തൊരാളുടെ ജീവിതത്തിനും ഒരു ലക്ഷ്യമുണ്ടാകുമത്രെ, ഒരു കാരണമുണ്ടാകുമത്രെ, ഒരു കടമയുണ്ടാകുമത്രെ. അത് നിർവഹിച്ചുകഴിഞ്ഞാൽ മാത്രമേ ആ അത്മാവ് ഭൂമി വിട്ടുപോവുകയുള്ളു. പലപ്പോഴായി കേട്ടിട്ടുള്ള ഒരു കാര്യമാണിത്. ഇതാ, ഇപ്പോൾ ഒരാത്മാവ് തന്റെ ജീവിതം ലക്ഷ്യം നിറവേറ്റി തിരിച്ചുപോകുമ്പോൾ വീണ്ടും ഇത് ഓർമ്മവരുന്നു. ഒരു നൂറ്റാണ്ടിലേറെക്കാലം ജീവിച്ചത് മനുഷ്യരെ ജീവിതമെന്തെന്ന് പഠിപ്പിക്കുവാനായിരുന്നു, മനുഷ്യത്വവും സ്നേഹവും എന്തെന്ന് പഠിപ്പിക്കാനായിരുന്നു. ശാരീരികവും മാനസികവുമായി ഏവരും തകർന്നിരിക്കുന്ന പ്രതിസന്ധിഘട്ടത്തിൽ ഏവർക്കും പ്രത്യാശയും ആത്മവിശ്വാസവും പകർന്നുതന്ന ആ ആത്മാവ് ഈ ഭൂമി വിട്ടൂ പറന്നകന്നിരിക്കുന്നു.

ക്യാപ്റ്റൻ ടോം മുറേ ഏതാണ്ട് നൂറു വയസ്സുവരെത്തന്നെ ഒരു സാധാരണ വ്യക്തി മാത്രമായിരുന്നു. ഒരുപക്ഷെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രം അറിയാവുന്ന ഒരു സാധാരണ മനുഷ്യൻ. ഭൂതകാലസ്മരണകൾ അയവിറക്കി, മക്കളുടെയും കൊച്ചുമക്കളുടെയും ഒപ്പം ജീവിതം ജീവിച്ചു തീർക്കുന്ന ഒരു മുത്തച്ഛൻ. ഒരു മുൻ സൈനിക ഉദ്യോഗസ്ഥൻ. എന്നാൽ, കാലം മൂറിനായി കാത്തുവച്ചിരുന്നത് അതായിരുന്നില്ല. ചില നിർണ്ണായക ഘട്ടങ്ങളിൽ വിധി ഒരു നിയോഗം പോലെയെത്തും ജീവിതത്തെ തന്നെ തിരുത്തിയെഴുതാൻ. അല്ലെങ്കിൽ, നമ്മുടെ ജീവിതത്തിന്റെ ഉദ്ദേശ്യം പൂർത്തീകരിക്കാൻ നമ്മളെ സഹായിക്കാൻ.

അത്തരമൊരു നിയോഗമായിരുന്നു കാപ്റ്റൻ സർ ടോം മൂറെന്ന മുൻ സൈനിക ഉദ്യോഗസ്ഥനെ ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം നേടാൻ സഹായിച്ചത്. ലോക്ക്ഡൗൺ വരുന്നതിനും രണ്ടുമാസം മുൻപേ വീടിനുള്ളിൽ തളയ്ക്കപ്പെട്ടിരുന്നു ഈ മുൻസൈനികോദ്യോഗസ്ഥൻ. അടുക്കളയിൽ കാലിടറി വീണതിനെ തുടർന്ന് നട്ടെല്ലിന് പരിക്ക് സംഭവിച്ചതുകൊണ്ടായിരുന്നു വീടിനകത്തു തന്നെ കഴിയാൻ വിധിക്കപ്പെട്ടത്. ഏതൊരു പ്രതിസന്ധിയിലും തളരാത്ത മനസ്സും ഒഴിയാത്ത നർമ്മബോധവുമുള്ള ടോം മൂറിന് ഈ പ്രതിസന്ധിയേയും നേരിടാൻ ബുദ്ധിമുട്ടുണ്ടായില്ല.

സാഹചര്യവുമായി പൊരുത്തപ്പെട്ടു വരുമ്പോഴായിരുന്നു കോവിഡ് എത്തുന്നത്. ബ്രിട്ടനിലെ ആദ്യ ലോക്ക്ഡൗൺ. വീൽചയറിൽ നിന്നുമിറങ്ങി നിലത്ത് കാലുകുത്താനുള്ള ക്യാപ്റ്റന്റെ ആദ്യ ശ്രമം വിജയിച്ചതോടെ അദ്ദെഹം വീല്ചെയറിനെ കൈവിടുന്നു. സാവധാനം നടക്കാൻ തുടങ്ങിയ അദ്ദേഹം ഒരു തമാശയ്ക്ക് തന്റെ മകളോടും മരുമകനോടും കൊച്ചുമക്കളോടും പറയുന്നു, തന്റെ വരുന്ന ജന്മദിനത്തിനു മുൻപ് താൻ വീടിനു ചുറ്റും നൂറുതവണ നടക്കുമെന്ന്. അങ്ങനെ ചെയ്താൽ തന്റെ വക 100 പൗണ്ട് സമ്മാനമെന്ന് മരുമകൻ കോളിൻ.

ഇതാണ് ക്യാപ്റ്റൻ മൂറിനെ വഴിമാറ്റി ചിന്തിപ്പിച്ചത്. അന്ന് കൊറോണയുടെ ഒന്നാം വരവിന്റെ മൂർദ്ധന്യഘട്ടം. പലവിധത്തിലും എൻ എച്ച് എസിനു മേൽ സമ്മർദ്ദം ഏറിയ കാലം. തന്നെ ചികിത്സിക്കുന്ന, തന്റെ ഭാര്യയെ മരണം വരെ ശുശ്രൂഷിച്ച എൻ എച്ച് എസിന് എന്തെങ്കിലും തിരികെ നൽകേണ്ട സമയമായിരിക്കുന്നു. അങ്ങനെയാണ് ഫണ്ട് റൈസിങ് എന്ന ആശയം മനസ്സിൽ ഉദിച്ചത്. മരുമകന്റെ 100 പൗണ്ട് നല്ലൊരു ശകുനമായി. മകൾ ഹന്നയാണ് ഫണ്ട് റൈസിങ് പേജ് ക്രിയേറ്റ് ചെയ്തത്. അപ്പോൾ ലക്ഷ്യം 1000 പൗണ്ട് ശേഖരിക്കുക എന്നതായിരുന്നു.

24 മണിക്കൂറിനുള്ളിൽ ആ ലക്ഷ്യം പൂർത്തിയായി. അധികം താമസിയാതെ സംഭാവനകൾ 20,000 പൗണ്ട് കടന്നപ്പോൾ ബി ബി സി ബ്രേക്ക്ഫാസ്റ്റിൽ ക്യാപ്റ്റനുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്തു. അന്ന് ലോക്ക്ഡൗണിനെ അതിജീവിക്കാനുള്ള ഒരു ഉപദേശം നൽകാൻ ടി വി അവതാരകൻ ആവശ്യപ്പെട്ടപ്പോഴാണ്, ഇപ്പോൾ ലോകമാകെ ഏറ്റെടുത്തുകഴിഞ്ഞ ആ വരികൾ അദ്ദേഹം പറഞ്ഞത്.'' നാളെ തീർച്ചയായും ഒരു നല്ല ദിവസമായിരിക്കും. എന്റെ ഇന്ന് നല്ലതായിരുന്നു, നാളെ ഇതിലും നല്ലതായിരിക്കും.'' പ്രതിസന്ധിക്കാലത്ത് പ്രത്യാശയുടെ നവമുകുളങ്ങൾ വിരിയിച്ച്, ആത്മവിശ്വാസം പകർന്ന് ലോകമാകെ സമൂഹ മാധ്യമങ്ങളിൽ ഹാഷ്ടാഗായി മറിയിരുന്നു'' നാളെ തീർച്ചയായും ഒരു നല്ല ദിവസമായിരിക്കും'' എന്ന വാക്കുകൾ.

ഈ അഭിമുഖം കഴിഞ്ഞതോടെ അതുവരെ ഒരു സാധാരണ മനുഷ്യനായിരുന്ന ടോം മൂർ ഒരു സെല്ബ്രിറ്റിയായി മാറുകയായിരുന്നു. ജന്മദിന സമ്മാനങ്ങളായി വിവിധ വസ്തുക്കൾ അദ്ദേഹത്തിന്റെ പേരിലെത്തി. ഭക്ഷണസാധനങ്ങൾ മുതൽ മദ്യക്കുപ്പികൾ വരെ ഉണ്ടായിരുന്നു അതിൽ. അവയെല്ലാം തന്നെ പ്രാദേശിക ആശുപത്രികളിലും, ഹോസ്പീസുകളിലും കെയർഹോമുകളിലും വിതരണം ചെയ്യുകയാണ് ഉണ്ടായത്.

സംഭാവന, 2.5 ലക്ഷം പൗണ്ട് കവിഞ്ഞപ്പോഴായിരുന്നു മറ്റൊരു ടി വി അവതാരകനായ പിയേഴ്സ് മോർഗൻ അദ്ദേഹത്തോട് 1 മില്ല്യൺ പൗണ്ട് എന്ന ലക്ഷ്യം വയ്ക്കാൻ ആവശ്യപ്പെട്ടത്. പിന്നെ കണ്ടത്, ഫണ്ടിലേക്ക് 2 മില്ല്യൺ വരുന്നതായിരുന്നു. അത് 3 മില്ല്യൺ ആയി 4 മില്ല്യൺ ആയി. എന്തിനധികം, ക്യാപ്റ്റൻ ടോം മൂർ തന്റെ നൂറാമത്തെ വട്ടം പൂർത്തിയാക്കുമ്പോൾ അദ്ദേഹം രൂപീകരിച്ച സഹായനിധിയിലേക്ക് ഒഴുകിയെത്തിയത് 32.8 ദശലക്ഷം പൗണ്ട്. സമ്മാനങ്ങളും മറ്റുമായി കിട്ടിയ മറ്റൊരു 6.1 മില്ല്യൺ പൗണ്ടുകൂടി കൂട്ടുമ്പോൾ, 38.9 മില്ല്യൺ പൗണ്ട്. ഇതിനു മുൻപ് നടന്ന സകല ഫണ്ട് റൈസിംഗുകളേയും പിന്തള്ളി ഇതോടെ ടോം മൂർ ഗിന്നസ് ബുക്കിലും ഇടം പിടിച്ചു.

1940-ൽ കേവലം 20 വയസ്സുള്ളപ്പോഴാണ് അദ്ദേഹം സൈന്യത്തിൽ ഒരു കമ്മീഷൺ ഓഫീസറായി ചേരുന്നത്. അന്നത്തെ ആംഗ്ലോ-ബർമ്മീസ് യുദ്ധം കൊടുമ്പിരി കൊള്ളുന്ന ബർമ്മീസ് യുദ്ധമുഖത്തായിരുന്നു ടോമിന്റെ ആദ്യ പോസ്റ്റിങ്. മോട്ടോർ ബൈക്കുകളുടെ ആരാധകനായിരുന്ന ടോം അന്ന് തന്റെ സ്വന്തം ബൈക്കും കൂടെ ബർമ്മക്ക് കൊണ്ടുപോയിരുന്നു. തന്റെ പ്രിയതമയെ കണ്ടുവരാൻ സർജന്റ് മേജറിന് ഈ ബൈക്ക് കൊടുക്കാറുള്ളതിനാൽ നീണ്ട റൂട്ട് മാർച്ചിനൊന്നുംതനിക്ക് പോകേണ്ടി വന്നിട്ടില്ല എന്ന് ഒരുകുസൃതിചിരിയോടെ അദ്ദേഹം പറയുമായിരുന്നു.

പിന്നീട് രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇന്ത്യൻ സൈനികർക്ക് യുദ്ധപരിശീലനം നൽകുന്ന ക്യാമ്പിലായി അദ്ദേഹത്തിന്റെ ജോലി. ജപ്പാനെതിരെ കൊടുങ്കാടുകളിലൂടെ ടാങ്ക് ഓടിക്കുവാൻ പരിശീലിപ്പിക്കലായിരുന്നു അതിൽ പ്രധാനം. എന്നാൽ കൊടുംവനം ടാങ്കുകൾക്ക് അനുയോജ്യമല്ലെന്ന് കണ്ട സൈനിക മേധാവികൾ ടോമിനെ മോട്ടോർസൈക്കിൾ പരിശീലകനാക്കി. കടുത്ത കാട്ടിടവഴികളിലൂടെ മലയും കുന്നും കയറി അപകടമൊന്നുമില്ലാതെ ലക്ഷ്യസ്ഥാനത്തെത്തി രഹസ്യ സന്ദേശങ്ങൾ കൈമറുന്ന സന്ദേശവാഹകരെ പരിശീലിപ്പിക്കലായിരുന്നു പ്രധാന ഉദ്ദെശം.

1944- ൽ അദ്ദേഹം ക്യാപ്റ്റനായി നിയമിക്കപ്പെട്ടു. കാട്ടിലൂടെയുള്ള സേനാ നീക്കങ്ങൾക്കിടയിൽ ഒരു ക്യാമ്പിൽ നിന്നും മറ്റൊന്നിലേക്ക് മോട്ടോർബൈക്ക് ഓടിച്ചു പോകലായിരുന്നു അദ്ദേഹത്തിന്റെ ജോലി. കൈയിൽ പ്രത്യേക സന്ദേശങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല. താൻ അടുത്ത ക്യാമ്പിൽ പോയി തിരിച്ചെത്തിയാൽ, വഴിയിൽ ശത്രുക്കൾ ഇല്ലെന്നർത്ഥം. അപ്പോൾ ട്രൂപ്പ് മൊത്തമായി മുന്നോട്ട് നീങ്ങും. ശത്രുക്കൾ ഉണ്ടെങ്കിൽ താൻ തിരിച്ചുവരില്ലെന്നറിയാം. അങ്ങനെ വന്നില്ലെങ്കിൽ, അവർ യുദ്ധസജ്ജരായി ശത്രുവിനെ നേരിടാൻ ഇറങ്ങു. ഒരിക്കൽ തന്റെ ജോലിയെ കുറിച്ച് അദ്ദേഹം പറഞ്ഞതാണിത്.

ഇതിനിടയിൽ ഇന്ത്യയിലാകെ തീവണ്ടിയാത്ര ചെയ്ത മൂർ പിന്നീട് ബ്രിട്ടനിൽ തിരിച്ചെത്തി 1949-ൽ വിവാഹിതനായി. മാനസികമായ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്ന ആ സ്ത്രീയോടൊപ്പം ജീവിക്കാൻ തീരുമാനിച്ചത് തെറ്റായിപ്പോയെന്ന് ആദ്യരാത്രി തന്നെ തിരിച്ചറിഞ്ഞെങ്കിലും നീണ്ട 20 വർഷക്കാലം അവർ ഒന്നിച്ചു ജീവിച്ചു. അതിനു ശേഷമാണ് തന്റെ സഹപ്രവർത്തകയും 15 വയസ്സ് ഇളയതുമായ പമേലയെ അദ്ദേഹം വിവാഹം കഴിക്കുന്നത്. ഇവർക്ക് രണ്ടു മക്കളുണ്ട്.

എന്നാൽ, തന്റെ അമ്പതാം വയസ്സിൽ പമേലയ്ക്ക് മറവിരോഗം പിടിപെട്ടതോടെ ക്യാപ്റ്റന്റെ ജീവിതം വീണ്ടും പ്രതിസന്ധിയിലായി. അദ്ദേഹത്തിന് 86 വയസ്സുള്ളപ്പോഴായിരുന്നു ഭാര്യ മരണമടയുന്നത്. ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ടുപോയിട്ടും വിധിയോട് കീഴടങ്ങാൻ ഈ സൈനികന് മനസ്സുവന്നില്ല. ഒറ്റക്ക് പൊരുതി. കൊറോണയെന്ന ഭീകരൻ തനിക്ക് ചുറ്റുമുള്ളവരെ ആക്രമിക്കുന്നതു കണ്ടപ്പോൾ കൈയും കെട്ടി ചാരുകസേരയിലിരുന്ന് വിശ്രമജീവിതം നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

കൊറോണക്കെതിരെ മനുഷ്യസ്നേഹത്തിന്റെ ചങ്ങലകൾ വിളക്കിച്ചേർത്ത അദേഹം, ഏവർക്കുംഈ പ്രതിസന്ധിയെ നേരിടാൻ ആത്മവിശ്വാസവും ധൈര്യവും നൽകി. യുവാക്കൾക്ക് പോലും ഹരമായി നൂറാം വയസ്സിലും ജീവിച്ച ഈ പോരാളിയെ ബ്രിട്ടനും സർ പദവി നൽകി ആദരിച്ചു. ബ്രിട്ടീഷ് സൈന്യം അദ്ദേഹത്തിന് ഓണററി കേണൽ പദവി നൽകി. എന്നാൽ, ഇതൊന്നും ഇഷ്ടപ്പെടാതെ ഒരു ദുഷ്ടജന്മം ദൂരെ മാറിയിരുന്ന് പല്ല്ഞ്ഞരുമ്മുന്നുണ്ടായിരുന്നു, കൊറോണയെന്ന രാക്ഷസ വൈറസ്. തനിക്കെതിരെ പടവാളുയർത്തിയ ഈ സൈനികനേയും കോവിഡ് കീഴടക്കി. കൂടെ ന്യൂമോണിയബാധയും ഉണ്ടായതോടെ അദ്ദെഹം മരണത്തിനു കീഴടങ്ങുകയായിരുന്നു.