- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
20,000 ത്തിൽ താഴെ രോഗികളും 1000 മരണങ്ങളുമായി ഒരു വെള്ളിയാഴ്ച്ച കൂടി കടന്നു പോയതിന്റെ ആശ്വാസം; അനാവശ്യ യാത്രക്കാരെ എയർപോർട്ടിൽ നിന്നും മടക്കി അയച്ച് പൊലീസ്; യു കെയിൽ എത്തുന്നവർ രണ്ടുതവണ കോവിഡ് ടെസ്റ്റിന് വിധേയരാകണം
ബ്രിട്ടനിൽ കൊറോണയുടെ തേരോട്ടത്തിന്റെ വേഗത കുറയുന്നു എന്ന സൂചനയുമായാണ് ഇന്നലെ കടന്നുപോയത്. 19,114 പേർക്കാണ് ഇന്നലെ പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. 1,014 മരണങ്ങളും രേഖപ്പെടുത്തി. മറ്റൊരു പ്രധാനകാര്യം, വൈറസിന്റെ രോഗവ്യാപനശേഷിയെ കുറിക്കുന്ന ആർ നിരക്ക്, കഴിഞ്ഞ ജൂലായ് മാസത്തിനു ശേഷം ഇതാദ്യമായി 1 എന്ന നിർണ്ണായക സംഖ്യക്ക് താഴെ വന്നു എന്നതാണ്. കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 34 ശതമാനമാണ് ഈ ആഴ്‌ച്ച രോഗവ്യാപനതോതിൽ കുറവുണ്ടായിരിക്കുന്നത്. മരണം ഇപ്പോഴും നാലക്ക സംഖ്യയിൽ നിൽക്കുകയാണെങ്കിലും കഴിഞ്ഞ വാരത്തിതേതിനേക്കാൾ 19 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.
ജനുവരിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം രോഗവ്യാപന തോത് കുറഞ്ഞുതന്നെ വരികയാണ്. അതുകൂടാതെ പ്രതീക്ഷകൾക്ക് ജീവനേകി എൻ എച്ച് എസിന്റെ വാക്സിനേഷൻ പദ്ധതിയും വിജയകരമായി മുന്നോട്ടുപോകുന്നു. ഇതുവരെ ചുരുങ്ങിയത് 11 ദശലക്ഷം പേർക്കെങ്കിലും ബ്രിട്ടനിൽ ആദ്യഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ കണക്കുകൾക്ക് പുറമേ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളും കോവിഡ് സിംപ്ടംസ് ടീമിന്റെ കണക്കുകളും കാണിക്കുന്നത് രോഗവ്യാപനതോതിൽ കാര്യമായ ഇടിവ് വന്നു എന്നുതന്നെയാണ്.
കെന്റിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച പുതിയ ഇനം വൈറസാണ് ഇപ്പോൾ വ്യാപകമാകുന്നത്. ഈ വൈറസിനെ തടയാൻ പുതിയ വാക്സിനുകൾക്ക് ആകും എന്ന് തെളിഞ്ഞതും ആശ്വാസം പകരുന്ന കാര്യമാണ്. എന്നിരുന്നാലും, ആർ നിരക്ക് ഇനിയും താഴേക്ക് കൊണ്ടിവരുവാൻ കഴിയുന്നതും ആളുകൾ വീടുകളിൽ തന്നെ ഒതുങ്ങിക്കൂടാനാണ് സർക്കാർ ആവശ്യപ്പെടുന്നത്.
ബ്രിട്ടനിൽ തിരിച്ചെത്തുന്നവർക്ക് ഇനിമുതൽ രണ്ടു തവണ കോവിഡ് പരിശോധന
കോവിഡ് ഹോട്ട്സ്പോട്ട് ലിസ്റ്റിൽ ഇല്ലാത്ത രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലെത്തുന്നവരും അവരുടെ ഐസൊലേഷൻ സമയത്ത് രണ്ടു തവണ കോവിഡ് പരിശോധന നടത്തേണ്ടതായി വരും. കോവിഡ് വ്യാപനം എന്തുവിലകൊടുത്തും തടയുക എന്നതുതന്നെയാണ് ഇപ്പോൾ ബ്രിട്ടൻ സർക്കാരിന്റെ മുന്നിലുള്ള ലക്ഷ്യം. അതിനായി യാത്രാനിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഹോട്ട്ലിസ്റ്റിൽ ഇല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഹോട്ടൽ ക്വാറന്റൈൻ ആവശ്യമില്ല. എന്നാൽ, അവർ പത്തുദിവസത്തെ ഹോം ക്വാറന്റൈനിൽ പോകണം.
ഈ ഹോം ക്വാറന്റൈൻ സമയത്ത് പി സി ആർ പരിശോധന നടത്തണം എന്നാണ് ഇപ്പോൾ സർക്കാർ ആവശ്യപ്പെടുന്നത്. ഫെബ്രുവരി 15 മുതൽ, 33 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാക്കുന്നതോടൊപ്പം ഈ ഇരട്ട രോഗപരിശോധനയും നിർബന്ധമാക്കും. ലോകത്ത് എവിടെ പോയി ബ്രിട്ടനിൽ തിരിച്ചെത്തിയാലും നിർബന്ധമായ 10 ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ അല്ലെങ്കിൽ ഹോം ക്വാറന്റൈൻ കാലയളവിൽ നിങ്ങൾ രണ്ട് പരിശോധനകൾക്ക് നിർബന്ധമായും വിധേയരാകേണ്ടതായി വരും.
റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട 33 രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്കും,ബ്രിട്ടനിൽ സ്ഥിരതാമസം ഉള്ളവർക്കും റെസിഡന്റ് പെർമിറ്റ് ഉള്ളവർക്കുമാണ് 10 ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാക്കിയിരിക്കുന്നത്. അല്ലാത്തവർ ഈ രാജ്യങ്ങളിൽ നിന്നെത്തിയാൽ തിരിച്ചയയ്ക്കും. നിരവധി ഹോട്ടലുകൾ ക്വാറന്റൈൻ സൗകര്യമൊരുക്കുവാനായി തയ്യാറെടുപ്പികൾ തുടങ്ങിക്കഴിഞ്ഞു. പ്രതിദിനം മൂന്നു നേരത്തേ ആഹാരത്തോടൊപ്പമായിരിക്കും 11 ദിവസത്തെ ക്വാറന്റൈൻ സൗകര്യം ഹോട്ടലുകൾ നൽകുക.
ഇതിൽ രണ്ടാം ദിവസവും എട്ടാം ദിവസവും നിങ്ങൾ രോഗ പരിശോധനക്ക് വിധേയരാകണം. ഹോട്ടലുകളിലെ ക്വാറന്റൈൻ സെന്ററുകളിൽ സർക്കാരിന്റെ കീഴിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരായിരിക്കും സുരക്ഷ ഒരുക്കുക. അനുവാദമില്ലാതെ പുറത്തേക്ക് പോകുവാൻ കഴിയുകയുമില്ല.
യാത്രാവിലക്ക് കർശനമാക്കി പൊലീസും
ലോക്ക്ഡൗൺ കാലത്തെ ഒരു പ്രധാന നിർദ്ദേശം അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വീടിന് വെളിയിൽ ഇറങ്ങരുതെന്നാണ്. എന്നാൽ, പലപ്പോഴും അത് അവഗണിച്ച് ആളുകൾ വിദേശയാത്രയ്ക്ക് പോലും തയ്യാറെടുക്കുകയാണ്. തികച്ചും നിരുത്തരവാദപരമായി പ്രവർത്തിക്കുന്ന ഈ ഒരു ന്യുനപക്ഷം ആളുകളുടെ പ്രവർത്തിയാണ് രോഗവ്യാപനം കടുപ്പിക്കുന്നതിലൂടെ സമൂഹത്തിനു തന്നെ ഭീഷണിയാകുന്നത്. ഏതായാലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഇനി അനുവദിക്കാനാകില്ല എന്ന നിലപാടിലാണ് പൊലീസ്.
ബ്രിസ്റ്റോൾ വിമാനത്താവളത്തിൽ പൊലീസ് ഒരുക്കിയ പരിശോധനാ കേന്ദ്രത്തിൽ എല്ലാ യാത്രക്കാരുടെ വിശദാംശങ്ങളും അവർ പരിശോധിക്കുന്നുണ്ട്. നിയമപരമായി, അത്യാവശ്യ കാര്യങ്ങൾ എന്നപേരിൽ അനുമതിക്കപ്പെട്ടിട്ടുള്ള കാര്യങ്ങൾക്ക് ഒഴിച്ചുള്ള യാത്രകൾ ഒന്നും തന്നെ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് പൊലീസും. ഒഴിവുകാലത്തിനും വിനോദത്തിനും വിദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് നിലവിലെ നിയമങ്ങളുടെ പശ്ചാത്തലത്തിൽ നിയമവിരുദ്ധ പ്രവർത്തിയാണ് എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്.
ഇത്തരത്തിൽ വിമാനത്താവളത്തിലെത്തിയ ചില യാത്രക്കാരെ യാത്ര ചെയ്യാൻ അനുവദിക്കാതെ തിരിച്ചയയ്ക്കുകയും ചെയ്തു. നിങ്ങളുടെ യാത്രോദ്ദേശം അത്യാവശ്യകാരങ്ങളിൽ ഉൾപ്പെട്ടതാണൊ എന്നറിയുവാൻ സർക്കാരിന്റെ വെബ്സൈറ്റ് പരിശോധിക്കുവാനാണ് പൊലീസ് ആവശ്യപ്പെടുന്നത്. ആ വിഭാഗത്തിൽ പെടുന്നതാണ് യാത്ര എങ്കിൽ മാത്രം യാത്രയ്ക്കൊരുങ്ങുക. ഇല്ലാത്തപക്ഷം വിമാനത്താവളംവരെ എത്തി, തിരിച്ച് വീട്ടിലേക്ക് മടങ്ങേണ്ടി വരും. മാത്രമല്ല, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് പിഴ ഒടുക്കേണ്ടതായും വന്നേക്കാം.