- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മെയ് അവസാനിക്കുന്നതിന് മുൻപ് പ്രായപൂർത്തിയായ എല്ലാവർക്കും വാക്സിനേഷൻ പൂർത്തിയാക്കും; മേയോടെ തുടങ്ങുന്ന ഇളവുകൾ സമ്മറിന് മുൻപ് സമ്പൂർണ്ണമാക്കും; കോവിഡിനെ വാക്സിനേഷനിലൂടെ ബ്രിട്ടൻ നേരിടുന്നത് ഇങ്ങനെ
ബ്രിട്ടനിലെ പ്രായപൂർത്തിയായ എല്ലാവർക്കും മെയ് അവസാനത്തോടെ വാക്സിനേഷൻ നൽകാൻ ആകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഡൗണിങ് സ്ട്രീറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ബോറിസ്ജോൺസനെഴുതിയ കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ വാക്സ്നേഷൻ പദ്ധതി ആരംഭകാലത്ത് ഒരല്പം മന്ദഗതിയിലായിരുന്നെങ്കിലും ഇപ്പോൾ വേഗത കൈവരിച്ചിട്ടുണ്ട്. സർക്കാരിന്റെ പ്രതീക്ഷകൾക്കനുസരിച്ച് തന്നെയാണ് കാര്യങ്ങൾ നടക്കുന്നതു. ഇത്, വരുന്ന വേനൽക്കാലമെങ്കിലും ആസ്വദിക്കാം എന്നൊരു പ്രതീക്ഷ ജനങ്ങൾക്ക് കൈവരുത്തിയിട്ടുമുണ്ട്.
അതേസമയം മന്ത്രിമാരെല്ലാം തന്നെ കൂടുതൽ കരുതലോടെയാണ് നീങ്ങുന്നത്. അവരാരും തന്നെ നിയന്ത്രണങ്ങൾ നീക്കുന്നതിനെ കുറിച്ച് സംസാരിക്കിന്നില്ല. മെയ് മാസത്തോടെ 50 വയസ്സിന് മുകളിൽ ഉള്ളവർക്കെല്ലാം വാക്സിനേഷൻ നൽകാനാകുമെന്നാണ് അവർ പറയുന്നത്. എല്ലാം പ്രതീക്ഷിച്ച രീതിയിൽ പൂർത്തിയാക്കുവാൻ ഒരുപാട് കാര്യങ്ങൾ ഒത്തുവരേണ്ടതുണ്ട് എന്നാണ് മാറ്റ് ഹോക്ക് ഇന്നലെ പറഞ്ഞത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം വാക്സിൻലഭ്യമാക്കുക എന്നതുതന്നെയാണ്. ഇതുവരെയുള്ള വിതരണമെല്ലാം ഉദ്പാദകരുമായുള്ള കരാർ അനുസരിച്ചു തന്നെ നടന്നു. ഇനിയും അങ്ങനെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
രോഗം ബാധിക്കുവാൻ ഏറ്റവും അധികം സാധ്യതയുള്ളവരുടെ കാര്യത്തിൽ ഒമ്പതാമത്തെ വിഭാഗമാണ് 50 വയസ്സിന് പ്രായമുള്ളവർ. ഇവർക്ക് കൂടി വാക്സിനേഷൻ പൂർത്തിയാക്കുന്നതോടെ രോഗബാധയ്ക്കുള്ള സാധ്യത കൂടുതലുള്ള 33 ദശലക്ഷം പേർക്ക് പ്രതിരോഘ കുട്ടിവയ്‌പ്പ് നല്കി കഴിഞ്ഞിരിക്കും. കോവിഡ് മൂലം മരണമടഞ്ഞവരിൽ 99 ശതമാനവും, ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന കോവിഡ് രോഗികളിൽ 80 ശതമാനവും ഈ വിഭാഗത്തിൽ പെടുന്നവരാണ്.
പ്രത്യാശ നൽകുന്ന വാർത്തകൾ വരുമ്പോഴും, വീണ്ടും മനുഷ്യരെ ആശങ്കപ്പെടുത്തിക്കൊണ്ട് ഒരു വിദഗ്ദന്റെ പ്രവചനം ഇന്നലെയെത്തി. 2022 ജൂൺ അവസാനത്തോടെ 1,30,000 പേർ കോവിഡ് മൂലം അധികമായി മരിക്കാം എന്നാണ് പ്രൊഫസർ നീൽ ഫെർഗുസൺ പ്രവചിച്ചിരിക്കുന്നത്. അതേസമയം ഇന്നലെ ആർ നിരക്ക്, നിർണ്ണായകമായ 1 എന്ന സംഖ്യയിലും താഴ്ന്നു എന്നുള്ളത് ബ്രിട്ടന് ആശ്വാസകരമായ ഒരു കാര്യമാണ്. അതുപോലെ ബ്രിട്ടന് ആഹ്ലാദം നൽകാൻ എത്തിയ മറ്റൊരു വാർത്ത ആസ്ട്ര സെനെക്ക വാക്സിൻ കെന്റിൽ കണ്ടെത്തിയ പുതിയ ഇനത്തിനെതിരെയും കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്ന് തെളിയിക്കപ്പെട്ടതാണ്.
ഇന്നലെ 19,114 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിക്കപ്പെട്ടത്. കഴിഞ്ഞ ആഴ്ചയിലേതിനേക്കാൾ 33 ശതമാനത്തിന്റെ കുറവാണ് രോഗവ്യാപനനിരക്കിൽ ഇന്നലെ ദൃശ്യമായത്. അതേസമയം പ്രതിദിന മരണനിരക്കിൽ ഉണ്ടായിട്ടുള്ളത് 18 ശതമാനത്തിന്റെ കുറവാണ്. ഇന്നലെ 4,84,596 വാക്സിൻ ഡോസുകളാണ് നൽകിയത്. വാക്സിൻ ഉദ്ദേശിച്ചതിലും വേഗത്തിൽ നടക്കുന്നു എന്നാണ് ഈ കണക്കുകൾ പറയുന്നത്. 11 ദശലക്ഷത്തോളം പേർക്ക് ഇതുവരെ വാക്സിൻ നൽകി കഴിഞ്ഞു.
വാക്സിനേഷൻ പദ്ധതിയുടെ വിജയകരമായ മുന്നേറ്റം സർക്കാരിന് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. മാർച്ച് 8 ന് തന്നെ സ്‌കൂളുകൾ തുറക്കുമെന്നത് ഏകദേശം ഉറപ്പായിട്ടുണ്ട്. അതിനുശേഷം, വീടിനു പുറത്ത് ആളുകൾക്ക് ഒത്തു ചേരുവാനുള്ള അനുവാദവാദം നൽകുന്നതായിരിക്കും. പിന്നീടുള്ള ലക്ഷ്യം കായിക വിനോദങ്ങൾ പുനരാരംഭിക്കുക എന്നതായിരിക്കും. ലോക്ക്ഡൗൺ നീക്കുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗരേഖകൾ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ഈ മാസം അവസാനത്തോടെ ഈ മാർഗരേഖ ബോറിസ് ജോൺസൺ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.