ൺലൈൻ വിൽപ്പന രംഗത്ത് കോടികൾ കൊയ്യുന്ന സ്ഥാപനമാണ് മിന്ത്ര. അതുകൊണ്ട് തന്നെ മിന്ത്രയുടെ ലോഗോയും ആളുകളുടെ മനസ്സിൽ പതിഞ്ഞ ഒന്നാണ്. എന്നാൽ മിന്ത്രയുടെ ലോഗോ തികച്ചും അശ്ലീലം നിറഞ്ഞതാണെന്ന പരാതി വന്നതിന് പിന്നാലെ ലോഗോയിൽ അടിമുടി മാറ്റം നടത്തിയിരിക്കുകയാണ് മിന്ത്ര. വെബ്‌സൈറ്റിലോ ലോഗോയിൽ മാറ്റം വരുത്തിയതിന് പിന്നാലെ പാക്കേജിലും പരസ്യത്തിലും എല്ലാം മാറ്റം വരുത്താൻ ഒരുങ്ങുകയാണ് കമ്പനി.

കമ്പനിയുടെ ലോഗോ നഗ്‌നമായ സ്ത്രീ ശരീരത്തെ ആഭാസകരമായി ചിത്രീകരിക്കുന്ന രീതിയിലുള്ളതാണെന്നാണ് പരാതി. പരാതി ബോധിച്ച സൈബർ പൊലീസും സംഭവത്തിൽ സത്യം ഉണ്ടെന്ന് കണ്ടെത്തിയതോടെ കേസ് എടുത്തു. സംഗതി പുലിവാലാകുമെന്നു കണ്ടതോടെ ലോഗോയിൽ മാറ്റം വരുത്തി നിയമനടപടികളുടെ നൂലാമാലകൾ ഒഴിവാക്കാൻ ഒരുങ്ങുകയാണ് മിന്ത്ര. സ്ത്രീകളെ ആക്ഷേപിക്കുന്നതാണു ലോഗോയെന്ന പരാതിയുമായി മുംബൈ സൈബർ പൊലീസിനു മുന്നിലെത്തിയത് അവസ്ത ഫൗണ്ടേഷനു വേണ്ടി നാസ് പട്ടേൽ ആണ്.

സ്ത്രീ ശരീരത്തെ ആക്ഷേപകരമായ രീതിയിൽ ചിത്രീകരിക്കുന്ന ലോഗോ മാറ്റിയേ തീരൂവെന്നും ഇല്ലെങ്കിൽ ഇത്തരത്തിൽ അപമാനകരമായ ലോഗോ ഉപയോഗിക്കുന്നതിനു മിന്ത്രയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും നാസ് പട്ടേൽ പരാതിയിൽ ആവശ്യപ്പെട്ടു.പരാതിയിൽ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടതോടെ മുംബൈ പൊലീസ് പരാതി സ്വീകരിച്ചതിനെത്തുടർന്ന് ഒരുമാസത്തിനകം ലോഗോയിൽ മാറ്റം വരുത്താമെന്ന് കമ്പനി ഉറപ്പ് നൽകി. ലോഗോയിലെ മാറ്റം പാക്കേജിലും പരസ്യത്തിലുമെല്ലാം പ്രതിഫലിക്കുമെന്നതിനാലാണ് ലോഗോമാറ്റത്തിന് കമ്പനി ഒരു മാസത്തെ സമയം ചോദിച്ചത്. അതേസമയം കമ്പനിയുടെ വെബ്‌സൈറ്റിൽ ലോഗോ മാറ്റം നിലവിൽ വന്നു.

നേരത്തേ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പലതവണ ഈ ആവശ്യം നാസ് പട്ടേൽ ഉന്നയിച്ചിരുന്നുവെങ്കിലും ബന്ധപ്പെട്ടവർ അവഗണിച്ചതിനെത്തുടർന്നാണ് സൈബർ പൊലീസിൽ പരാതിയുമായെത്തിയത്. തുടർന്ന് മുംബൈ പൊലീസിലെ സൈബർ വിഭാഗം കമ്പനി അധികൃതർക്ക് ഇ മെയിൽ അയയ്ക്കുകയും കമ്പനി പ്രതിനിധി നേരിട്ടെത്തി വിശദീകരണം നൽകുകയുമായിരുന്നു. കമ്പനിയുടെ പേരിന്റെ ആദ്യത്തെ അക്ഷരമായ ങ പ്രത്യേക നിറങ്ങൾ ഉപയോഗിച്ച് ചിത്രീകരിച്ചതാണ് മിന്ത്രയുടെ ലോഗോ. നഗ്‌നമായ സ്ത്രീ ശരീരത്തെ ആഭാസകരമായി ചിത്രീകരിക്കുകയാണ് ലോഗോയെന്നാണ് എതിരെ ഉയർന്ന വിമർശനം.

അതേസമയം, പരാതിക്കാരിയായ നാസ് പട്ടേലിനെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽമീഡിയയിൽ ഒട്ടേറെപ്പേർ എത്തിയിട്ടുണ്ട്. പബ്ലിസിറ്റിക്കു വേണ്ടിയാണ് നാസ് ഈ ആരോപണമുന്നയിക്കുന്നതെന്നും സാധാരണക്കാർക്ക് ലോഗോയിൽ അശ്ലീലം കണ്ടെത്താനാകില്ലെന്നും ചിലർ പറയുന്നു.