ഭൂമിയിൽ ജീവന്റെ അവസാന തുടിപ്പും നിലയ്ക്കുന്നതിനെ കുറിച്ച് നിരവധി ആശങ്കകൾ പല കാലങ്ങളിലായി ഉയർന്നു വന്നിട്ടുണ്ട്. മനുഷ്യൻ അണുബോംബ് കണ്ടുപിടിച്ചപ്പോഴും, കാലാവസ്ഥാ വ്യതിയാനം വർദ്ധിക്കുവാൻ തുടങ്ങിയപ്പോഴുമൊക്കെ ഇത്തരത്തിലുള്ള ആശങ്കകൾ ഉയര്ന്നു വന്നിട്ടുള്ളതാണ്. മാത്രമല്ല, ലോകാവസാന കഥകൾ കടുംനിറക്കൂട്ടുകളിൽ വരച്ചുകാട്ടി ഭക്തിയുടെ ഭ്രാന്തേറ്റി മനുഷ്യരെ കൊലക്ക് കൊടുത്ത നിരവധി കൾട്ടുകളേയും നാം കഴിഞ്ഞകാലങ്ങളിൽ കണ്ടു. ഇതെല്ലാം സൂചിപ്പിക്കുന്നത് മനുഷ്യരിൽ സഹജമായി ഉള്ള മരണംഭയത്തെയാണ്. എന്നെങ്കിലും ഒരിക്കൽ വരും എന്നുറപ്പുള്ളപ്പോൾ പോലും എല്ലാവരുംഭയക്കുന്നു മരണമെന്ന കോമാളിയെ.

മരണഭയം എന്നതിനുപരി അതിനെ ജീവിക്കുവാനുള്ള ആവേശം എന്നു വിളിക്കുന്നതായിരിക്കും നല്ലത്. ഭൂമിയെ സ്വന്തമാക്കി ഇവിടെ വാഴാൻ തുടങ്ങിയ കാലം മുതൽ മനുഷ്യൻ ഭൂമിയേയും ഇവിടെയുള്ള മറ്റെല്ലാത്തിനേയും തന്റെ സുഖസൗകര്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു. ഭാവനകൾ നിറം പിടിപ്പിച്ച കൊച്ചുകൊച്ചു കഥകളിലൂടെ നമ്മുടെ പ്രപിതാക്കന്മാർ നമ്മളേ പറഞ്ഞു മനസ്സിലാക്കിയ പ്രകൃതിയുടെ സന്തുലനത്തിന്റെ പ്രാധാന്യത്തെയൊക്കെ നാം അന്ധവിശ്വാസങ്ങളായി ചിരിച്ചു തള്ളി. ആധുനിക ശാസ്ത്രത്തിന്റെ ചിറകേറി അനന്തതയിലേക്ക് പറക്കുമ്പോൾ നാം ഓർത്തില്ല, അനാവശ്യമായി ആസ്വദിക്കുന്ന സ്വാതന്ത്ര്യം നമ്മുടെ നാശത്തിലെ കലാശിക്കൂ എന്ന്.

ആധുനിക ശാസ്ത്രം കൈവരിച്ചു എന്ന് നാം അവകാശപ്പെടുന്ന നേട്ടങ്ങൾ തന്നെയായിരിക്കും ഭൂമിയിൽ മനുഷ്യകുലത്തിന്റെ അന്ത്യം കുറിക്കുക എന്ന് അസന്നിഗ്ദമായി പറയുകയാണ് പ്രമുഖ പാരിസ്ഥിതി പ്രവർത്തകനും മാധ്യമപ്രവർത്തകനുമായ ജോൺ വിഡൽ. എന്നാൽ, അത് സംഭവിക്കുക ആണവായുധങ്ങളിലൂടെയോ കാലാവസ്ഥാ വ്യതിയാനത്തിലൂടെയോ ആയിരിക്കില്ല എന്നും അദ്ദേഹം പറയുന്നു. മറിച്ച് അത് സംഭവിക്കുക മൃഗജന്യ രോഗങ്ങളിലൂടെയായിരിക്കും.

എന്താണ് മൃഗജന്യ രോഗങ്ങൾ അഥവാ സൂണോട്ടിക് ഡിസീസസ്

ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മ ജീവികൾ കാരണമുണ്ടാകുന്ന രോഗങ്ങൾ തന്നെയാണ് മൃഗജന്യ രോഗങ്ങൾ എന്നു പറയുന്നത്. എന്നാൽ ഇവ മനുഷ്യരിലേക്ക് പടരുക ജലം വഴിയോ വായു വഴിയോ ആയിരിക്കില്ല മറിച്ച്, മൃഗങ്ങൾ വഴി ആയിരിക്കും. അതും, പ്രധാനമായും ഒരു കശേരുമൃഗ (നട്ടെല്ലുള്ള മൃഗം)ത്തിൽ നിന്നായിരിക്കും. രോഗകാരിളായ സൂക്ഷ്മാണുക്കളുടെ സാന്നിദ്ധ്യം ഭൂമിയിൽ നിഷേധിക്കാൻ കഴിയാത്ത ഒരു വസ്തുത തന്നെയാണ്. ഇവയിൽ മിക്കവാറും അണുക്കൾ സുഖസുഷുപ്തിയിൽ ആണ്ടിരിക്കുന്നത് വന്യജീവികളുടെ ശരീരത്തിനുള്ളിലാണ്.

പ്രകൃതി നൽകിയ സ്വാഭാവിക ആവസസ്ഥാനമായ വന്യജീവികളുടെ ശരീർത്തിനുള്ളിൽ ഇവ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല. എന്നാൽ, അവിടെ നിന്നും മാറി, അതേ സാഹചര്യത്തിൽ ജീവിക്കാത്ത, അതേ ശരീരഘടനയില്ലാത്ത മനുഷ്യർ ഉൾപ്പടെയുള്ള മറ്റു ജീവിവർഗങ്ങളിൽ എത്തുമ്പോൾ ഈ സൂക്ഷ്മാണുക്കൾ മാരകങ്ങളായി മാറുന്നു. ഇത്തരത്തിൽ മൃഗങ്ങളിലേക്ക് കുടികയറിയ വൈറസുകൾ മൂലമുണ്ടായ മൃഗജന്യ രോഗങ്ങളാണ് എബോളയും എയ്ഡ്സുമെല്ലാം. ഇപ്പോൾ ലോകത്തെ മൊത്തം അഴികൾക്കുള്ളിലടച്ച കോവിഡും ഇത്തരത്തിലുള്ള ഒരു രോഗമാണ്.

മൃഗജന്യ രോഗങ്ങൾ ആരംഭിക്കുന്നതെങ്ങനെ ?

കോവിഡിന് ,മുൻപായി, ലോകവ്യാപകമായി ലക്ഷക്കണക്കിന് പേരെ കൊന്നൊടുക്കിയ മഹാമാരിയായിരുന്നു എയ്ഡ്സ്. ആഫ്രിക്കൻ വനാന്തരങ്ങളിൽ നിന്നും ഈ വൈറസിനെ മനുഷ്യ സമൂഹത്തിൽ എത്തിച്ചത് ചിലരുടെ ഒടുങ്ങാത്ത ലൈംഗികാസക്തിയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇപ്പോൾ ലോകം ഭയക്കുന്ന കൊറോണ എന്ന ഇത്തിരിക്കുഞ്ഞൻ വൈറസ്. മാംസഭക്ഷണത്തിലൂടെയാകാം ഇത് മനുഷ്യരിലെത്തിയത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ രണ്ടു രോഗങ്ങളുടെയും വ്യാപന രീതിയും, ലക്ഷണങ്ങളും എല്ലാം തികച്ചും വ്യത്യസ്തമാണെങ്കിലും ഇവ രണ്ടും ആത്യന്തികമായി കലാശിക്കുക മനുഷ്യന്റെ മരണത്തിലായിരിക്കും.

എന്നാൽ, ഈ രണ്ട് വൈറസുകൾ മാത്രമല്ല, വന്യജീവികൾക്കുള്ളിൽ മനുഷ്യരേയും കാത്തിരിക്കുന്നത്. ഡിനോസറുകളുടെ കാലം മുതൽക്കുള്ള പല വൈറസുകളും ഇപ്പോഴും സുഖസുഷുപ്തിയി ഉറങ്ങുന്നുണ്ടെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. ആർട്ടിക്ക് മേഖകലകളിലെ മഞ്ഞുപാളികൾക്കിടയിൽ പോലും ഇത്തരത്തിലുള്ള മാരക വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. ആയുസ്സ് ഏറെയുള്ള വവ്വാൽ പോലുള്ള പല വന്യജീവികളിലും ഇത്തരത്തിലുള്ള വൈറസുകളുണ്ട്. ഇവിടെ നിന്നാണ് ഇവ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത്.

മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തിന്റെ സ്വഭാവം മാറിയത് അപകടകരമായി

പ്രകൃതി കൃത്യമായ നിർവ്വചനത്തോടെയാണ് ഓരോ ജീവികളുടെയും ജീവിത ചക്രം നിശ്ചയിച്ചിട്ടുള്ളത്. ഓരോ ആവാസ വ്യവസ്ഥകളും അവർക്കായി കണ്ടെത്തിയിട്ടുണ്ട്. ഇതേ പ്രകൃതി നിയമം തന്നെയാണ് കൊടുങ്കാട്ടിലെ വേട്ടയാടൽ ഉപേക്ഷിച്ച് മനുഷ്യരെ നദീതീരത്തെ സമതലങ്ങളിൽ എത്തിച്ചതും കൃഷിക്കാരാക്കിയതും. സ്വന്തം ജീവിതം കൂടുതൽ സുഖപ്രദമാക്കുവാനുള്ള മനുഷ്യന്റെ ത്വര അവന് നിരവധി ശാസ്ത്രീയ നേട്ടങ്ങൾ നേടിക്കൊടുത്തു. എന്നാൽ, അപ്പോൾ അവൻ മറന്നത് പ്രകൃതിയുടെ നിയമങ്ങളും ചട്ടക്കൂടുകളുമായിരുന്നു.

കാർഷിക ആവശ്യങ്ങൾക്കും പുതിയ ആവാസമേഖലകൾ തേടിയുമൊക്കെ മനുഷ്യൻ വനനശീകരണത്തിൽ ഏർപ്പെട്ടപ്പോൾ അവൻ വന്യജീവികളുമായി കൂടുതൽ അടുത്തു വരികയായിരുന്നു. ഇത് ഇത്തരം മാരക വൈറസുകൾ മനുഷ്യരിലേക്ക് പ്രവേശിക്കുന്നത് കൂടുതൽ എളുപ്പമാക്കി. ഒപ്പം, മാറിവന്ന മനുഷ്യന്റെ ജീവിത ശൈലി ഈ രോഗകാരികളുടെ വ്യാപനത്തിന് ആക്കം കൂട്ടി. ഇതിന് ഉത്തമ ഉദാഹരണമാണ് എയ്ഡ്സ് എന്ന മാരക രോഗത്തിന് കാരണമായ എച്ച് ഐ വി വൈറസിന്റെ വ്യാപനം.

എയ്ഡ്സിൽ നിന്നും നാം പഠിക്കാത്തത്

എഴുപതുകളിലും എൺപതുകളിലും ലോകമാകെ കത്തിപ്പടർന്ന ഒരു മഹാമാരിയായിരുന്നു എയ്ഡ്സ്. അന്നും ഇന്ന് കോവിഡിന്റെ കാര്യത്തിലെന്നപോലെ നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങൾ അതിന്റെ ആവിർഭാവത്തെ സംബന്ധിച്ച് ഉയര്ന്നുവന്നു. ഇന്ന് ചൈനയാണ് പ്രതിക്കൂട്ടിലെങ്കിൽ അന്ന് അമേരിക്കയായിരുന്നു. സി അീ അമേരിക്കൻ ലബോറട്ടറികളിൽ ഉദ്പാദിപ്പിച്ച് ലോകത്ത് പരത്തിയതാണ് ഈ മാരകവൈറസ് എന്നായിരുന്നു അന്ന് ഏറെ പ്രചാരത്തിലുണ്ടായിരുന്ന സിദ്ധാന്തം.

എന്നാൽ, പതിറ്റാണ്ടുകൾ നീണ്ട പഠനം തെളിയിച്ചത് ആഫ്രിക്കൻ കാടുകളിലെ ഒരു പാവം ചിംബാൻസിയിൽ നിന്നാണ് ഈ രോഗം പൊട്ടിപ്പുറപ്പെട്ടത് എന്നാണ്. അജ്ഞാതനായ ഏതോ ഒരു വേട്ടക്കാരന്റെ കൂരമ്പുകൊണ്ട് ജീവൻ വെടിഞ്ഞ ഈ ചിംബാൻസി പിന്നീട് അവന്റെ ഭക്ഷണമായി. പൂർണ്ണമായും പാകംചെയ്യാതെ കഴിച്ച ഈ ചിംബാൻസിയുടെ മാംസത്തിലൂടെയോ രക്തത്തിലൂടെയോ ഈ വൈറസ് ഈ വേട്ടക്കാരന്റെ ശരീരത്തിലെത്തി മ്യുട്ടേഷന് വിധേയമാകുകയായിരുന്നു. പിന്നീട് ശരീര സ്രവങ്ങളിലൂടെ ഇത് മറ്റ് മനുഷ്യരിലേക്ക് പകർന്നു.

ആഫ്രിക്കയിലെ ഉൾനാടൻ ഗ്രാമങ്ങളിലൂടെ പടർന്ന ഈ വൈറസ് പിന്നീട് കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിൽ എത്തിച്ചേര്ന്നു. അവിടന്ന്, 1960 കളുടെ ആദ്യം തന്നെ ഇവ ആഫ്രിക്കയിൽ വ്യാപകമാകാൻ തുടങ്ങി. അന്ന് ആഫ്രിക്ക വികസനത്തിന്റെ ആരംഭത്തിലായിരുന്നു. അവിടെനിന്നും വിമാനമാർഗവും കപ്പൽ മാർഗവുമൊക്കെയായാൺ' ഇത് പാശ്ചാത്യ നാടുകളിൽ എത്തിച്ചേരുന്നത്. 1970 കളിൽ മനുഷ്യരുടെ ആഗോളയാത്രകൾ വർദ്ധിച്ചതും പിന്നെ അന്ന് ഉയര്ന്നു വന്ന ലൈംഗിക അരാജകത്വ വാദവുമെല്ലാം പാശ്ചാത്യ നാടുകളിൽ ഇത് വ്യാപകമാകുന്നതിന് വഴിയൊരുക്കി.

ലോകമാകമാനമായി 32 ദശലക്ഷം പേരുടെ മരണത്തിന് വഴിയൊരുക്കുകയും 75 ദശലക്ഷം പേരെ ബാധിക്കുകയും ചെയ്ത ഈ മഹാമാരി ഒരു നോർവീജിയൻ നാവികനിലൂടെയും ഒരു കനേഡിയൻ വിമാനത്തീലെ ഫ്ലൈറ്റ് അറ്റൻഡന്റിലൂടെയുമാണ് ആദ്യമായി പാശ്ചാത്യനാടുകളിൽ എത്തിയതെന്നും സ്ഥിരീകരിക്കപ്പെട്ടു. ഇതുന് സമാനമായതായിരുന്നു എബോളയുടെ വ്യാപനവും. പട്ടികളേയും ചിംബാൻസികളേയും വേട്ടയാടി തിന്നിരുന്ന ഒരു കൂട്ടം ആഫ്രിക്കൻ യുവാക്കളിലൂടെയാണ് എബോള വൈറസ് ലോകത്ത് വ്യാപിച്ചത്. ഇന്ന്, ഈ വൈറസ് ആദ്യമായി ബാധിച്ച ഗ്രാമത്തിലെ ജനങ്ങൾ വനങ്ങളിൽ നിന്ന് എന്തെങ്കിലും ഭക്ഷിക്കാൻ കൂടി ഭയപ്പെടുകയാണ്.

അതുപോലെ മറ്റൊരു മഹാമാരിയായ നിപ്പ ആരംഭിക്കുന്നത് എണ്ണപ്പനകൃഷിക്കായി ഇന്തോനേഷ്യൻ കാടുകൾ നശിപ്പിച്ചതിൽ നിന്നാണ്. ഇവിടം ആവാസകേന്ദ്രങ്ങളാക്കിയ വവ്വാലുകൾ വനം നശിപ്പിക്കപ്പെട്ടതോടെ നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പറന്നണഞ്ഞത് മാരകമായ വൈറസുകളേയും പേറിയായിരുന്നു. ചില മനുഷ്യരുടെ ഭക്ഷണ വൈകൃതത്തിന് ഇരയായപ്പോൾ ഇവ ഈ വൈറസുകളെ മനുഷ്യന് ദാനം നൽകുകയും ചെയ്തു.

നമ്മുടെ പശ്ചിമഘട്ടത്തിൽ പോലും ഇത്തരം മാരക വൈറസുകളെ ശരീരത്തിലൊളിപ്പിച്ച് ജീവിക്കുന്ന നിരവധി വന്യജീവികൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അവിടങ്ങളിൽ നടക്കുന്ന വനനശീകരണം നമ്മളേ അവയോട് കൂടുതൽ അടുപ്പിക്കുകയാണ്. ഈയിടെ വിവാദമായ പുള്ളിപ്പുലിയെ കൊന്നു തിന്നതുപോലുള്ള ഭക്ഷണ വൈകൃതങ്ങൾ ഒരു നിമിഷനേരത്തെ സന്തോഷവും ആവേശവും നൽകുമെങ്കിലും ഭാവിയിൽ മരണവുമായെത്തുന്ന നിരവധി അപകടകാരികളായ ജീവികളേയും അവ നമുക്ക് നൽകുമെന്ന് ഓർക്കുക.

ആധുനിക ശാസ്ത്രത്തിന്റെ നേട്ടങ്ങളിൽ അഭിരമിക്കുമ്പോഴും പ്രകൃതിയുടെ നിയമങ്ങൾ മറക്കാതിരിക്കുക എന്നതുമാത്രമാണ് മനുഷ്യകുലത്തിന്റെ സർവ്വ നാശം ഒഴിവാക്കുവാനുള്ള ഒരേയൊരു വഴി. എബോളയും, നിപ്പയും, എയ്ഡ്സും, ഇപ്പോൾ കോവിഡുമൊക്കെപോലെയുള്ള നിരവധി രോഗങ്ങൾ ലോകത്തിന്റെ പലഭാഗത്തായി ഇപ്പോൾ തന്നെ നിലനിൽക്കുന്നു. ഇവയിൽ ചിലതിനൊക്കെ പ്രതിരോധമരുന്നുകൾ കണ്ടെത്തിയെങ്കിലും പലതിനും അതില്ല.

മാത്രമല്ല, ഇപ്പോൾ പുറത്തുവന്നതിലും അപകടകാരികളായ വൈറസുകളാണ് ഇപ്പോഴും വന്യജീവികളിൽ സുഖ സുഷുപ്തിയിൽ ആണ്ടിരിക്കുന്നത്. അവയെ ഉണർത്താൻ ശ്രമിക്കുന്നത് മനുഷ്യന്റെ നാശത്തിന് കാരണമാകുമെന്ന ബോധത്തോടെ ജീവിക്കുക എന്നതുമാത്രമാണ് ഇന്ന് നമുക്ക് മുൻപിലുള്ള ഏക പോം വഴി.