പേരിനും പ്രശസ്തിക്കും വേണ്ടി പലവഴികളും സ്വീകരിക്കുന്നവരെ നാം കാണാറുണ്ട്. അതേസമയം വേറെ ചിലരെ പ്രശസ്തിയും കീർത്തിയുമൊക്കെ അങ്ങോട്ട് തേടിച്ചെല്ലും. മനസ്സിലെ നന്മ അവരെക്കൊണ്ട് ചെയ്യിക്കുന്ന പ്രവർത്തികൾ അവർക്ക് ജനമനസ്സിലൊരു ഇടം നേടിക്കൊടുക്കും, അവർ അതിനായി ശ്രമിച്ചില്ലെങ്കിൽ പോലും. അത്തരമൊരു വ്യക്തിത്വമാണ് ക്യാപ്റ്റൻ സർ ടോം മൂർ. കോവിഡിനെതിരെ പോരാടാൻ ഒരു ജനതയ്ക്ക് മനോധൈര്യവും ആവേശവും നൽകിയ ഈ മനുഷ്യൻ ഓർമ്മയായി മാറിയപ്പോൾ ഒരു രാജ്യം മുഴുവൻ ഒത്തുചേരുകയായിരുന്നു ആദരാഞ്ജലികൾ അർപ്പിക്കാൻ.

ബ്രിട്ടനിലങ്ങോളമിങ്ങോളം ലക്ഷക്കണക്കിന് ജനങ്ങളാണ് ഇന്നലെ വൈകിട്ട് തങ്ങളുടെ വീട്ടുപടിക്കൽ ഇറങ്ങി നിന്ന് ക്യാപ്റ്റൻ സർ ടോം മൂറിനോടുള്ള ആദരവ് പ്രകടിപ്പിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് ഡൗണിങ് സ്ട്രീറ്റിൽ കരഘോഷം മുഴക്കി ആദരവ് സമർപ്പിക്കുന്നറ്റിന് നേതൃത്വം നൽകിയത്. ക്യാപ്റ്റൻ മൂറിന്റെ കുടുംബാംഗങ്ങളും ഇതിൽ പങ്കെടുത്തിരുന്നു.

ആദ്യകൊറോണക്കാലത്താണ് ഈ രണ്ടാം ലോകമഹായുദ്ധ പോരാളിക്ക് ജനങ്ങളുടെ മനസ്സിൽ വീരപരിവേഷം ലഭിക്കുന്നത്. തന്റെ നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സ്വന്തം വീടിനുചുറ്റും നൂറു വട്ടം നടന്ന് ക്രൗഡ് ഫംണ്ടിംഗിലൂടെ 33 മില്ല്യൺ പൗണ്ടോളം എൻ എച്ച് എസിനായി ശേഖരിച്ച മൂറിന് എലിസബത്ത് രാജ്ഞി സർ പദവി നൽകി ആദരിച്ചിരുന്നു. ബ്രിട്ടീഷ് സൈന്യം അദ്ദേഹത്തിന് ഓണററി കേണൽ പദവിയും നൽകിയിരുന്നു.

ഇന്നലെ ഉച്ചയോടുകൂടി പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു മുൻപായി എം പി മാർ ക്യാപ്റ്റൻ മൂറിന്റെ ഓർമ്മയ്ക്ക് മുന്നിൽ ഒരു നിമിഷം നിശബ്ദരായി നിന്ന് ആദരവുകൾ സമർപ്പിച്ചിരുന്നു. അതിനുശേഷമാണ് ബോറിസ് ജോൺസൺ ബ്രിട്ടീഷുകാരോട് കരഘോഷം മുഴക്കി ക്യാപ്റ്റന് ആദരാഞ്ജലികൾ അർപ്പിക്കാൻ ആവശ്യപ്പെട്ടത്. വൈകിട്ട് 5 മണിക്കുള്ള തന്റെ കോവിഡ് പത്രസമ്മേളനം കഴിഞ്ഞയുടൻ പരിപാടി ആരംഭിക്കുമെന്നായിരുന്നു ബോറിസ് പറഞ്ഞത്.

അദ്ദേഹം തന്റെ ഒരു മകളോടും കുടുംബത്തോടുമൊപ്പം തന്റെ അവസാനകാലം ചെലവഴിച്ച ബെഡ്ഫോർഡ്ഷയറിലെ വസതിക്ക് മുൻപിൽ പുഷ്പചക്രങ്ങൾ നിരവധിയാണ് സമർപ്പിക്കപ്പെട്ടത്. മാത്രമല്ല, ഈസ്റ്റ് ബെല്ഫാസ്റ്റിൽ ക്യാപ്റ്റൻ മൂറിന്റെ ഒരു കൂറ്റൻ ചുമർചിത്രം പ്രത്യക്ഷപ്പെടുകയും ചെയ്തു. ക്യാപ്റ്റനെ അവസാനകാലത്ത് ശുശ്രൂഷിച്ച നഴ്സുമാരും ഡോക്ടർമാരും രാജ്യത്തോടൊപ്പം അദ്ദേഹത്തിന് ആദരവു സമർപ്പിക്കുവാൻ ചേര്ന്നു. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഒരു നല്ല പ്രചോദനം തന്നെയായിരുന്നു ക്യപ്റ്റൻ സർ ടോം മൂർ എന്ന് ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടി.

ഏറ്റവും അത്യാവശ്യ ഘട്ടത്തിൽ എൻ എച്ച് എസിന് ധനം സമാഹരിച്ചു നൽകി എന്നത് വലിയൊരു കാര്യം തന്നെയാണ്. എന്നാൽ, അതിനേക്കാൾ മഹത്തരമായ കാര്യം, സ്വന്തം പ്രവർത്തിയിലൂടെ എൻ എച്ച് എസ് ജീവനക്കാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും, കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ ജനങ്ങൾ അവർക്കൊപ്പം തന്നെ എന്ന് ബോദ്ധ്യപ്പെടുത്താനും കഴിഞ്ഞൂ എന്നതാണ്. മാത്രമല്ല, കാരുണ്യമുള്ള ഒരു ഹൃദയമുണ്ടെങ്കിൽ, ഏതുവിധേനയും മറ്റൊരാൾക്ക് തണലാകാമെന്നും സ്വന്തം പ്രവർത്തികൊണ്ട് അദ്ദേഹം തെളിയിച്ചു.

മഹാവ്യാധിയുടെ കാലത്ത്, മനുഷ്യത്വം എന്തെന്ന് കാണിച്ചുതന്ന ഈ മഹത്വ്യക്തിയുടെ പ്രതിമ സ്ഥാപിക്കണമെന്ന അവശ്യം ഉയർന്നിട്ടുണ്ട്. ഇതിനെ പിന്തുണച്ച് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം മൂറിന്റെ പ്രതിമ ഒരു യാഥാർത്ഥ്യമാക്കുവാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബോറിസ് ജോൺസന് നൽകുവാൻ ഒരു കത്ത് തയ്യാറാക്കിയിരിക്കുകയാണ് സുപ്രസിദ്ധ ടി വി താരം അമാൻഡ ഹോൾഡൻ.