- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്യുണ പോയിട്ട് ഏതെങ്കിലും മീനിന്റെ അംശമേയില്ല; ട്യുണ സാൻഡ്വിച്ചിൽ ചേർക്കുന്നത് കൃത്രിമ മീൻ; സബ് വേയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമേരിക്കയിലെ ഇന്ത്യൻ ദമ്പതിമാർ കോടതിയിലേക്ക്
അടുത്തകാലത്ത് നിങ്ങൾ ഒരു സബ്വേ റെസ്റ്റോറന്റിൽ നിന്നും ട്യുണ സാൻഡ്വിച്ച് കഴിച്ചിട്ടുണ്ടോ? എങ്കിൽ നിങ്ങൾ ട്യുണ ഒഴിച്ച് മറ്റെന്തെങ്കിലുമാകും കഴിച്ചിട്ടുണ്ടാകുക. ട്യുണ സാൻഡ്വിച്ചിൽ ട്യുണ ഇല്ലെന്ന വിവരം വെളിപ്പെടുത്തുന്നത് അമേരിക്കയിലെ ഇന്ത്യൻ ദമ്പതിമാരാണ്. അലമേഡ കൗണ്ടിയിലെ കരേൻ ധനോവയും നീലിമ അമിനും അമേരിക്കൻ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് ഫ്രാഞ്ചൈസിയിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് സാൻ ഫ്രാൻസിസ്‌കോ ഫെഡറൽ കോടതിയെ സമീപിച്ചിരിക്കുകയാണ്. ട്യുണയുടെ അംശം പോലുമില്ലാതെ ട്യുണ സാൻഡ്വിച്ച് എന്നപേരിൽ തെറ്റിദ്ധരിപ്പിച്ചതാണ് കേസ്.
കാലിഫോർണിയയിലെ വ്യത്യസ്ത സബ്വേ ഔട്ട്ലെറ്റുകളിൽ നിന്നും വാങ്ങിയ ട്യുണ സാൻഡ്വിച്ചിന്റെ സാമ്പിളുകൾ സ്വതന്ത്ര ലബോറട്ടറികളിൽ പരിശോധിപ്പിച്ചതായി പരാതിക്കാർ പറയുന്നു. ഈ പരിശോധനകളിൽ തെളിഞ്ഞത്, സാൻഡ്വിച്ചിലെ ട്യുണ എന്നു പറയുന്നത്കൃത്രിമ ചേരുവകളുടെ മിശ്രിതമാണെന്നും അവയ്ക്ക് ട്യുണയുമായി ഒരു ബന്ധവുമില്ലെന്നും ആയിരുന്നു എന്നാണ് അവർ പറയുന്നത്. ഇവ മിശ്രിതമാക്കി, ട്യുണയുടെ രൂപത്തിൽ തെറ്റിദ്ധരിപ്പിക്കുവാനായി സാൻഡ്വിച്ചിനകത്ത് വയ്ക്കുകയാണെന്ന് പരാതിക്കാർ ആരോപിക്കുന്നു.
എന്നാൽ, ലബോറട്ടറി പരിശോധനകളിൽ തെളിഞ്ഞത് എന്താണെന്ന് കൃത്യമായി പരാതിയിൽ പറയുന്നില്ല.. അതുപോലെ കൃത്രിമ ട്യുണയുടെ നിർമ്മാണത്തിൽ ഉപയോഗിച്ചിരിക്കുന്ന ചേരുവകൾ എന്തെന്നും വെളിപ്പെടുത്തുന്നില്ല. എന്നാൽ, സബ്വേ ഈ ആരോപണം നിഷേധിക്കുകയാണ്. തങ്ങൾ ഉപയോഗിക്കുന്നത് യഥാർത്ഥ ട്യുണ തന്നെയാണെന്നും വനങ്ങളിൽ നിന്നും പിടിക്കുന്നതാണെന്നും അവർ അവകാശപ്പെടുന്നു. അമേരിക്കൻ ദമ്പതികൾ നൽകിയ പരാതി കഴമ്പില്ലാത്തതാണെന്നും സബ്വേ വക്താക്കൾ അവകാശപ്പെട്ടു.
അതേസമയം, ട്യുണ സാൻഡ്വിച്ചിൽ ലഭിച്ചത് ട്യുണ പോയിട്ട് മറ്റേതെങ്കിലും മത്സ്യം പോലുമായിരുന്നില്ല എന്നാണ് പരാതിക്കാരുടെ അറ്റോർണി ശാലിനി ഡോഗ്ര പറഞ്ഞത്. തികച്ചും കൃത്രിമ ചേരുവകകൾ ചേർത്ത് നിർമ്മിച്ച ഒന്നായിരുന്നു അത്. തങ്ങളുടെ പരാതിയെ ഒരു ക്ലാസ്സ് ആക്ഷൻ ആക്കി സാക്ഷ്യപ്പെടുത്തുവാനാണ് ഇപ്പോൾ ധനോവയും ആമിനും ശ്രമിക്കുന്നത്. ഇങ്ങനെ ചെയ്താൽ, അസംതൃപ്തരായ നിരവധി ഉപഭോക്താക്കൾക്ക് ഇതിൽ കക്ഷിചേരാൻ കഴിയും. ഇതിൽ പങ്കു ചേരാൻ ആഗ്രഹിക്കുന്നവർ 2017 ജനുവരി21 ന് ശേഷം ട്യുണ സാൻഡ്വിച്ചോ ട്യുണാ റാപ്പോ വാങ്ങിയവർ ആയിരിക്കണം.
ഇപ്പോൾ ട്യുണ എന്നപേരിൽ ഉപയോഗിക്കുന്ന കൃത്രിമ ചേരുവകൾക്ക് യഥാർത്ഥ ട്യുണയുടെ അത്ര വില വരികയില്ല. അതായത്, ഇത്തരത്തിലുള്ള ഭക്ഷണം നൽകി സബ്വേ ജനങ്ങളെ ചതിക്കുക മാത്രമല്ല, അമിത ലാഭം ഉണ്ടാക്കുകയും ചെയ്യുന്നു. അതിനു പുറമേ ട്യുണയിൽ നിന്നും ലഭിക്കേണ്ട പോഷകങ്ങൾ ഒന്നും തന്നെ ലഭിക്കുകയുമില്ല. അങ്ങനെ പലവിധത്തിലാണ് ഇവിടെ ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടുന്നത് എന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പരാതിയിൽ നഷ്ടപരിഹാര തുക എത്രയാണ് ആവശ്യപ്പെടുന്നത് എന്ന് കൃത്യമായി പറഞ്ഞിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ