ടുത്ത നിയന്ത്രണങ്ങളോടെ മൂന്നാമതും ഒരു ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ വിമർശങ്ങൾ ഏറെയുയർന്നിരുന്നു. എന്നാൽ, ബോറിസ് ജോൺസന്റെ തീരുമാനം ശരിയായിരുന്നു എന്നുതന്നെയാണ് കാലവും തെളിയിക്കുന്നത്. ബ്രിട്ടനിൽ കോവിഡ് വ്യാപനം നിർണ്ണായകമായ രീതിയിൽ തന്നെ കുറഞ്ഞുവരികയാണ്. ഇന്നലെ ബ്രിട്ടനിൽ 21,088 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്‌ച്ച ഇത് 30,004 പേർക്കായിരുന്നു. അതായത് രോഗവ്യാപന നിരക്കിൽ 29.7 ശതമാനത്തിന്റെ കുറവാണ് ഈ ആഴ്‌ച്ച ഉണ്ടായിരിക്കുന്നത്.

നേരിയ തോതിലാണെങ്കിൽ പോലും മരണനിരക്കിലും കുറവുണ്ട്. ഇന്നലെ 587 കോവിഡ് മരണങ്ങളാണ് ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്‌ച്ച ഇത് 610 ആയിരുന്നു. അതായത്, 3,7 ശതമാനത്തിന്റെ കുറവ് മരണനിരക്കിലും ദൃശ്യമായിട്ടുണ്ട്. നിലവിൽ 35,000 ത്തോളം ആളുകളാണ് ബ്രിട്ടനിലെ വിവിധ ആശുപത്രികളിലായി കോവിഡിന് ചികിത്സതേടുന്നത്. അതിൽ 3,832 പേർ വെന്റിലേറ്ററുകളിലാണ്. കൊറോണയുടെ രണ്ടാം വരവിൽ ചികിത്സതേടി ആശുപത്രികളീൽ എത്തുന്നവരുടെ എണ്ണം ആദ്യ വരവിലേതിനേക്കാൾ കൂടുതലായിരുന്നു.

ആദ്യവരവിന്റെ മൂർദ്ധന്യഘട്ടത്തിൽ പോലും ആശുപത്രിയിൽ ഉണ്ടായിരുന്ന കോവിഡ് രോഗികളുടെ എണ്ണം പരമാവധി 21,684 ആയിരുന്നു. എന്നാൽ രണ്ടാം വരവിൽ ഇത് 35,000 കടന്നിരിക്കുന്നു. രണ്ടാം വരവിൽ രോഗം കൂടുതൽ ഗുരുതരമായിട്ടുണ്ട് എന്നതിന്റെ സൂചനയായാണ് ഈ രംഗത്തെ പല പ്രമുഖരും ഇതിനെ കാണുന്നത്. ജനിതകമാറ്റം സംഭവിച്ച പുതിയ ഇനം വൈറസുകൾക്ക് വ്യാപനശേഷി മാത്രമല്ല പ്രഹരശേഷിയും കൂടുതലാണെന്ന നിഗമനത്തിലേക്കാണ് ഇത് വഴിതെളിക്കുന്നത്.

അതിനിടയിൽ ബ്രിട്ടന്റെ വാക്സിൻ പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. ഇന്നലെ 5,98,389 പേർക്കാണ് വാക്സിൻ നൽകിയത്. ഇതോടെ ബ്രിട്ടനിൽ 89,77,329 പേർക്ക് കോവിഡ് വാക്സിന്റെ ആദ്യ ഡോസെങ്കിലും ലഭിച്ചു എന്ന സ്ഥിതിവിശേഷം സംജാതമായിട്ടുണ്ട്. ഇതുവരെ മൊത്തം 94,68,382 വാക്സിനുകളാണ് നൽകിയിട്ടുള്ളത്. ഇതിൽ 4,91,053 എണ്ണം രണ്ടാമത്തെ ഡോസായിരുന്നു. ഇന്നലത്തെ വാക്സിന്റെ കണക്കുകൾ കൂടി പരിഗണിച്ചാൽ ഫെബ്രുവരി 15 ന് മുൻപായി 15 ലക്ഷം പേർക്ക് ആദ്യ ഡോസുകൾ കൊടുക്കുക എന്ന സർക്കാർ ലക്ഷ്യം കൈവരിക്കാൻ പ്രതിദിനം 4,01,512 പേർക്കെങ്കിലും ആദ്യ ഡോസ് നൽകണം.

ഇത് തീർച്ചയായും കൈവരിക്കാവുന്ന ലക്ഷ്യം തന്നെയാണെന്ന് ഇന്നലത്തെ കണക്കുകൾ പറയുന്നു. വാക്സിന്റെ പ്രഭാവം സാവകശം ദൃശ്യമാകാൻ തുടങ്ങിയിട്ടുണ്ട്. രോഗവ്യാപനത്തിൽ ഉണ്ടായിട്ടുള്ള കനത്ത ഇടിവിന് കടുത്ത നിയന്ത്രണങ്ങൾക്കൊപ്പം വാക്സിനും ഒരു പങ്കുണ്ടെന്നാണ് വിദഗ്ദർ പറയുന്നത്. 80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകാൻ തുടങ്ങിയത് കഴിഞ്ഞയാഴ്‌ച്ചയായിരുന്നു.

ഇവരിൽ ഇത് ഉണ്ടാക്കുന്ന സ്വാധീനം അടുത്ത ആഴ്‌ച്ചയോടെ തിരിച്ചറിയാനാകും. അതായത്, ഇത് ഫലവത്താണെങ്കിൽ, അടുത്തയാഴ്‌ച്ച കോവിഡ് വ്യാപനത്തിൽ വീണ്ടും കനത്ത ഇടിവ് പ്രതീക്ഷിക്കാം.