ബ്രിട്ടനിലായിരുന്നെങ്കിൽ ആരും ശ്രദ്ധിക്കുക പോലുംചെയ്യാതെ വിട്ടുകളയുന്ന ഒരു സന്ദേശമാണ് എഫ് എന്ന ഇംഗ്ലീഷ് അക്ഷരത്തിൽ ആരംഭിക്കുന്ന നാലക്ഷര പദമുള്ള സന്ദേശം. എന്നാൽ, അത് ഈ ബ്രിട്ടീഷ് വനിതക്ക് നഷ്ടപ്പെടുത്തുന്നത് ഒരു പക്ഷെ സ്വന്തം ജീവിതമാകാം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മൂന്നുമാസം മുൻപ് ഉണ്ടായ ഒരു നിസാര വഴക്കിന്റെ പേരിൽ ഇന്ന് നാട്ടിൽ തിരിച്ചെത്താനാകാതെ ഈ 31 കാരി വലയുകയാണ്. ബ്രിട്ടനിൽ അവർക്ക് ഈയിടെ ലഭിച്ച ജോലിയും നഷ്ടമായേക്കും. ചുമരിൽ തലതല്ലിക്കരയുന്ന യുവതിയുടെ കഥ ആരുടെയും കരളലിയിക്കുന്നതു തന്നെ.

ദുബായിയിൽ ഇവർ താമസിച്ചിരുന്ന ഫ്ളാറ്റിൽ ഒപ്പം ഉണ്ടായിരുന്നത് ഒരു ഉക്രെയിൻ വനിതയായിരുന്നു. തീൻ മേശ ഉപയോഗിക്കുന്നതിനെ ചൊല്ലി ഇരുവർക്കും ഇടയിലുണ്ടായ ഒരു ചെറിയ തർക്കമാണ് ഈ 31 കാരിയുടെ ജീവിതം തന്നെ തകർത്തുകളഞ്ഞത്. തർക്കത്തിനൊടുവിൽ, കോപം തീർക്കാനായാണ് ബ്രിട്ടനിലൊക്കെ സർവ്വസാധാരണമായ ആ സന്ദേശം അവർ അയച്ചത്. എന്നാൽ യു എ ഇയിലെ കർശനമയ സൈബർ നിയമങ്ങൾ അനുസരിച്ച് അത്തരമൊരു സന്ദേശം അയക്കുന്നത് ക്രിമിനൽ കുറ്റമാണ്.

ഉക്രെയിൻ വനിത നൽകിയ പരാതി അന്വേഷണഘട്ടത്തിലായതിനാൽ ഇവർക്ക് ദുബായ് വിട്ടുപോകാൻ കഴിയില്ല. ഇവരുടേ ഫോൺഫൊറെൻസിക് ടീം പരിശോധിച്ചു കഴിയുന്നതുവരെ കേസിൽ മേൽ നടപടികളും ഉണ്ടാകില്ല. പരാതി നൽകിയ ഉക്രെയിൻ വനിത അത് പിൻവലിക്കാൻ തയ്യാറാവാതായതോടെ ഇവരുടെ ദുരിതങ്ങൾ വർദ്ധിക്കുകയാണ്. ഉണ്ടായിരുന്ന തൊഴിൽ നഷ്ടപ്പെട്ടു. ഇപ്പോൾ മറ്റൊരു സുഹൃത്തിന്റെ ഫ്ളാറ്റിലെ സ്വീകരണമുറിയിലെ സോഫയിലാണിവരുടെ ഉറക്കം.

ഫെബ്രുവരി 12 ഓടെ ഇവരുടെ വിസയുടെ കാലാവധിയും തീരുകയാണ്. അതിനു മുൻപായി ദുബായിൽ നിന്നും തിരിച്ച് ബ്രിട്ടനിലെത്താൻ ആരെങ്കിലുമൊക്കെ സഹായിക്കും എന്ന പ്രതീക്ഷയിലാണിവർ. ഇത്തരത്തിൽ ഒരു സന്ദേശം അയച്ചതായി ഇവരും സമ്മതിക്കുന്നുണ്ട്. എന്നാലും, ഫൊറെൻസിക് ടീമിന്റെ പരിശോധനാഫലം വരാതെ മേൽനടപടി വേണ്ടെന്ന അഭിപ്രായമാണ് പ്രോസിക്യുട്ടർമാർക്ക് ഉള്ളത്. അതുവരാൻ ഇനി എത്ര സമയം എടുക്കുമെന്നതിനെ കുറിച്ച് ആർക്കും ഒരു ധാരണയുമില്ല.

നേരത്തേ ഇവരുടെ വീട്ടുസാധനങ്ങളെല്ലാം ബ്രിട്ടനിലേക്ക് തിരികെ കയറ്റി അയച്ചിരുന്നു. ബ്രിട്ടനിലേക്കുള്ള പരിമിതമായ വിമാനടിക്കറ്റുകളിലൊന്നും ഇവർക്ക് ലഭിച്ചിരുന്നു. എന്നാൽ, വിമാനത്താവളത്തിൽ വെച്ച് ദുബായ് പൊലീസ് ഇവരെ തടയുകയായിരുന്നു. കേസ് നിലനിൽക്കുന്നതിനാൽ ദുബായ് വിടാൻ ഇവർക്ക് അനുവാദമില്ലെന്നായിരുന്നു പൊലീസ് ഇവരെ അറിയിച്ചത്. നേരത്തേ, തന്റെ ഭർത്താവിന്റെ രണ്ടാം ഭാര്യയെ കുതിര എന്ന് വിശേഷിപ്പിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട ലാലേ ഷർവേഷ് എന്ന യുവതിക്ക് നേരിടേണ്ടിവന്ന അതേ സാഹചര്യമാണ് ഇപ്പോൾ ഇവർക്കും ഉണ്ടായിട്ടുള്ളത്.

സറേയിലുള്ള റിച്ച്മണ്ടിൽ താമസിക്കുകയായിരുന്ന ഷരാവേഷ് തന്റെ ഭർത്താവിന്റെ മരണശേഷം ദുബായിലേക്ക് പോയിരുന്നു. അവിടെ എത്തിയപ്പോഴാണ് അവർ അറിയുന്നത് രണ്ട് വർഷം മുൻപ് താൻ ഇട്ട ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ ഭർത്താവിന്റെ രണ്ടാം ഭാര്യ തനിക്കെതിരെ പരാതി നൽകിയ കാര്യം. ഏതായാലും 625 പൗണ്ട് പിഴ ഇട്ടതിനു ശേഷം അവർക്ക് തിരികെ ബ്രിട്ടനിലേക്ക് പറക്കാൻ കഴിഞ്ഞു.

ഇപ്പോൾ ഈ യുവതിയും ഇതുപോലെ കഴിഞ്ഞ ഒക്ടോബറിൽ അയച്ച ഒരു സന്ദേശത്തിന്റെ പേരിലാണ് നിയമനടപടികൾ നേരിടുന്നത്. ബ്രിട്ടീഷ് എംബസിയുടെ സഹായം ഇവർ ആവശ്യപ്പെട്ടെങ്കിലും, ദുബായ് നീതിന്യായ സംവിധാനത്തിൽ എംബസിക്ക് ഇടപെടാനാകില്ല എന്നൊരു വസ്തുത നിലനിൽക്കുന്നു. കുറ്റംസമ്മതിച്ച ഒരു വ്യക്തിക്ക് ശിക്ഷ നൽകാതെ നടപടിചട്ടങ്ങളുടെ പേരുപറഞ്ഞ് വിചാരണ നീട്ടുന്നതിന്റെ യുക്തിയാണ് മനസ്സിലാകാത്തത് എന്നാണ് ഇവരെ പ്രതിനിധീകരിക്കുന്ന രാധാ സ്റ്റെർലിങ് പറയുന്നു.

പരിമിതമായ ഇംഗ്ലീഷ് പരിജ്ഞാനം മാത്രമുള്ള പൊലീസുകാരുള്ള ദുബായിയിലെ വിവിധ സ്റ്റേഷനുകളിൽ ഇവർക്ക് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഹാജരാകേണ്ടതായി വന്നു. ഓരോരുത്തരും കേസിനെ കുറിച്ചും നടപടികളെ കുറിച്ചും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പറയുന്നത്. ഇവരുടെ പാസ്സ്പോർട്ടും മൊബൈൽ ഫോണും പൊലീസ് പിടിച്ചുവച്ചിരിക്കുകയുമാണ്. ഇതിന് പരിഹാരം കാണാൻ സഹായമാവശ്യപ്പെട്ടുകൊണ്ട് ഇപ്പോൾ ദുബായിയിലെ ബ്രിട്ടീഷ് കോൺസുലറിനേയും ബ്രിട്ടനിലെ യു എ ഇ അംബാസിഡറെയും ഇവരുടെ പ്രതിനിധികൾ സമീപിച്ചിട്ടുണ്ട്.

ആരുടെയെങ്കിലും കാര്യക്ഷമമമായ ഇടപെടലുകൾ ഇല്ലെങ്കിൽ ഇവർക്ക് ഒരുപക്ഷെ ഇനിയും മാസങ്ങളോളം ദുബായിയിൽ കേസിന്റെ വിചാരണകാത്ത് കഴിയേണ്ടതായി വരും. വിചാരണയ്ക്കൊടുവിൽ തടവു ശിക്ഷ ലഭിക്കുമോ എന്ന ഭയം വേറെയും. തന്റെ കൂട്ടുകാരിയോട് പരാതി പിൻവലിക്കാൻ ഏറെ അപേക്ഷിച്ചിട്ടും അവർ തയ്യാറായില്ല എന്നാണ് ഈ യുവതി പറയുന്നത്. യു എ ഇയിലെ കർശന നിയമങ്ങൾ ഒരു യൂറോപ്യൻ പൗരൻ ഇത്ര വൃത്തികെട്ട രീതിയിൽ ഉപയോഗിക്കുമെന്ന് താൻ കരുതിയില്ലെന്നും അവർ പറഞ്ഞു.

മാസങ്ങൾക്ക് മുൻപ് അയച്ച സന്ദേശത്തിന്റെ പേരിൽ പരാതി നൽകുന്നത് താൻ ദുബായ് വിടാൻ ഒരുങ്ങുമ്പോഴായിരുന്നു എന്നത് ഏതോ ഗൂഢാലോചന നടന്നു എന്നതിന്റെ തെളിവാണെന്നും ഇവർ പറയുന്നു. അതേസമയം, സന്ദർശകരോടും വിദേശികളോടും ദുബായ് പൊലീസ് സ്വീകരിക്കുന്ന ഇത്തരത്തിലുള്ള നിരുത്തരവാദപരമായ സമീപനത്തെ കുറിച്ചും പരക്കെ വിമർശനമുയർന്നിട്ടുണ്ട്.