- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
57ആം വയസ്സിൽ റിട്ടയർ ചെയ്ത് ലോകത്തെ ഏറ്റവും സമ്പന്നൻ; ആമസോൺ സി ഇ ഒ ജെഫ് ബെസോസ് പടവിറങ്ങുന്നത് ലോകത്തെ ഏറ്റവും വലിയ കമ്പനിക്ക് ചുക്കാൻ പിടിച്ച്; കൊറോണ കാലത്ത് ലാഭം ഇരട്ടിപ്പിച്ച മാജിക്കുകാരൻ ചുമതല ഒഴിഞ്ഞാലും കമ്പനി വിട്ടു പോകില്ല
ഇന്ന് ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും സുപരിചിതമായ പേരാണ് ആമസോൺ. 27 വർഷങ്ങൾക്ക് മുൻപ്, തന്റെ മുൻ ഭാര്യയോടൊപ്പം അടിത്തറ പാകിയ ആമസോൺ എന്ന ഓൺലൈൻ ഷോപ്പിങ് പ്രസ്ഥാനത്തെ ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ ബ്രാൻഡുകളീലൊന്നാക്കി മാറ്റിയ, അതിന്റെ അമരക്കാരൻ തന്റെ ചുമതലകൾ വിട്ടൊഴിഞ്ഞ് വിശ്രമജീവിതത്തിലേക്ക് പോവുകയാണ്. ഇന്ന്, 1.7 ട്രില്ല്യൺ ഡോളറിന്റെ ആസ്തിയുള്ള ആമസോണിന്റെ സി ഇ ഒ ജെഫ് ബെസോസ് തന്റെ അമ്പത്തിയേഴാം വയസ്സിൽ സ്ഥാനം ഒഴിയുന്നു.
ഏകദേശം 13 ലക്ഷത്തോളം വരുന്ന ആമസോൺ ജീവനക്കാർക്കെഴുതിയ എഴുത്തിലാണ് ജെഫ് ബെസോസ് തന്റെ തീരുമാനം അറിയിച്ചിരിക്കുന്നത്. താൻ കമ്പനി ഉപേക്ഷിച്ച് പോവുകയല്ലെന്നും മറിച്ച് ഇനി തന്റെ വ്യക്തിപരമായ ഇഷ്ടങ്ങൾക്കൊപ്പം ജീവിതം ജീവിച്ചു തീർക്കാൻആഗ്രഹിക്കുകയാണെന്നുമായിരുന്നു അദ്ദേഹം കത്തിൽ വിശദമാക്കിയത്. ബഹിരാകാശം മുതൽ കാലാവസ്ഥാ വ്യതിയാനം വരെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട നിരവധി സ്വപ്ന പദ്ധതികൾ മനസ്സിലിട്ടുനടക്കുന്നയാളാണ് ബെസോസ്.
ആമസോൺ സാമ്രാജ്യത്തിന്റെ ഭാഗമായ ആമസോൺ വെബ് സർവീസസിന്റെ നിലവിലെ സി ഇ ഒ, ആൻഡി ജാസ്സി അദ്ദേഹത്തിനു പകരമായി ചുമതല ഏറ്റെടുക്കും. കഴിഞ്ഞ 24 വർഷമായി കമ്പനിയോടൊപ്പമുള്ള ജാസ്സിയാണ് 40 ബില്ല്യൺ ഡോളർ മൂല്യമുള്ള ആമസോൺ ഇന്റർനെറ്റ് -ഡോമിനേറ്റിങ് മെഷിൻ ഇന്നത്തെ രീതിയിലേക്ക് വളർത്തിക്കൊണ്ടുവന്നവരിൽ പ്രധാനി. നിലവിൽ ഇന്റർനെറ്റിന്റെ ക്ലൗഡ് ബിസിനസ്സിൽ മൂന്നിലൊന്നും കൈകാര്യം ചെയ്യുന്നത് ആമസോൺ വെബ് സർവ്വീസസ് ആണ്.
ഇനിമുതൽ ബെസോസിന്റെ സ്ഥാനം എക്സിക്യുട്ടീവ് ചെയർ എന്നതായിരിക്കും. പുതിയ ഉദ്പന്നങ്ങളിലുംസേവനങ്ങളിലും ആയിരിക്കും അദ്ദേഹം ശ്രദ്ധയൂന്നുക. അതേസമയം എ ഡബ്ല്യൂ എസ്സിൽ, ജാസീയുടെ ഒഴിവിലേക്ക് ആരെ നിയമിക്കും എന്നതിൽ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല. 2020 ലെ നാലാം പാദത്തിൽ കമ്പനിയുടെ വരുമാനം 100 ബില്ല്യൺ പൗണ്ടിലേറെയായി വർദ്ധിച്ച വിവരം അറിയിച്ചുകൊണ്ടാണ് ബെസോസ് തന്റെ തീരുമാനവും പ്രഖ്യാപിച്ചത്. എന്നാൽ, ഈ വർഷം അവസാനത്തോടുകൂടിമാത്രമേ അദ്ദേഹം ചുമതല വിട്ടൊഴിയൂ എന്നാണ് കരുതപ്പെടുന്നത്.
2020-ൽ ആമസോണിന്റെ ഓഹരിമൂല്യം 85 ശതമാനമാണ് വർദ്ധിച്ചത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി താൻ വഹിച്ചിരുന്ന ചുമതല നിറവേറ്റാൻ ഏതാണ്ട് പൂർണ്ണ സമയം തന്നെ ചെലവാക്കേണ്ടതായി വന്നെന്നും അതിനാൽ ഇപ്പോൾ താൻ ഒരു മാറ്റം ആഗ്രഹിക്കുന്നു എന്നുമാണ് അദ്ദേഹം കത്തിൽ സൂചിപ്പിക്കുന്നത്.
അതേസമയം, ആമസോണിന്റെ പ്രധാന സംരംഭങ്ങളിലെല്ലാം ഇനിയും ബെസോസിന്റെ സാന്നിദ്ധ്യം ഉണ്ടാകുമെന്നതും ഉറപ്പായിട്ടുണ്ട്. എങ്കിലും ഇനിയുള്ള കാലം താൻ കൂടുതൽ ശ്രദ്ധ നൽകുക ഡേ1 ഫണ്ട്, ബെസോസ് എർത്ത് ഫണ്ട്, ബ്ലൂ ഒറിജിൻ, വാഷിങ്ടൺ പോസ്റ്റ് എന്നിവയിലും തന്റെ മറ്റ് വ്യക്തിപരമായ കാര്യങ്ങളിലും ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
27 വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ യാത്ര ആരംഭത്തിൽ കേവലം ഒരു ആശയം മാത്രമായിരുന്നു എന്ന് അദ്ദേഹം കത്തിൽ സൂചിപ്പിക്കുന്നു. ആ യാത്രയാണ് ഇന്ന് ലോകമാകെ 13 ലക്ഷം ജീവനക്കാരുള്ള ഒരു വലിയ സംരംഭമായി ഉയർന്നത്. 1994 ൽ തന്റെ മുൻഭാര്യയുമൊത്തുള്ള ഒരു യാത്രക്കിടയിലായിരുന്നു ബെസോസ് ആമസോൺ സ്ഥാപിക്കുന്നത്. ആ യാത്ര അദ്ദേഹത്തെ എത്തിച്ചത് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി എന്ന പദവിയിലെക്കായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ