ർഷങ്ങളോളം തന്നെ അലട്ടിയ വിഷാദ രോഗത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി നമിത. കടുത്ത വിഷാദവും ആത്മഹത്യാ ചിന്തയും തന്റെ ജീവിതം ഇരുട്ടിലാക്കിയിരുന്നെന്നും അതിൽ നിന്നും പഴയ ജീവിതത്തിലേക്കെത്താൻ സഹായിച്ചത് യോഗയും ധ്യാനവുമാണെന്നും താരം വ്യക്തമാക്കി. അമിതഭാരമാണ് വിഷാദരോഗത്തിലേക്ക് തന്നെ നയിച്ചതെന്നു നമിത പറയുന്നു. സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിനൊപ്പം താരം തന്റെ രണ്ടു ചിത്രങ്ങളും പങ്കു വച്ചു.

ഇതിൽ ഒരു ചിത്രം 10 വർഷങ്ങൾക്കു മുൻപും ഒരു ചിത്രം ഏതാനും നിമിഷങ്ങൾക്കു മുൻപും എടുത്തതാണെന്ന് താരം പറയുന്നു. മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ഇക്കാര്യം പങ്കുവയ്ക്കുന്നതെന്നും നമിത പറഞ്ഞു. 'കടുത്ത വിഷാദത്തിലായിരുന്നു ഞാൻ. ആളുകളുമായി ഇടപഴകുന്നതിൽനിന്നുപോലും വിഷാദം എന്നെ പിന്തിരിപ്പിച്ചു. എന്റെ ഉറക്കം നഷ്ടപ്പെട്ടു. രാത്രികാലങ്ങളിൽ അമിതമായി ആഹാരം കഴിച്ചു. ഭക്ഷണത്തിലാണ് ഞാൻ എല്ലായ്‌പ്പോഴും ആശ്രയം കണ്ടെത്തിയത്. എല്ലാ ദിവസവും പിസ കഴിച്ചു. വളരെ പെട്ടന്ന് തന്നെ എന്റെ ശരീര ഭാരം 97 കിലോയിലെത്തി. ഞാൻ മദ്യത്തിന് അടിമയാണെന്നു വരെ ആളുകൾ പറയാനാരംഭിച്ചു. പിസിഒഡിയും തൈറോയ്ഡും എന്നെ അലട്ടിയിരുന്ന കാര്യം എനിക്കു മാത്രമേ അറിയാമായിരുന്നുള്ളൂ. ഞാൻ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കാൻ തുടങ്ങി. എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. അഞ്ചു വർഷത്തോളം ആ വേദന അതനുഭവിച്ചു.' നമിത പറയുന്നു.

ഒടുവിൽ ഇഷ്ട ദൈവമായ കൃഷ്ണനെ കണ്ടതായും മന്ത്രങ്ങൾ ഉരുവിട്ടു ധ്യാനിക്കാൻ തുടങ്ങിയതായും നമിത വ്യക്തമാക്കി. 'ഡോക്ടറുടെ സഹായം തേടിയില്ല, തെറാപ്പിയും ചെയ്തില്ല. ധ്യാനമായിരുന്നു എന്റെ തെറാപ്പി. ഒടുവിൽ ഞാൻ സമാധാനവും സ്‌നേഹവും എന്തെന്നറിഞ്ഞു. നിങ്ങൾ അന്വേഷിക്കുന്നത് എന്തു തന്നെ ആകട്ടെ, അത് നിങ്ങളുടെ ഉള്ളിൽ തന്നെയുണ്ട്'. താരം പറയുന്നു. അതേസമയം വിഷാദരോഗത്തിന് ഡോക്ടർമാരുടെ സഹായം തേടണമെന്നും ഇത്തരം മാർഗങ്ങളല്ല സ്വീകരിക്കേണ്ടതെന്നും വിമർശകർ പറയുന്നു.