മനുഷ്യന്റെ യുദ്ധതന്ത്രങ്ങൾക്ക് മുൻപിൽ കൊറോണ പരാജയമടയുന്നതിന്റെ സൂചനകളാണ് ഇന്നലെ ബ്രിട്ടൻ നൽകിയത്. ലോക്ക്ഡൗൺ നിയ്ന്ത്രണങ്ങളും വാക്സിനേഷനും എല്ലാം ഒത്തുചേർന്നപ്പോൾ രോഗവ്യാപനം നിയന്ത്രണവിധേയമാക്കാൻ ബ്രിട്ടന് കഴിഞ്ഞു എന്നതിന്റെ തെളിവാണ് ഒരാഴ്‌ച്ചയിൽ തുടർച്ചയായി അഞ്ചാം ദിവസവും രോഗവ്യാപനതോതിൽ കുറവ് ദൃശ്യമായത്. ഇന്നലെ 18,262 പേർക്കാണ് ബ്രിട്ടനിൽ പുതിയതായി കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്.828 കോവിഡ് മരണങ്ങളും രേഖപ്പെടുത്തി.

കഴിഞ്ഞ ശനിയാഴ്ച 23,275 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. അതായത്, കഴിഞ്ഞയാഴ്ചയിലേതുമായി തട്ടിച്ചുനോക്കുമ്പോൾ ഈയാഴ്‌ച്ച രോഗവ്യാപന നിരക്കിൽ ദൃശ്യമായിട്ടുള്ളത് 21.5 ശതമാനത്തിന്റെ കുറവാണ്. അതേസമയം പ്രതിദിന മരണനിരക്ക്ൽ ഉണ്ടായിട്ടുള്ളത് 31 ശതമാനത്തിന്റെ കുറവാണ്. കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തിയത് 1,200 കോവിഡ് മരണങ്ങളായിരുന്നു. ഈ ആശ്വാസവാർത്തകൾക്കിടയിൽ എത്തുന്ന മറ്റൊരു സന്തോഷ വാർത്ത, ബ്രിട്ടനിൽ ഇതുവരെ 1,19,75,267 പേർക്ക് വാക്സിനേഷൻ നൽകാൻ ആയി എന്നതാണ്. ഫെബ്രുവരി 5 വരെയുള്ള കണക്കാണത്. ഇതിൽ 1,14,65,210 പേർക്ക് ആദ്യഡോസും 4,94,163 പേർക്ക് രണ്ടാം ഡോസും കൊടുത്തുകഴിഞ്ഞു.

ഫെബ്രുവരി 15 ന് മുൻപായി 15 മില്ല്യൺ പേർക്ക് ആദ്യ ഡോസ് നൽകണം എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഈ ലക്ഷ്യം നിറവേറാൻ പ്രതിദിനം 3,92,754 പേർക്ക് ആദ്യ ഡോസ് നൽകണം. എന്നാൽ, ഇപ്പോൾ പ്രതിദിനം ശരാശരി 4,40,896 ആദ്യ ഡോസുകളാണ് നൽകിവരുന്നത്. അതായത്, നേരത്തേ ഉദ്ദേശിച്ചതിലും മുൻപ് ഇക്കാര്യത്തിൽ ലക്ഷ്യം നേടാനാകും എന്ന് ചുരുക്കം. അതിനിടയിൽ വോഴ്സെസ്റ്റർഷയറിൽ ഇന്നലെ ദക്ഷിണാഫ്രിക്കൻ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഇതേ തുടർന്ന് പോസ്റ്റ് കോഡ് ഡബ്ല്യൂ ആർ 3 ഭാഗത്തും ഡബ്ല്യൂ ആർ 9 ന്റെ ചില ഭാഗങ്ങളിലും രോഗപരിശോധന വ്യാപകമാക്കിയിട്ടുണ്ട്.

രോഗബാധ ഒരുവിധം നിയന്ത്രണാധീനമായതോടെ, മറ്റൊരു തരംഗം ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളുംസർക്കാർ കൈക്കൊള്ളുന്നുണ്ട്. റെഡ്ലിസ്റ്റിൽ ഇല്ലാത്ത രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്ന ബ്രിട്ടീഷുകാർ, പത്തു ദിവസത്തെ ഹോം ക്വാറന്റൈന് വിധേയമാകുമ്പോൾ നേരത്തേ രണ്ടുതവണ രോഗപരിശോധന നടത്തണം എന്നുള്ളത് മൂന്നു തവണയായി ഉയർത്തുകയാണ്. അതേസമയം, റെഡ് ലിസ്റ്റിൽ ഉള്ള് 33രാജ്യങ്ങളിൽ നിന്നുള്ളവർ 10 ദിവസത്തെ ഹോട്ടൽ ക്വാർന്റൈനും വിധേയരാകണം.

കാര്യങ്ങൾ നിയന്ത്രണാധീനകാൻ തുടങ്ങിയതോടെ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ച് സർക്കാർ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. ലോക്ക്ഡൗൺ നീക്കം ചെയ്യുന്നതിനുള്ള മാർഗ്ഗരേഖകൾ ഈ മാസം 22 ന് ബോറിസ് ജോൺസൺ പ്രഖ്യാപിക്കും എന്നാണ് മനസ്സിലാകുന്നത്. സാമൂഹിക അകലം പാലിക്കുമെന്ന് ഉറപ്പാക്കുവാനായി മെയ്‌ മാസം വരെയെങ്കിലും ബാറുകളും പബ്ബുകളും തുറക്കാൻ അനുവദിക്കില്ല എന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ, പിന്നീട് ബാറുകളും പബ്ബുകളും തുറന്ന് പ്രവർത്തനമാരംഭിക്കുമ്പോൾ, അവയ്ക്ക് മേൽ രാത്രി 10 മണിംകർഫ്യൂ ബാധകമാക്കുകയില്ല. മാത്രമല്ല, മദ്യം ലഭിക്കുവാൻ ആഹാരവും ഓർഡർ ചെയ്യണമെന്ന വ്യവസ്ഥയും നീക്കം ചെയ്യും.

സ്‌കൂളുകളുടെ പ്രവർത്തി ദിവസങ്ങൾ വർദ്ധിപ്പിച്ചേക്കും എന്നും അറിയുവാൻ കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം തന്നെ ഓഫീസ് ജീവനക്കാർക്ക് സൗജന്യ കോവിഡ് പരിശോധനയും പരിഗണനയിൽ ഉണ്ട്. 11 മില്ല്യൺ ആളുകളിൽ വാക്സിൻ എത്തുകയും ആർ നിരക്ക് വ്യക്തമായി 1 ന് താഴെ ആകുകയും ചെയ്ത സാഹചര്യത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കംചെയ്യുവാൻ പല കോളുകളീൽ നിന്നായി സർക്കാരിന് മേൽ സമ്മർദ്ദം ഏറുന്നുണ്ട്. എന്നാൽ, ധൃതികൂട്ടി ഒരു തീരുമാനമെടുക്കാൻ സർക്കാർ തയ്യാറുമല്ല.