- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അപ്പനേയും വല്യമ്മയേയും കണ്ടിട്ട് വർഷം ഒന്നു കഴിഞ്ഞു; ഗൃഹാതുരത്വം സഹിക്കാതെ ഹാരി യുകെയിലെത്തുന്നു; മേഗനും കുഞ്ഞും കാലിഫോർണിയയിൽ തന്നെ തുടരും
വരുന്ന വേനൽക്കാലത്ത് ബ്രിട്ടൻ സന്ദർശിക്കാൻ ഒരുങ്ങുന്ന ഹാരി രാജകുമാരനോടൊപ്പം സസ്സക്സിലെ പ്രഭ്വിയായ മേഗൻ ഉണ്ടാകില്ലെന്ന് ഉറപ്പായി. രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ എന്നനിലയിലുള്ള കടമകളിൽ നിന്നും ഒഴിഞ്ഞ് ജനുവരിയിൽ ബ്രിട്ടൻ വിട്ടുപോയതിനു ശേഷം ഇതാദ്യമായി തന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ ഹാരി എത്തുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. അതേസമയം, യാത്രയെ കുറിച്ച് ഇനിയും അവസാന തീരുമാനം എടുത്തിട്ടില്ല എന്നാണ് ഹാരിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. കോവിഡ് പ്രതിസന്ധിയും അതുപോലെ യാത്രാ നിയന്ത്രണങ്ങളുമൊക്കെ കണക്കിലെടുത്തായിരിക്കും തീരുമാനമെന്നും ഇവർ വെളിപ്പെടുത്തുന്നു.
എന്നാൽ, മേഗനേയും മകൻ ആർച്ചിയേയും കൂട്ടാതെ ഒറ്റക്ക് ബ്രിട്ടനിലെത്താനാണ് ഹാരി തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. എലിസബത്ത് രാജ്ഞി, അച്ഛൻ ചാൾസ് രാജകുമാരൻ, സഹോദരൻ വില്ല്യം രാജകുമാരൻ എന്നിവർക്കൊപ്പം മറ്റു ബന്ധുക്കളെയും ഹാരി സന്ദർശിക്കുമെന്നും അറിയുന്നു. ഭർത്താവിനോടൊപ്പം പോകേണ്ട എന്ന മേഗന്റെ ഇപ്പോഴത്തെ തീരുമാനം തികച്ചും പ്രായോഗികമായ ചില പ്രശ്നങ്ങൾ മൂലമാണെന്നും മറ്റു വ്യക്തിപരമായ കാരണങ്ങൾ ഒന്നും തന്നെയില്ലെന്നും ഇവരുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ഒരുപക്ഷെ പിന്നീട് തീരുമാനം മാറ്റി മേഗനും മകനും ഹാരിക്കൊപ്പം ബ്രിട്ടനിലേക്ക് യാത്രതിരിക്കാനും സാധ്യതയുണ്ട്. എന്നാൽ തീരുമാനം മാറ്റാതിരുന്നാൽ കൊട്ടാരം ഉദ്യോഗസ്ഥർക്ക് തലവേദന കുറഞ്ഞുകിട്ടും എന്നാണ് പൊതുവേയുള്ള സംസാരം. ജൂണിൽ നടക്കുന്ന ഫിലിപ്പ് രാജകുമാരന്റെ നൂറാം പിറന്നാൾ ഉൾപ്പടെ രാജകുടുംബത്തിലെ ചില സുപ്രധാന പരിപാടികളിൽ ഹാരി കുടുംബത്തോടൊപ്പം പങ്കെടുക്കുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്.
അതുപോലെ ജൂലായിൽ, കെൻസിങ്സ്റ്റൺ പാർക്കിലെ ഡയാന രാജകുമാരിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലും ഹാരി പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാൽ, ഹാരിയും മേഗനും രാജകുടുംബത്തിലെ സുപ്രധാന പരിപാടികളിൽ പങ്കെടുക്കുമ്പോൾ, കുടുംബവഴിയക്കിന്റെ ചരിത്രം തേടി മാധ്യമങ്ങൾ പോയേക്കാമെ എന്നും തന്മൂലം പരിപാടികൾക്ക് വേണ്ടത്ത മാധ്യമശ്രദ്ധ ലഭിക്കാതെ പോയേക്കാം എന്നുമുള്ള ആശങ്കയും ഉയരുന്നുണ്ട്.
എന്നാൽ, കോവിഡിന്റെ പശ്ചാത്തലത്തിൽ കാര്യങ്ങൾ ഇപ്പോഴും അനിശ്ചിതമായി തുടരുകയാണ്. എന്നാൽ, രാജകുമാരൻ ഒറ്റക്ക് എത്തുമെന്നുതന്നെയാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഹാരിയും മേഗനും കൊട്ടാരം വിട്ടിറങ്ങുമ്പോൾ, അവർ ഇരുവരും ഇപ്പോഴും കൊട്ടാരത്തിന് പ്രിയപ്പെട്ടവർ തന്നെയാണെന്നും എപ്പോൾ വേണമെങ്കിലും തിരിച്ചുവരാമെന്നും എലിസബത്ത് രാജ്ഞി വ്യക്തമാക്കിയിരുന്നു. ആ വാക്ക് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.