അബുദാബി: കോവിഡിനെ തുടർന്ന് സൗദി അറേബ്യ ഇന്ത്യ, യുഎഇ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്കു പ്രവേശന വിലക്ക് ഏർപ്പെടുത്തിയതോടെ ഇന്ത്യക്കാരുടെ മടക്കയാത്ര അനിശ്ചിതത്വത്തിലായി. ഇതോടെ മലയാളികൾ അടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരാണ് സൗദിയിൽ പ്രവേശിക്കാനാവാതെ യുഎഇയിൽ കുടുങ്ങിയത്. ഇന്ത്യയിൽനിന്നു നേരിട്ടു വിമാന സർവീസ് ഇല്ലാത്തതിനാൽ യുഎഇയിലെത്തി സൗദിയിലേക്കു പോയിരുന്നതും നിലച്ചതോടെ ആയിരക്കണക്കിന് മലയാളികൾ വെട്ടിലായി.

പലരും തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിലാണുള്ളത്. വിലക്കിന്റെ സമയ പരിധി വ്യക്തമാക്കാത്തതാണ് മലയാളികളെ ആശങ്കയിലാക്കുന്ന മറ്റൊരു പ്രധാന വസ്തുത. ഒന്നുകിൽ നാട്ടിലേക്ക് തിരിച്ചു പോകുക അല്ലെങ്കിൽ കനത്ത നഷഅടം സഹിച്ചും അവിടെ തുടരുക എന്നതാണ് ഇവർക്ക് മുന്നിലുള്ള പോം വഴി. ക്വാറന്റൈൻ പൂർത്തിയാക്കിയ 700 മലയാളികൾ ഇന്നലെ മൂന്ന് വിമാനങ്ങളിലും രണ്ട് ബസുകളിലുമായി രാത്രി 9നു മുൻപ് അതിർത്തി കടന്നു. രാത്രി 9ന് ആണു വിലക്ക് പ്രാബല്യത്തിലായത്.

അതിനിടെ, സൗദിയുമായുള്ള എയർ ബബ്ൾ കരാർ ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തി നിൽക്കെ പുതിയ നിയന്ത്രണം വന്നതുമൂലം നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നത് വൈകാനാണു സാധ്യതയെന്ന് ഇന്ത്യൻ എംബസി സൂചിപ്പിച്ചു. എന്നാൽ, സൗദിയിൽനിന്ന് ഇന്ത്യയിലേക്കുള്ള വന്ദേഭാരത് സർവീസ് തുടരും. യാത്രാവിലക്കുള്ള രാജ്യങ്ങൾ വഴി വരുന്ന ഇതരരാജ്യക്കാർക്കും വിലക്കുണ്ട്. ആരോഗ്യ പ്രവർത്തകർക്കും നയതന്ത്രജ്ഞർക്കും സൗദി പൗരന്മാർക്കും ഏതു രാജ്യത്തുനിന്നായാലും വിലക്ക് ബാധകമല്ല.