ചെന്നൈ: നാലു മണിക്കൂറോളം മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിം കളിച്ച പ്ലസ് ടു വിദ്യാർത്ഥി തലകറങ്ങി വീണു മരിച്ചു. പുതുച്ചേരിയിൽ വല്ലിയനൂരിലെ വി. മനവളി അന്നൈ തേരസ നഗറിലെ പച്ചയപ്പന്റെ മകൻ ദർശൻ (16) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിയോടെ ദർശൻ മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

ഓൺ ലൈൻ ഗെയിം ആയ 'ഫയർ വാൾ' ആണ് ദർശൻ മൊബൈൽ ഫോണിൽ ഇയർ ഫോൺ ഉപയോഗിച്ച് കളിച്ചിരുന്നതെന്ന് പച്ചയപ്പൻ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. രാത്രി 11.40-ന് പിതാവ് മുറിയിലെത്തി പരിശോധിച്ചപ്പോൾ ദർശൻ അബോധാവസ്ഥയിലായിരുന്നു. ഉടനെ വീട്ടിനടുത്തുള്ള സ്വകാര്യാശുപത്രിയിലേക്കും പിന്നീട് ജിപ്‌മെർ ആശുപത്രിയിലേക്കും കൊണ്ടു പോയി. ജിപ്‌മെറിൽ നടത്തിയ പരിശോധനയിൽ ദർശൻ മരിച്ചതായി ഡോക്ടർ അറിയിക്കുകയായിരുന്നു.

ദർശന് മറ്റു അസുഖങ്ങളുണ്ടായിരുന്നോ എന്ന് അന്വേഷിക്കുമെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.