ബോറിസ് ജോൺസൺ എടുത്ത കർശന നിലപാടുകൾ ഫലം ചെയ്തു തുടങ്ങിയിരിക്കുന്നു. കൊറോണയുടെ രണ്ടാംവരവിനെ ബ്രിട്ടൻ പിടിച്ചുകെട്ടാൻ തുടങ്ങിയിരിക്കുന്നു. തീർത്തും ആശ്വാസമേകുന്ന വാർത്തയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡിസംബറിനു ശേഷം ഏറ്റവും കുറവ് കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയ ദിവസമായിരുന്നു ഇന്നലെ കടന്നു പോയത്, 406 മരണങ്ങൾ മാത്രം. അതുപോലെ ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചത് 18,607 പേരിൽ മാത്രം.

കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ, പുതിയ രോഗികളുടെ എണ്ണത്തിൽ 16.2 ശതമാനം കുറവുണ്ടായപ്പോൾ കോവിഡ് മരണത്തിന്റെ കാര്യത്തിൽ 31.4ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, ഞായറാഴ്‌ച്ച മറ്റൊരു 3,22,000 പേർക്കു കൂടി വാക്സിൻ നൽകിയതോടെ ബ്രിട്ടനിൽ വാക്സിന്റെ ആദ്യ ഡോസ് ലഭിക്കുന്നവരുടെ എണ്ണം 9.3 ദശലക്ഷമായി ഉയർന്നു. 15 മില്ല്യൺ ആളുകൾക്ക് ഫെബ്രുവരി 15 ന് മുൻപായി വാക്സിൻ നൽകുവാനാണ് സർക്കാർ ഉദ്ദേശിച്ചിട്ടുള്ളത്.

ലോക്ക്ഡൗൺ ഫലവത്തായതായും വാക്സിനുകൾ മികച്ചരീതിയിൽ പ്രവർത്തിക്കുന്നതായും തെളിയുന്നതായി അവകാശപ്പെട്ട ബോറിസ് ജോൺസൺ, ഈ വർഷം വേനൽക്കാലത്ത് ഉല്ലാസയാത്രകൾ സാധ്യമായേക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. യോർക്ക്ഷയറിലെ ഒരു വാക്സിനേഷൻ കേന്ദ്രം സന്ദർശിക്കുമ്പോഴായിരുന്നു അദ്ദേഹം ഇതുപറഞ്ഞത്. രോഗവ്യാപനത്തിന്റെ ഗ്രാഫ് തിരശ്ചീനമാകുക മാത്രമല്ല, താഴോട്ട് പോകാനും തുടങ്ങിയിട്ടുണ്ടെന്നാണ് ആശുപത്രികളിൽ ചികിത്സതേടി എത്തുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ കുറവ് ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബ്രിട്ടനിൽ എട്ടിടങ്ങളിലായി ദക്ഷിണാഫ്രിക്കൻ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ പലയിടങ്ങളിലും വ്യാപകമായ തോതിൽ രോഗ പരിശോധന നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ വീടുകളിൽ എത്തി പരിശോധനകൾ നടത്തും. രോഗലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിൽ പോലുമ്പരിശോധനക്ക് വിധേയരാകണമെന്ന് അധികൃതർ പറയുന്നു. ബ്രിട്ടനിലെ എട്ടിടങ്ങളിലായി ബി.1.351 എന്നറിയപ്പെടുന്ന, ദക്ഷിണാഫ്രിക്കയിൽ ജനിതകമാറ്റം സംഭവിച്ച പുതിയ ഇനം കൊറോണ ബാധിച്ച 105 കേസുകളാണ് ഇപ്പോൾ ബ്രിട്ടനിൽ ഉള്ളത്.

കെന്റിൽ കണ്ടെത്തിയ ഇനം കൊറോണയെ പോലെ ദക്ഷിണാഫ്രിക്കൻ ഇനത്തിലും എൻ 501 വൈ എന്നറിയപ്പെടുന്നതരം മ്യുട്ടേഷനാണ് സംഭവിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന് മുൻഗാമികളേക്കാൾ വേഗത്തിൽ പടർന്നുപിടിക്കാൻ കഴിയും. സ്പൈക്ക് പ്രോട്ടീനിൽ മ്യുട്ടേഷൻ സംഭവിച്ചതിനാൽ, നിലവിലുള്ള വാക്സിനുകൾ ഇതിനെ പ്രതിരോധിക്കാൻ മതിയാകുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. എന്നാൽ, ഒരല്പം കാര്യക്ഷമത കുറവാണെങ്കിൽ കൂടി ഈ പുതിയ ഇനം വൈറസിനെ പ്രതിരോധിക്കാൻ നിലവിലുള്ള വാക്സിനുകൾക്ക് കഴിയും എന്നുതന്നെയാണ് തെളിഞ്ഞിട്ടുള്ളത്.

കൊറോണയുടെ രണ്ടാം വരവിനെ അടിച്ചമർത്താൻ സാധിച്ച ആശ്വാസത്തിൽ സ്‌കൂളുകൾ ഈ വരുന്ന മാർച്ച് 8 ന് തുറന്നു പ്രവർത്തിക്കുവാൻ ബോറിസ് ജോൺസൺ ആലോചിക്കുന്നതായ ചില സൂചനകൾ ലഭിച്ചു. നിലവിലുള്ള കൊറോണതരംഗം ഏതാണ്ട് കെട്ടടങ്ങാറായി എന്ന് വിദഗ്ദരുടെ അഭിപ്രായങ്ങൾ വന്ന സാഹചര്യത്തിലാണ് ഇത്. സ്‌കൂളുകൾ തുറക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുവാൻ ബോറിസ് ജോൺസൺ നിർദ്ദേശം നൽകിയതായിട്ടാണ് മനസ്സിലാക്കൻ കഴിയുന്നത്. മാത്രമല്ല. പഠനം പുനരാരംഭിക്കുമ്പോൾ അതുമായി ഒത്തുപോകുവാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന നിരവധി പുതിയ നടപടികളും ഉണ്ടായേക്കും.

ബ്രിട്ടന്റെ വാക്സിനേഷൻ പദ്ധതി പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ട് പോകുന്നതോടെ സർക്കാരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അടുത്തയാഴ്‌ച്ച മുതൽ 65 വയസ്സിനു മേൽ പ്രായമുള്ളവർക്ക് വാക്സിൻ കൊടുത്തുതുടങ്ങും. 65 നും 69 നും ഇടയിൽ പ്രായമുള്ള ഏകദേശം 3 ദശലക്ഷം ആളുകൾക്ക് ഇതുസംബന്ധിച്ച കത്തുകൾ അയച്ചുതുടങ്ങി. മുൻകൂട്ടി നിശ്ചയിച്ചതിന് വിപരീതമായി ചിലയിടങ്ങളിൽ 70 വയസ്സിന് താഴെയുള്ളവർക്കും ഫെബ്രുവരി 15 ന് മുൻപായി ആദ്യഡോസ് നൽകാനാകും എന്ന് ചുരുക്കം.