ലണ്ടൻ: അഞ്ച് ലോക്കൽ അഥോറിറ്റികൾ ഒഴിച്ച് ഇംഗ്ലണ്ടിലെ മറ്റെല്ലായിടങ്ങളിലും കഴിഞ്ഞയാഴ്‌ച്ച ദർശിച്ചത് കോവിഡ് വ്യാപനം വൻതോതിൽ കുറയുന്നതാണ്.രോഗവ്യാപനം കാര്യമായി തന്നെ കുറയുകയാണെന്നതിന്റെ വ്യക്തമായ തെളിവാണ് കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുകൾ. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത് 149 ലോക്കൽ അഥോറിറ്റികളിൽ 144 ഇടങ്ങളിലും ജനുവരി 24 ന് അവസാനിച്ച ആഴ്‌ച്ചയിൽ പുതിയതായി കണ്ടെത്തിയ രോഗികളുടെ എണ്ണത്തിൽ ഇടിവുണ്ടായി എന്നാണ്. ഇതിൽ 40 അഥോറിറ്റികളിൽ 33 ശതമാനം വരെ രോഗവ്യാപന നിരക്കിൽ കുറവുണ്ടായിട്ടുണ്ട്. 48 അഥോറിറ്റികളിൽ 25 ശതമാനം കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.

തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലും ലണ്ടനിലും രോഗവ്യാപനം അതിവേഗം കുറയുന്നതായാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ റിപ്പോർട്ടുകൾ കാണിക്കുന്നത്. കെന്റിൽ കണ്ടെത്തിയ പുതിയ ഇനം വൈറസിന്റെ ആവിർഭാവത്തോടെ രാജ്യത്തിന്റെ കോവിഡ് എപ്പിസെന്ററുകളായി മാറിയ മേഖലകളാണ് ഇവ രണ്ടും. ഡിസംബറിൽ തന്നെ ഈ രണ്ടു മേഖലകളും കർശനമായ ടയർ 4 നിയന്ത്രണങ്ങളിലായിരുന്നു. അതുകൊണ്ടുതന്നെ ജനുവരിയിലെ ലോക്ക്ഡൗൺ വന്നതോടെ ഇവിടങ്ങളിൽ രോഗവ്യാപനം അതിവേഗം കുറയുവാൻ തുടങ്ങി. വടക്കൻ ഇംഗ്ലണ്ടിലും രോഗവ്യാപനത്തിൽ കാര്യമായ കുറവ് ദൃശ്യമാകുന്നുണ്ട്.

ലോക്ക്ഡൗൺ ഫലം ചെയ്യുന്നുണ്ട് എന്നുതന്നെയാണ് ഈ റിപ്പോർട്ടുകൾ കാണിക്കുന്നത്. എസ്സെക്സിലെ തറോക്കിലാണ് രോഗവ്യാപനത്തിൽ ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയത്. ഒരാഴ്‌ച്ചകൊണ്ട് 48 ശതമാനത്തോളമാണ് രോഗവ്യാപന നിരക്ക് ഇവിടെ താഴ്ന്നത്. ടവർ ഹാംലെറ്റ്സിൽ 42 ശതമാനം കുറവാണ രോഗവ്യാപനനിരക്കിൽ ദൃശ്യമായത്. ഹാവെറിങ്, ഐലിങ്ടൺ എന്നിവിടങ്ങളിൽ 41 ശതമാനവും ന്യുഹാമിൽ 40 ശതമാനവും എൻഫീൽഡ്, ഹാമ്മർസ്മിത്ത്, ഫുള്ളാം കെൻസിങ്ടൺ ചെൽസിയ എന്നിവിടങ്ങളിൽ 39 ശതമാനം വീതവും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം അഞ്ച് ലോക്കൽ അഥോറിറ്റികളിൽ മാത്രമാണ് കഴിഞ്ഞയാഴ്‌ച്ച രോഗവ്യാപനതോത് വർദ്ധിച്ചത്. ഇവയിൽ മിക്കതും യോർക്ക്ഷയറിലാണ് ഉള്ളത്. എന്നിരുന്നാലും ഈ വർദ്ധനവ് നാമമാത്രമായിരുന്നു എന്നതും ആശ്വാസത്തിനുള്ള വക നൽകുന്നുണ്ട്. ഇന്നലെ ബ്രിട്ടനിൽ പുതിയതായി രോഗബാധ സ്ഥിരീകരിച്ചത് 28,680 പേർക്ക് മാത്രമാണ്. കഴിഞ്ഞ വ്യാഴാഴ്‌ച്ചയെ അപേക്ഷിച്ച് നോക്കുമ്പോൾ 24 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. അതേസമയം മരണനിരക്കിലും നേരിയ കുറവ് ദൃശ്യമാകുന്നുണ്ട്.. ഇന്നലെ 1,239 പേരാണ് ബ്രിട്ടനിൽ കോവിഡിനു കീഴടങ്ങി മരണം വരിച്ചത്. കഴിഞ്ഞയാഴ്‌ച്ചയെ അപേക്ഷിച്ചു നോക്കുമ്പോൾ ഇക്കാര്യത്തിൽ നാല് ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.

അതിനിടയിൽ, ലോക്ക്ഡൗൺ നീക്കം ചെയ്താൽ പിന്നീട് രാജ്യത്ത് ടയർ സിസ്റ്റത്തിലുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുകയില്ലെന്ന സൂചനകൾ ലഭിച്ചു. പ്രാദേശിക തലത്തിലുള്ള ഇത്തരം നിയന്ത്രണങ്ങൾ രോഗബാധ ചെറുക്കുന്നതിൽ കുറെയൊക്കെ വിജയിച്ചുവെങ്കിലും ആത്യന്തികമായി ഒരു മൂന്നാം ലോക്ക്ഡൗൺ അനിവാര്യമാക്കുകയായിരുന്നു. അതുകൊണ്ടുതന്നെ, ഇനി അത്തരമൊരു സമ്പ്രദായത്തിലേക്ക് തിരിച്ചു പോകാതെ സ്ഥിതിഗതികൾ വിലയിരുത്തി സാവധാനമായിരിക്കും നിയന്ത്രണങ്ങൾ ഒന്നൊന്നായി നീക്കുക. വ്യാപനം കുറവുള്ള മേഖലകൾക്കും വ്യാപനം കൂടിയ മേഖലകൾ സാധാരണനിലയിലെക്ക് മടങ്ങാനായി കാത്തിരിക്കേണ്ടി വന്നേക്കാം.

മാത്രമല്ല, പ്രാദേശിക നിയന്ത്രണങ്ങൾ ഹോട്ട്സ്പോട്ട് ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് മാറ്റാൻ മാത്രമേ സഹായിക്കുകയുള്ളു എന്ന് ഭൂരിഭാഗം മന്ത്രിമാരും വിശ്വസിക്കുന്നു. രാഷ്ട്രീയപരമായും ഇത്തരമൊരു തീരുമാനം ഗുണം ചെയ്യും. എല്ലാ മേഖലകളേയും ഒരുപോലെ പരിഗണിക്കുന്നതിനാൽ, പക്ഷാഭേദം കാട്ടി എന്ന ആരോപണവും ഉണ്ടായിരുന്നില്ല. ലോക്ക്ഡൗൺ പിൻവലിക്കുന്നത് സംബന്ധിച്ച വ്യക്തമായ പദ്ധതി ഫെബ്രുവരി 22 ന് പുറത്തിറക്കും എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച വിവരം.