഞ്ഞു.