വണ്ടന്മേട്: വിൽപ്പനയ്ക്കായി കഞ്ചാവ് കടത്തുന്നതിനിടെ ദൈവവും സഹായിയും പിടിയിൽ. 16.5 കിലോ കഞ്ചാവുമായി മാലി മഹാലക്ഷ്മി വീട്ടിൽ ദൈവം (36), തമിഴ്‌നാട് രായപ്പൻപെട്ടി രജിത്ത് (28) എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലായത്. വണ്ടന്മേട് പൊലീസും നർക്കോട്ടിക് സെല്ലും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. ഞായറാഴ്ച ആമയാറിൽ നടത്തിയ സംയുക്ത പരിശോധനയിൽ പിടിയിലായവർ സഞ്ചരിച്ച വാനിലുള്ളിൽനിന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

ഒരുമാസത്തിനിടെ വണ്ടന്മേട് സ്റ്റേഷൻ പരിധിയിൽനിന്ന് വിവിധ കേസുകളിലായി 30 കിലോ കഞ്ചാവാണ് പിടികൂടിയത്. വണ്ടന്മേട് സിഐ. നവാസ്, എസ്‌ഐ. ജയകൃഷ്ണൻ, ജെയ്സ് പി.ജേക്കബ്, ഡിസ്ട്രിക്ട് ആന്റി നർകോട്ടിക്സ് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരായ ജോഷി, മഹേഷ്, അനൂപ് സ്‌കറിയ, എസ്.സി.പി.ഒ. ഷിബു, സി.പി.ഒ. ലിറ്റൊ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.