- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തായ് വാൻ അതിർത്തിയിൽ എല്ലാ ദിവസവും പട്ടാള അഭ്യാസം പതിവാക്കി ചൈന; യുദ്ധത്തിനുള്ള പരിശീലനമെന്ന് പാശ്ചാത്യ മാധ്യമങ്ങൾ; ലക്ഷ്യം തായ് വാനോ ഹോങ്കോംഗോ അതോ ഇന്ത്യയോ? ചൈന യുദ്ധത്തിനൊരുങ്ങുമ്പോൾ അയൽ രാജ്യങ്ങൾക്ക് ചങ്കിടിപ്പ്
ജനുവരി മാസം ഏതാണ്ട് എല്ലാ ദിവസവും തായ്വാൻ അതിർത്തിയിൽ ചൈനയുടെ യുദ്ധവിമാനങ്ങൾ എത്തി സൈനികാഭ്യാസം നടത്തിയിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.
എപ്പോൾ വേണമെങ്കിലും ഉണ്ടായേക്കാവുന്ന ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പാണ് ഇതെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നത്. കഴിഞ്ഞ മാസം 30 വ്യത്യസ്ത ദിവസങ്ങളിലാണ് ചൈനീസ് വിമാനങ്ങൾ തായ്വാന്റെ വ്യോമാതിർത്തി ലംഘിച്ചതായി കണ്ടത് എന്ന് തായ്വാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തായ്വാന്റെ സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുന്നത് ചൈനയോടുള്ള യുദ്ധത്തിന് സമാനമാണെന്ന് കഴിഞ്ഞയാഴ്‌ച്ച ചൈന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപുറമേയാണ് തായ്വാൻ അതിർത്തിയിൽ സൈനിക വിന്യാസം ആരംഭിച്ചതും. തായ്വാനെ ചൈനയുടെ പരമാധികാരത്തിലുള്ള പ്രദേശമായാണ് ചൈന കണക്കാക്കുന്നത്.
അതുകൊണ്ടുതന്നെയാണ് തായ്വാന്റെ വ്യോമാതിർത്തികൾ ലംഘിച്ച് ചൈനീസ് ഫൈറ്റർ വിമാനങ്ങൾ കടന്നുകയറുന്നതും. ഈ ദ്വീപ് രാഷ്ട്രത്തിലെ ജനാധിപത്യ സർക്കാർ, രാജ്യത്തെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണെന്നാണ് ചൈന കണക്കുകൂട്ടുന്നത്. എന്നാൽ തായ്വാൻ പ്രസിഡണ്ട് പറയുന്നത് തായ്വാൻ ഇപ്പോൾ തന്നെ ഒരു സ്വതന്ത്ര രാഷ്ട്രമാണെന്നാണ്.
അതേസമയം, ചൈനയുടെ തയ്യാറെടുപ്പുകൾ തായ്വാനെതിരെ തന്നെ ആയിക്കൊള്ളണമെന്നില്ല എന്നാണ് പാശ്ചാത്യ മാധ്യമങ്ങളിൽ ചൈനീസ് നിരീക്ഷകർ എഴുതുന്നത്. ഇത് ശ്രദ്ധതിരിക്കാനുള്ള ഒരുഉപാധിയായിരിക്കാം. ഒരുപക്ഷെ ചൈന ലക്ഷ്യംവയ്ക്കുന്നത് ഹോങ്കോംഗിൽ ഒരു കനത്ത രീതിയിലുള്ള അടിച്ചമർത്തലോ അല്ലെങ്കിൽ ഇന്ത്യക്കെതിരെയുള്ള ഒരു യുദ്ധമോ ആകാമെന്നുമാണ് അവർ പറയുന്നത്. അതേസമയം, തായ്വാനോട് കൂടുതൽ അടുക്കുന്ന അമേരിക്കക്കുള്ള മുന്നറിയിപ്പും ആകാം ഇതെന്ന് കരുതുന്നവരുമുണ്ട്.
തായ്വാൻ കടലിടുക്കിലെ സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഇവിടെ സൈനിക പരിശീലനം നടക്കുന്നതെന്നാണ് ചൈനയുടെ ഔദ്യോഗിക ഭാഷ്യം. ഈ മേഖല പൂർണ്ണമായും ചൈനയുടെ അധികാരപരിധിയിലുള്ളതാണെന്നും വിദേശ ശക്തികൾ ഇവിടെ പ്രവേശിക്കരുതെന്നും ചൈന കർശനമായ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ചൈനീസ് സമുദ്രാതിർത്തിക്കുള്ളിൽ വിദേശ ബോട്ടുകളേയോ കപ്പലുകളേയൊ കണ്ടാൽ വെടിവയ്ക്കാൻ തീരദേശ സേനക്ക് അധികാരം നൽകുന്ന തരത്തിൽ അടുത്തയിടെ നിയമത്തിൽ ചില ഭേദഗതികളും ചൈന വരുത്തിയിരുന്നു.
അതുപോലെ തായ്വാൻ ചൈനയുടെ അവിഭാജ്യ ഭാഗമാണെന്ന വാദത്തിൽ ചൈന ഉറച്ചു നിൽക്കുകയാണ്. സ്വതന്ത്രമാകാൻ ശ്രമിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് അവർ തായ്വാൻ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. തീകൊണ്ട് കളിക്കുന്നവർ പൊള്ളലേറ്റു മരിക്കും എന്നാണ് ഇതിനെക്കുറിച്ച് ഒരു ചൈനീസ് വക്താവ് പ്രതികരിച്ചത്. എന്നാൽ, തായ്വാന്റെ നിശ്ചയദാർഢ്യം ചൈന മനസ്സിലാക്കണമെന്നും തങ്ങളുടെ ശക്തി കുറച്ചുകാണരുതെന്നും തായ്വാനും പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ