തിരുവനന്തപുരം: പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി ആറു മാസം വരെ നീട്ടുന്നതിനു പിഎസ്‌സിയോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. 2021 ഫെബ്രുവരി 3 മുതൽ ഓഗസ്റ്റ് 2 വരെയുള്ള കാലയളവിൽ അവസാനിക്കുന്ന എല്ലാ റാങ്ക് പട്ടികകളുടെയും കാലാവധി 2021 ഓഗസ്റ്റ് മൂന്ന് വരെ ദീർഘിപ്പിക്കാനാണു ശുപാർശ.

473 റാങ്ക് പട്ടികകളിലുള്ള ഒട്ടേറെ ഉദ്യോഗാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നാളെയോ എട്ടിനോ ചേരുന്ന പിഎസ്‌സി യോഗം മന്ത്രിസഭാ ശുപാർശ പരിഗണിക്കും. ശുപാർശ അംഗീകരിക്കാനാണു സാധ്യത. പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടുവരികയായിരുന്നു.

14 ജില്ലകളിലെയും എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ്, സ്റ്റാഫ് നഴ്‌സ്, വിവിധ വകുപ്പുകളിലെ ഡ്രൈവർ റാങ്ക് പട്ടികകൾ നീട്ടുന്നവയിൽ ഉൾപ്പെടുന്നു. ഏപ്രിൽ, മെയ്‌, ജൂൺ, ജൂലൈ മാസങ്ങളിലെ വിരമിക്കൽ മൂലമുണ്ടാകുന്ന ഒഴിവുകൾ ഈ പട്ടികയിൽ ഉള്ളവർക്കു ലഭിക്കും. എൽഡി ക്ലാർക്ക് പട്ടികയുടെ കാലാവധി ഏപ്രിൽ ഒന്നിന് അവസാനിക്കാനിരിക്കുകയായിരുന്നു.

സർക്കാർ ജീവനക്കാരുടെ പുതുക്കിയ ശമ്പളം ഏപ്രിൽ ഒന്നു മുതൽ
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കു ശമ്പള പരിഷ്‌കരണ കമ്മിഷൻ ശുപാർശ ചെയ്ത പുതുക്കിയ ശമ്പളം ഏപ്രിൽ 1 മുതൽ വിതരണം ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. വിരമിക്കൽ നീട്ടിവയ്ക്കില്ല.

പരമാവധി 10% വീട്ടുവാടക അലവൻസ് ഉൾപ്പെടെ കമ്മിഷൻ നിർദേശിച്ച എല്ലാ ആനുകൂല്യങ്ങളും ഏപ്രിൽ ഒന്നിനു തന്നെ (മാർച്ചിലെ ശമ്പളം) നൽകിത്തുടങ്ങും. ഇതു സംബന്ധിച്ച ഉത്തരവ് 2 ദിവസത്തിനകം പുറത്തിറക്കും.

2019 ജൂലൈ 1 മുതലും (4%) 2020 ജനുവരി 1 മുതലുമുള്ള (3%) ക്ഷാമബത്തകളുടെ കുടിശിക അനുവദിച്ചും ഉടൻ ഉത്തരവിറക്കുമെന്നാണു സൂചന. ഇതോടെ ഏപ്രിൽ 1 മുതൽ വിതരണം ചെയ്യുന്ന പുതിയ അടിസ്ഥാന ശമ്പളത്തിനൊപ്പം 7% ക്ഷാമബത്തയ്ക്കു കൂടി ജീവനക്കാർക്ക് അർഹതയുണ്ടാകും. ക്ഷാമബത്ത കുടിശിക പിഎഫിൽ ലയിപ്പിക്കാനാണു സാധ്യത. ഉത്തരവ് ഈയാഴ്ച ഇറക്കും. പെൻഷൻ പരിഷ്‌കരണം നടപ്പാക്കുന്നതു സംബന്ധിച്ച് 10 നു ചേരുന്ന മന്ത്രിസഭാ യോഗമാണു തീരുമാനമെടുക്കുക.