- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവിധ രാഷ്ട്രപതിമാരിൽ നിന്നും ദേശിയ പുരസ്ക്കാരം സ്വീകരിച്ചത് നാലു തവണ; ദേശിയ, സംസ്ഥാന തലത്തിൽ സ്വന്തമാക്കിയത് ഒട്ടേറെ ബഹുമതികൾ; സിന്തൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകൻ സി.വി ജേക്കബിന്റെ നിര്യാണത്തിൽ അനുശോചിച്ച് കേരളം: അന്തരിച്ചത് സുഗന്ധ വ്യഞ്ജന വ്യവസായത്തിലെ സുഗന്ധമുള്ള ഓർമ്മ

കോലഞ്ചേരി: സിന്തൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകൻ കടയിരുപ്പ് ചെന്നക്കാട്ട് കാലാങ്കമാരി (നെച്ചുപ്പാടം) സി.വി. ജേക്കബ് (87) അന്തരിച്ചു. കൊച്ചി ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ഡയറക്ടറും സ്‌പൈസസ് ബോർഡ് മുൻ വൈസ് ചെയർമാനുമാണ്. സുഗന്ധവ്യഞ്ജന സംസ്‌കരണ വിപണനത്തിലൂടെ ആഗോളതലത്തിൽ ശ്രദ്ധേയനായ സി.വി ജേക്കബിന്റെ മരണത്തോടെ നഷ്ടമായത് സുഗന്ധ വ്യഞ്ജന വ്യവസായത്തിലെ അതികായനായ മനുഷ്യനെയാണ്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ കടയിരുപ്പിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് 2നു വീട്ടിൽ ശുശ്രൂഷകൾക്കു ശേഷം മൂന്നിനു കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ നടക്കും.
17-ാം വയസ്സിൽ ബിസിനസ്സിൽ ആദ്യാക്ഷരം കുറിച്ച മഹാൻ
17-ാം വയസ്സിൽ ഏലക്കാ വ്യാപാരത്തിലൂടെയാണു സി.വി ജേക്കബിന്റെ ബിസിനസിലേക്കുള്ള രംഗപ്രവേശം. തുടർന്നു നിർമ്മാണരംഗത്തേക്കു തിരിഞ്ഞു. ആ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം മൈസൂരുവിലെത്തി കുരുമുളകിൽ നിന്നു സത്ത് ഉൽപാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ പഠിച്ച ശേഷം 1972 ലാണു കടയിരുപ്പിൽ സിന്തൈറ്റ് ഇൻഡസ്ട്രീസിനു തുടക്കം കുറിച്ചത്.
കമ്പനി ഉയർച്ചയിലെത്തിയതോടെ ഇന്റർഗ്രോ ഫുഡ്‌സ് ആൻഡ് ബവ്‌റിജസ്, സിമേഗ ഫ്‌ളേവേഴ്‌സ് ഇന്ത്യ, സിന്തൈറ്റ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട്, ഹെർബൽ ഐസുലേറ്റ്‌സ്, റമദ റിസോർട്‌സ് കൊച്ചി, റിവേര സ്വീറ്റ്‌സ് തേവര എന്നീ സ്ഥാപനങ്ങളും ആരംഭിച്ചു. കിച്ചൻ ട്രഷേഴ്‌സ്, വീഡ, പോൾ ആൻഡ് മൈക് മിൽക്ക് ചോക്ലേറ്റ്‌സ് എന്നിവ സിന്തൈറ്റിന്റെ പ്രമുഖ ബ്രാൻഡുകളാണ്.
മികച്ച കയറ്റുമതി സ്ഥാപനത്തിനുള്ള ദേശീയ പുരസ്‌കാരം സിന്തൈറ്റിനായി നാലു തവണ അദ്ദേഹം വിവിധ രാഷ്ട്രപതിമാരിൽനിന്നു സ്വീകരിച്ചു. 1976 മുതൽ ഉയർന്ന കയറ്റുമതിക്കുള്ള സ്‌പൈസസ് ബോർഡ് അംഗീകാരവും തേടിയെത്തി. ദേശീയ, സംസ്ഥാനതലത്തിൽ മറ്റു ബഹുമതികളും നേടിയിട്ടുണ്ട്.
ചെന്നക്കാട്ട് സി.യു. വർക്കിയുടെയും ഏലിയാമ്മയുടെയും ഇളയ മകനായി 1933ലാണ് ജനനം. ഭാര്യ: തിരുവാണിയൂർ മേപ്പാടത്ത് ഏലിയാമ്മ ജേക്കബ്. മക്കൾ: ഡോ. വിജു ജേക്കബ് (മാനേജിങ് ഡയറക്ടർ, സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്), അജു ജേക്കബ് (ഡയറക്ടർ, സിന്തൈറ്റ്), എൽവി നൈനാൻ, സിൽവി മാണി, മിന്ന ജോർജ്, മിന്നി സജീവ്. മരുമക്കൾ: മിനി വർഗീസ്, രഹന ജേക്കബ്, നൈനാൻ ഫിലിപ് (ഡയറക്ടർ, സിന്തൈറ്റ്), മാണി വർഗീസ് (ഡയറക്ടർ, സിന്തൈറ്റ്), ജോർജ് മത്തായി, ഡോ. സജീവ് ജോർജ് (എംഒഎസ്‌സി മെഡിക്കൽ കോളജ്, കോലഞ്ചേരി).
സിയാലിന്റെ കാരണവർ
'പിച്ച തെണ്ടിയാണോ എയർപോർട്ടുണ്ടാക്കുന്നത്?' തൊണ്ണൂറുകളിൽ കേരളത്തിലും പ്രവാസികൾക്കിടയിലും മുഴങ്ങിയൊരു ചോദ്യം. കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ) വെറുമൊരു ആശയം മാത്രമായിരുന്ന ഘട്ടം. ധനസമാഹരണം ബുദ്ധിമുട്ടായിരുന്നു. പൊതുജന പങ്കാളിത്തമുള്ള വിമാനത്താവളം 1997 ഓഗസ്റ്റ് 15നു യാഥാർഥ്യമാക്കിയാൽ, സ്വാതന്ത്ര്യത്തിന്റെ സുവർണജൂബിലി വേളയിൽ ഇന്ത്യയ്‌ക്കൊരു സമ്മാനമാവും എന്ന 1994ലെ ആഗ്രഹത്തിന് ഏറ്റവുമധികം പിന്തുണ നൽകിയതു സി.വി. ജേക്കബ് ആയിരുന്നു.
'നിങ്ങളിൽ എനിക്കു വിശ്വാസമുണ്ട്, നിങ്ങളുടെ ആശയത്തിലും' എന്ന് അദ്ദേഹം പറഞ്ഞതു സിയാൽ എംഡി വി.ജെ. കുര്യൻ ഓർമിക്കുന്നു : 'ചർച്ചകളുടെ ഘട്ടത്തിൽത്തന്നെ അദ്ദേഹം എനിക്കു കത്തെഴുതി. നിങ്ങൾ ഇതുമായി മുന്നോട്ടു പോവുകയാണെങ്കിൽ കോൺട്രിബ്യൂട്ട് ചെയ്യാൻ തയാറാണെന്നതായിരുന്നു ഉള്ളടക്കം. 25 ലക്ഷം രൂപയുടെ ചെക്ക് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന് അദ്ദേഹം കൈമാറുകയും ചെയ്തു.' അങ്ങനെ അദ്ദേഹം സിയാലിന്റെ കാരണവരും വഴികാട്ടിയുമായി.
ആധുനിക ഉപകരണങ്ങളും പ്രവർത്തനപരിചയമുള്ള ശാസ്ത്രജ്ഞരും ഉൾപ്പെട്ട ഗവേഷണ സംവിധാനംഅതാണു മുന്നേറ്റത്തിന്റെ അടിസ്ഥാനം. സ്വന്തം ഗവേഷണശാലയിലെ ആശയങ്ങളിൽനിന്ന് ഉൽപന്നങ്ങൾക്കു വൈവിധ്യവും പുതുമയും. ഉന്നത ഗുണനിലവാരം. അതിന്റെയെല്ലാം ഫലമായി കയറ്റുമതി രംഗത്ത് രാഷ്ട്രപതിയുടെ ദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പെടെ എത്രയോ ബഹുമതികൾ.
'വിഷൻ' എന്ന സിദ്ദിഖു മാറ്റുകൂട്ടുന്നൊരു ഘടകം അദ്ദേഹത്തിൽ ഉണ്ടായിരുന്നു. ജോലിയോടും ഉത്തരവാദിത്തങ്ങളോടുമുള്ള 'പാഷൻ'. പദ്ധതികൾ മനസ്സിലുണ്ട്. അവയെക്കുറിച്ച് ഏതൊരാളുടെയും അഭിപ്രായം കേൾക്കും. ഉചിതമായവ ഉൾപ്പെടുത്തും. ചെയ്യുന്നവയ്‌ക്കെല്ലാം നിലവാരമുണ്ടാകണമെന്ന നിർബന്ധം പൂർത്തീകരണത്തിന്റെ മാറ്റുകൂട്ടി.
ബിസിനസ് നയങ്ങൾക്കും ആ നിലവാരം ഉറപ്പാക്കിയിരുന്നു. ശാസ്ത്രസാങ്കേതിക നൂതനാശയങ്ങൾ ഉൾക്കൊള്ളാനുള്ള മനസ്സ്. പ്രാദേശിക ചുറ്റുപാടിൽ ആ ആശയങ്ങൾ പ്രായോഗികമാക്കാനുള്ള കഴിവ്. പുതിയ മേഖലകളിലേക്കു കടന്നുചെല്ലാനുള്ള ആവേശം. തൊഴിലുടമയെയും തൊഴിലാളിയെയും ഇണക്കാനുള്ള നയവും ഉത്സാഹവും.
സ്ഥാപനങ്ങൾ കുടുംബം വകയാണെങ്കിലും നടത്തിപ്പു പ്രഫഷനൽ ആയിരുന്നു. അതിനാൽ സി.വി. ജേക്കബിന്റെ സ്ഥാപനങ്ങളെ തൊഴിൽത്തർക്കങ്ങൾ കാര്യമായി അലട്ടിയിട്ടില്ല. തൊഴിലാളിയെ വ്യക്തിയെന്ന നിലയിൽ മനസ്സിലാക്കാനും മാനിക്കാനും ആവശ്യങ്ങൾ കണ്ടറിയാനും അദ്ദേഹത്തിനു സാധിച്ചു. വ്യാവസായിക മുന്നേറ്റത്തിനൊപ്പം നാടിന്റെ വിദ്യാഭ്യാസവളർച്ചയിലും ആരോഗ്യരംഗത്തെ വികസനത്തിലും പങ്കാളിയായി.


