ന്യൂയോർക്ക്: കൊറോണ വൈറസ് ശ്വാസകോശത്തെ ബാധിക്കുന്നത് പ്രതിരോധിക്കാൻ മരുന്നു കണ്ടെത്തുന്നതിനായി നിർണായക പഠനം. ശ്വാസകോശത്തിൽ വൈറസ് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിന്റെ രൂപരേഖയാണ് തയാറാക്കിയത്. യുഎസ്സിലെ ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയാണു പഠനം നടത്തിയത്.

ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ (എഫ്ഡിഎ) അംഗീകരിച്ച 18 മരുന്നുകളാണ് പരീക്ഷിച്ചു നോക്കിയത്. 5 മരുന്നുകൾ ഏറെ ഫലപ്രദമാണെന്നു കണ്ടെത്തി. കൊറോണ വൈറസ് ശ്വാസകോശത്തിൽ പടരുന്നത് 90% തടയാൻ ഈ മരുന്നുകൾക്കായി. ശ്വാസകോശങ്ങൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് സൂക്ഷ്മ നിരീക്ഷണം നടത്തി.

വൈറസ് ബാധിച്ച് ഒരു മണിക്കൂറിനുശേഷം നിരീക്ഷണം ആരംഭിച്ചു. വൈറസ് ബാധിക്കുന്ന ഘട്ടത്തിൽതന്നെ ശ്വാസകോശത്തെയും ബാധിക്കാൻ തുടങ്ങിയെന്ന് പഠനം നടത്തിയ വൈറോളജിസ്റ്റ് എൽക് മുൽബെർഗെർ പറഞ്ഞു. വൈറസ് ശ്വാസകോശത്തിന് സാരമായ മാറ്റമുണ്ടാക്കുന്നതായും കണ്ടെത്തി. പരീക്ഷിച്ച മരുന്നുകൾ വൈറസ് വ്യാപനം തടയുന്നതിൽ വിജയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.