കുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങളുമായി ഗൾഫ് രാജ്യങ്ങൾ. സൗദി അറേബ്യ ഇന്ത്യയടക്കം 20 വിദേശ രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ കുവൈത്തും ഒമാനും ഖത്തറും അടക്കം ഗൾഫ് രാജ്യങ്ങളെല്ലാം തന്നെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങൾ കർശനമാക്കുകയാണ്.

കുവൈത്തിൽ വിദേശികൾക്ക് വിലക്ക് ഏർപ്പെടുത്തി. ഞായറാഴ്ച മുതൽ രണ്ടാഴ്ച കുവൈത്തിൽ വിദേശികൾക്കു പ്രവേശനം അനുവദിക്കില്ല. എന്നാൽ, വന്ദേഭാരത് വിമാന സർവീസുകളെ നിരോധനം ബാധിക്കില്ലെന്നത് ഇന്ത്യക്കാർക്ക് ആശ്വാസകരമാണ്. വന്ദേഭാരത് വിമാനത്തിൽ ആരോഗ്യ/വിദ്യാഭ്യാസ മന്ത്രാലയം ജീവനക്കാർക്കും ഗാർഹിക തൊഴിലാളികൾക്കും കുവൈത്തിലെത്താം. കുവൈത്തിൽ നിന്നുള്ള ആർക്കും ഈ വിമാനങ്ങളിൽ തിരിച്ചുവരികയുമാവാം. കച്ചവടസ്ഥാപനങ്ങൾ രാത്രി 8 മുതൽ രാവിലെ 5 വരെ അടച്ചിടും. സലൂണുകളും ഹെൽത്ത് ക്ലബ്ബുകളും പ്രവർത്തിക്കില്ല.

ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്കു പ്രവേശന വിലക്കേർപ്പെടുത്തിയതിനു പിന്നാലെ വിനോദപരിപാടികൾ 10 ദിവസത്തേക്കും വിവാഹ പാർട്ടികളും കോർപറേറ്റ് മീറ്റിങ്ങുകളും ഒരു മാസത്തേക്കും വിലക്കി. തിയറ്ററുകൾ, ഷോപ്പിങ് സെന്ററുകളിലും റസ്റ്ററന്റുകളിലുമുള്ള ഗെയിം, ജിം, കായിക കേന്ദ്രങ്ങൾ 10 ദിവസം തുറക്കില്ല. കോവിഡ് കണക്കുകൾ ഉയർന്നതോടെ ഒമാനിലും കർശന നിയന്ത്രണങ്ങളാണ് തിങ്കളാഴ്ച വൈകിട്ട് ആറു വരെ കര അതിർത്തികൾ അടച്ചു. കായിക മത്സരങ്ങൾ, പ്രദർശനങ്ങൾ, മറ്റു പൊതുപരിപാടികൾ എന്നിവ വിലക്കി. അതേസമയം രാജ്യത്ത് ലോക്ഡൗൺ പരിഗണനയിൽ ഇല്ല. അടിയന്തര സാഹചര്യമുണ്ടായാലേ വിമാനത്താവളം അടച്ചിടൂ എന്നും അധികൃതർ വ്യക്തമാക്കി.

കുവൈറ്റിന് പിന്നാലെ യുഎഇയും കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി. പബ്ബുകളും ബാറുകളും അടച്ചു. ഗ്ലോബൽ വില്ലേജിലെയടക്കം വിനോദപരിപാടികൾ നിർത്തിവച്ചു. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റി. യുഎഇയിലേക്കു വരുന്നവർ 72 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് ഫലം കാണിക്കണം. ദുബായ് വീസക്കാർ ജിഡിആർഎഫ്എ സൈറ്റിലും മറ്റ് എമിറേറ്റുകളിലെ വീസക്കാർ ഐസിഎ സൈറ്റിലും രജിസ്റ്റർ ചെയ്യണം. തലസ്ഥാന എമിറേറ്റായ അബുദാബിയിലേക്കു പ്രവേശിക്കണമെങ്കിൽ കടുത്ത നിബന്ധനകളുണ്ട്.

ഖത്തർ വിവാഹങ്ങൾക്ക് വിലക്കേർപ്പെടുത്തി. ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ വിവാഹങ്ങൾ നടത്താൻ പാടില്ല. എങ്കിലും വീടുകളിലെയും മജ്ലിസുകളിലെയും വിവാഹച്ചടങ്ങുകൾക്കു നിയന്ത്രണങ്ങളോടെ ഇളവുണ്ട്. കളിസ്ഥലങ്ങൾ അടച്ചു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ നേരിട്ടെത്തി ജോലി ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കാൻ നിർദേശിച്ചു. 50% ശേഷിയിൽ തന്നെ ക്ലാസ്മുറി-ഓൺലൈൻ മിശ്രപഠന സംവിധാനം തുടരും.

കോവിഡിന്റെ രണ്ടാം വകഭേദം കണ്ടെത്തിയതിനാൽ പ്രതിരോധം ശക്തം. റസ്റ്ററന്റുകളിലും കഫേകളിലും ഇരുന്നു ഭക്ഷണം കഴിക്കാനാകില്ല. അധ്യയനം ഓൺലൈനാക്കി. ഇന്ത്യയിലും യുഎഇയിലും കുടുങ്ങിയ സൗദി വീസക്കാർക്ക് ഒമാൻ, ബഹ്‌റൈൻ വഴി സൗദിയിലേക്ക് പോകാം. സന്ദർശകവീസയിൽ ഒമാനിലും ബഹ്‌റൈനിലും എത്തി 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വേണം യാത്ര. ചെലവു കൂടും. വീസ ഓൺ അറൈവൽ ലഭിക്കുന്ന ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നവർക്കു മാത്രമേ ബഹ്‌റൈൻ വഴി സൗദിയിലെത്താനാകൂ. ഒമാൻ വഴി എല്ലാവർക്കും യാത്രയാകാം.