ബ്രിട്ടനിൽ കൊറോണ സാവധാനം നിയന്ത്രണാധീനമാവുകയാണ്. കത്തിപ്പടർന്ന് ബ്രിട്ടനെ ദുരിതത്തിലാഴ്‌ത്തിയ കോവിഡിന്റെ നിലവിലെ ആർ നിരക്ക് 0.7 നും 1 നും ഇടയിലാകാമെന്നാണ് സർക്കാരിന്റെ ശാസ്ത്രോപദേശക സമിതിയുടെ കണക്കുകൂട്ടൽ. പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇന്നലെ വീണ്ടും താഴ്ന്നു. ഇന്നലെ 29,079 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ച്ചയിലേതിനേക്കാൾ 28 ശതമാനം കുറവാണ് രോഗവ്യാപന നിരക്ക്.

എന്നിരുന്നാലും, ഇപ്പോഴും രോഗവ്യാപനം കൂടുതൽ തന്നെയാണെന്നും ആളുകൾ നിതാന്ത ജാഗ്രത പുലർത്തണമെന്നും ശാസ്ത്രോപദേശക സമിതി ആവശ്യപ്പെട്ടു. എൻ എച്ച് എസിനു മേൽ സമ്മർദ്ദം ഏറാതിരിക്കാനും കൂടുതൽ മരണങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കുവാനും ഇത് അത്യാവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. ഇന്നലെ 1,245 കോവിഡ് മരണങ്ങളാണ് ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. ഇതോടെ ബ്രിട്ടനിലെ ആകെ കോവിഡ് മരണങ്ങൾ 1,04,371 ആയി ഉയർന്നു.

അതേസമയം മരണസർട്ടിഫിക്കറ്റിൽ കോവിഡ് രേഖപ്പെടുത്തിയിട്ടുള്ള മരണങ്ങൾ 1,21,000 ആയെന്നാണ് ബ്രിട്ടന്റെ സ്റ്റാറ്റിസ്റ്റിക്കൽ ഏജൻസിയുടെ കണക്ക് വെളിപ്പെടുത്തുന്നത്. ജനുവരി 23 ന് അവസാനിച്ച ആഴ്‌ച്ചയിൽ വൈറസ് ബാധയുള്ള 1.01 മില്ല്യൺ ആളുകൾ ഉണ്ടായിരുന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ടിൽ പറയുന്നു.അതായത് 55 പേരിൽ ഒരാൾ വീതം വൈറസ് ബാധയുള്ള വ്യക്തിയാണ്. എന്നാൽ പല മേഖലകളിലും ഇത് വ്യത്യാസപ്പെടുന്നുണ്ട്. ലണ്ടനിൽ 35 പേരിൽ ഒരാൾ വീതം രോഗിയാണെങ്കിൽ യോർക്ക്ഷയറിൽ 85 പേരിൽ ഒരാളാണ് രോഗിയായിട്ടുള്ളത്.

ഓ എൻ എസിന്റെ കണക്കുകൾ പ്രകാരമൊരു ദശലക്ഷത്തിലധികം രോഗികളുള്ള തുടർച്ചയായ നാലാമത്തെ ആഴ്‌ച്ചയാണിത്. ഇതേ ആഴ്‌ച്ചയിൽ വെയിൽസിൽ 70 പേരിൽ ഒരാൾ വീതവും നോർത്തേൺ അയർലൻഡിൽ 50 പേരിൽ ഒരാൾ വീതവുംസ്‌കോട്ട്ലാൻഡിൽ 110 പേരിൽ ഒരാൾ വീതവും രോഗികളാണെന്നും ഓ എൻ എസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. സോയ് കോവിഡ് സിംപ്ടം സ്റ്റഡിയുടെ റിപ്പോർട്ട് പ്രകാരം ബ്രിട്ടനിൽ എല്ലാ മേഖലകളിലും കോവിഡ് വ്യാപനത്തിൽ കുറവു വന്നിട്ടുണ്ട്. എന്നാൽ, മന്ദഗതിയിലാണ് ഈ കുറവ് വരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തികച്ചും ഫലവത്താണെന്ന് തെളിയിച്ചുകൊണ്ട് അഞ്ച് ലോക്കൽ അഥോറിറ്റികൾ ഒഴിച്ചുള്ളയിടങ്ങളിലെല്ലാം രോഗവ്യാപനത്തിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ കോവിഡ് മൂലം ആശുപത്രിയിൽ ചികിത്സതേടിയെത്തുന്നവരുടെ എണ്ണവും കുത്തനെ ഇടിഞ്ഞിട്ടുണ്ട് എന്ന് പല റിപ്പോർട്ടുകളും ചൂണ്ടിക്കാണിക്കുന്നു.

രോഗസാധ്യത കൂടുതലുള്ള 15 മില്ല്യൺ ആളുകൾക്ക് ഫെബ്രുവരി പകുതിയോടെ വാക്സിൻ നൽകുക എന്ന ലക്ഷത്തിലേക്കുള്ള പ്രയാണത്തിൽ ഇന്നലെ ലണ്ടൻ പാതിവഴി പിന്നിട്ടു. ഇന്നലെവരെ 7.9 മില്ല്യൺ ആളുകൾക്കാണ് വാക്സിൻ നല്കിയിട്ടുള്ളത്. ഇന്നലെ മാത്രം 4.46 ലക്ഷം പേർക്ക് വാക്സിൻ നൽകുകയുണ്ടായി.

സ്റ്റാമ്പ് ഡ്യുട്ടി ഹോളിഡേ നീട്ടിയേക്കും

ലോക്ക്ഡൗണിന് ശേഷം സമ്പദ്ഘടന ഉയർത്തെഴുന്നേൽക്കുന്നതിന് റിയൽ എസ്റ്റേറ്റ് രംഗത്തെ തകർച്ച കാരണമായേക്കും എന്ന ഭീതിയിൽ സ്റ്റാമ്പ് ഡ്യുട്ടി ഹോളിഡേ വീണ്ടും നീട്ടിയേക്കുമെന്ന ചില സൂചനകൾ സർക്കാർ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നു. നിലവിൽ മാർച്ച് 31 വരെയാണ് സ്റ്റാമ്പ്ഡ്യുട്ടി ഇളവുള്ളത്. ഇതു നീട്ടുവാൻ ചാൻസലർ ഋഷി സുനാകിന് മേൽ സമ്മർദ്ദമേറുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കോവിഡ് പ്രതിസന്ധിയെ നേരിടാൻ നൽകിയ നിരവധി ആനുകൂല്യങ്ങളിൽ ഒന്നാണ് സ്റ്റാമ്പ് ഡ്യുട്ടി ഇളവെന്നും ബജറ്റ് സമയത്ത് മറ്റു ആനുകൂല്യങ്ങളുടെ ഭാവി പരിഗണിക്കുന്ന കൂട്ടത്തിൽ ഇതും പരിഗണിക്കുമെന്നും ഋഷി പാർലമെന്റിൽ പറഞ്ഞു. എന്നാൽ, ഭരണകക്ഷി വൃത്തങ്ങൾ നൽകുന്ന സൂചന, സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഋഷി സുനാക് സ്റ്റാമ്പ് ഡ്യുട്ടി ഹോളിഡേ കാലാവധി നീട്ടും എന്നുതന്നെയാണ്.