- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭീകരനായ കെന്റ് വകഭേദം വീണ്ടും ജനിതകമാറ്റം സംഭവിച്ചു പെരുകുന്നു; വാക്സിനേഷൻ വിജയിക്കുമ്പോഴുംബ്രിട്ടനെ ഭയപ്പെടുത്താൻ കെന്റ്; ദക്ഷിണാഫ്രിക്കൻ വകഭേദവും പെരുകുന്നു
വളരുതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന കെന്റ് വകഭേദം വീണ്ടും തന്റെ സ്വഭാവം കാണിച്ചിരിക്കുന്നു എന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു. അതിവ്യാപനശേഷിയുള്ള ഈ ഇനം കൊറോണവൈറസിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചിരിക്കുന്നു. ഇത് തീർച്ചയായും ആശങ്കയുളവാക്കുന്ന ഒരു ജനിതകമാറ്റമാണെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ദക്ഷിണാഫ്രിക്കൻ വകഭേദത്തോട് തുലയമായ പ്രഹരശേഷി ഇത് കൈവരിച്ചിരിക്കുന്നത്രെ!
നിലവിൽ സംഭവിച്ച ജനിതകമാറ്റം, ഒരിക്കൽ രോഗം വന്നവരിൽ രൂപപ്പെടാറുള്ള സ്വാഭാവിക പ്രതിരോധ ശേഷിയെ റ്റതിജീവിക്കുവാൻ ഇതിനെ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇതേ കഴിവാണ് നേരത്തെ ദക്ഷിണാഫ്രിക്കൻ വകഭേദത്തിലും ബ്രസീലിയൻ വകഭേദത്തിലും കണ്ടെത്താനായത് എന്നും അവർ പറയുന്നു. അതുകൊണ്ടുതന്നെ ഇത് നിലവിലുള്ള വാക്സിനുകൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്നും അവർ ആശങ്കപ്പെടുന്നു.
ക്കെന്റ് വൈറസ് ബാധിച്ച ചുരുങ്ങിയത് 11 പേരിലെങ്കിലും ജനിതകമാറ്റം സംഭവിച്ച പുതിയ കെന്റ് ഇനത്തെ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഭാവിയിൽ ബ്രിട്ടനിലെ പ്രധാന രോഗകാരി ഇതായിരിക്കും എന്ന ഭയവും ഇതോടെ സംജാതമായിട്ടുണ്ട്. നിലവിൽ തന്നെ എൻ 501 വൈ എന്ന മ്യുട്ടേഷൻ ദക്ഷിണാഫ്രിക്കൻ ഇനത്തിനും കെന്റ് ഇനത്തിനും പൊതുവായി ഉണ്ട്. ഈ ജനിതകമാറ്റമാണ് ഈ ഇനങ്ങളുടെ വ്യാപനശേഷി വർദ്ധിപ്പിക്കുന്നത്. ഇപ്പോൾ കണ്ടെത്തിയ ഇ 484 കെ എന്ന മ്യുട്ടേഷൻ തുടരുകയാണെങ്കിൽ, ഈ രണ്ട് ഇനങ്ങളുംസമാനസ്വഭാവമുള്ളവയായി മാറും.
ഇ 484 കെ എന്ന മ്യുട്ടേഷനാണ് അത്യന്തം അപകടകാരിയായി ശാസ്ത്രലോകം വിലയിരുത്തുന്നത്. ഇത് വൈറസിന്റെ ബാഹ്യാവരണത്തിലുള്ള കുന്തമുനകളുടെ രൂപത്തിലുള്ള പ്രോട്ടീനിന്റെ ആകൃതി മാറ്റും. അതിനാൽ, ശരീരത്തിൽ പ്രവേശിക്കുന്ന ഇവയെ തിരിച്ചറിയാൻ, പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ആന്റിബോഡികൾക്ക് കഴിയാതെ വന്നേക്കാം. വാക്സിൻ വഴി സംജതമാകുന്ന ആന്റിബോഡികൾക്കും പഴയ ആകൃതിയിലുള്ള വൈറസുകളെ മാത്രമേ തിരിച്ചറിയുവാൻ കഴിയുകയുള്ളു.
ഇത് അപകട സാധ്യത വർദ്ധിപ്പിക്കുകയും വാക്സിനേഷന്റെ കാര്യക്ഷമത കുറയ്ക്കുകയും ചെയ്തേക്കാം എന്നാണ് ശാസ്ത്രലോകം ഭയക്കുന്നത്. അതേസമയം, ജനിതകമാറ്റം സംഭവിക്കുക എന്നത് വൈറസിന്റെ ജീവചക്രത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒരു പ്രക്രിയയാണ്. സ്വാഭവികമായി നടക്കുന്ന ഈ പ്രക്രിയ തടയുവാനും കഴിയില്ല. ഏതായാലും, നിലവിൽ ഈ പുതിയ ഇനം കാര്യമായി വ്യാപിച്ചിട്ടില്ല എന്നത് ആശ്വാസം പകരുന്ന ഒരു കാര്യമാണ്. ഇതിന്റെ വ്യാപനം തടയുവാനായി കൂടുതൽ കരുതൽ എടുക്കേണ്ടതുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്.
അതേസമയം ദക്ഷിണാഫ്രിക്കൻ ഇനത്തിന്റെ സാന്നിദ്ധ്യം ബ്രിട്ടനിലെ മറ്റ് 33 പേരിൽ കൂടി കണ്ടെത്തിയത് വീണ്ടും ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ മൊത്തം 143 പേരിലാണ് അതീവ വ്യാപനശേഷിയും അതിതീവ്ര പ്രഹരശേഷിയുമുള്ള ഈ ഇനം വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ഡിസംബറിലായിരുന്നു ബ്രിട്ടനിൽ ഇതിന്റെ സാന്നിദ്ധ്യം ആദ്യമായി കണ്ടെത്തിയത്. ഇതിന്റെ വ്യാപനം തടയുവാനായി, വീടുകൾ തോറും കയറിയിറങ്ങിയുള്ള രോഗപരിശോധനയുൾപ്പടെയുള്ള നടപടികൾ കൈക്കൊള്ളുന്നതിനിടയിലാണ് ഇരുട്ടടിയായി കെന്റ് ഇനത്തിന് വീണ്ടും ജനിതക മാറ്റം സംഭവിച്ചിരിക്കുന്നത്.
ദക്ഷിണാഫ്രിക്കൻ ഇനത്തെ കണ്ടെത്തിയവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇവരൊന്നും തന്നെ ദക്ഷിണാഫ്രിക്കൻ യാത്ര നടത്തിയവരല്ലെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, ഈ ഇനം വൈറസുകളെ കണ്ടെത്തിയ എട്ടിടങ്ങളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനം വീടുവിട്ട് പുറത്തിറങ്ങരുതെന്ന കർശന നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പൊലീസിന് പ്രത്യേക അധികാരങ്ങളും നൽകിയിട്ടുണ്ട്.