- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആഴക്കടൽ വിവാഹ വേദിയായി; കൊട്ടും കുരവയും ഇല്ലാതെ ശാന്തമായ സമുദ്രത്തെ സാക്ഷിയാക്കി ചിന്നദുരൈയും ശ്വേതയും വിവാഹിതരായി: വിവാഹം നടന്നത് കടലിന് 60 അടി താഴ്ചയിൽ
ചെന്നൈ: ആഴക്കടൽ വിവാഹ വേദിയാക്കി ചെന്നൈയിൽ ഐ.ടി. എൻജിനിയർമാരായ വി. ചിന്നദുരൈയും ശ്വേതയും. വിവാഹത്തിനുള്ള ശുഭമുഹൂർത്തം കുറിക്കാതെ ശാന്തമായ സമുദ്രത്തെ കാത്തിരുന്ന ഇരുവരും തിങ്കളാഴ്ച രാവിലെയാണ് കടലിൽ 60 അടി താഴ്ചയിലെത്തി വിവാഹിതരായത്. സമുദ്രത്തിനകത്ത് വെച്ച് വിവാഹിതരാകാനുള്ള ഉറച്ച തീരുമാനം ഇരുവരും എടുത്തതോടെ വീട്ടുകാരും ഒപ്പം നിൽക്കുക ആയിരുന്നു.തിരുവണ്ണാമലൈ സ്വദേശിയാണ് ചിന്നദുരൈ. കോയമ്പത്തൂർ സ്വദേശിനിയാണ് വധു ശ്വേത.
കടൽ ശാന്തമായപ്പോൾ ചെന്നൈയ്ക്കടുത്ത നീലാങ്കര കടൽത്തീരത്തുനിന്ന് നാലര കിലോമീറ്റർ സഞ്ചരിച്ചാണ് ഇവർ ആഴക്കടലിലെ വിവാഹ വേദിയിലേക്ക് ഊളിയിട്ടത്. വിവാഹ വസ്ത്രത്തിനുപുറത്ത് സ്‌കൂബാ ഡൈവിനുള്ള സ്യൂട്ട് ധരിച്ചായിരുന്നു ഇരുവരും കടലിന്റെ അടിത്തട്ടിലേക്ക് യാത്ര ആയത്. വിവാഹത്തിന് തീരദേശ പൊലീസിൽനിന്ന് അനുമതി വാങ്ങിയിരുന്നു. സുരക്ഷയ്ക്കായി എട്ട് ഡൈവർമാരും ഒപ്പമുണ്ടായിരുന്നു.
വിവാഹം വെള്ളത്തിനടിയിൽ വച്ചാകണമെന്നത് ചിന്നദുരൈയുടെ ആഗ്രഹമായിരുന്നു. ഇക്കാര്യം ശ്വേതയുടെ ബന്ധുക്കളെ അറിയിച്ചപ്പോൾ ജീവൻ അപായപ്പെടുത്തി എന്തിനൊരു വിവാഹം എന്ന നിലപാടിലായിരുന്നു അവർ. ഈ ഭയത്തിൽനിന്ന് ശ്വേതയെ പിന്തിരിപ്പിച്ചതും ചിന്നദുരൈ ആയിരുന്നു.
പിന്നീട് പരിശീലനം നേടുകയും സ്‌കൂബ ഡൈവിങ് പഠിക്കുകയും ചെയ്തപ്പോൾ ശ്വേതയിൽ ആത്മവിശ്വാസമുണ്ടായി. അംഗീകൃത സ്‌കൂബാ ഡൈവറാണ് ചിന്നദുരൈ. ''ഞങ്ങൾ 45 മിനിറ്റ് വെള്ളത്തിനടിയിൽ ചെലവഴിച്ചു. ഞാൻ ശ്വേതയ്ക്ക് പൂച്ചെണ്ട് നൽകി. തുടർന്ന് താലി ചാർത്തി.'' -ചിന്നദുരൈ പറയുന്നു. ഈ വിവാഹം തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് ശ്വേതയും പറഞ്ഞു.
ഡൈവിങ് പരിശീലകൻ എസ്.ബി. അരവിന്ദ് തരുൺ ശ്രീയാണ് ഇരുവർക്കും പരിശീലനം നൽകിയത്. താലികെട്ടുകഴിഞ്ഞ് ഇരുവരും കരയിലെത്തി ബാക്കി ചടങ്ങുകൾ പൂർത്തിയാക്കുകയായിരുന്നു.