കുമരകം: 25 വർഷം മുമ്പ് നടത്തിയ ചായക്കടയുടെ പേരിൽ അരക്കോടിയിലേറെ രൂപയുടെ വാട്ടർ ബിൽ വന്നത് കണ്ട് ഞെട്ടി അട്ടിപ്പീടിക കുന്നപ്പള്ളി ഭാഗത്ത് മൂലയിൽ ജോർജ് ഏബ്രഹാമും കുടുംബവും. 25 വർഷം മുൻപു ബോട്ട് ജെട്ടിയിൽ ചായക്കട നടത്തിയപ്പോഴാണു ജോർജ് ഏബ്രഹാം എടുത്ത വാട്ടർ കണക്ഷന്റെ പേരിലാണ് 51,34,591 രൂപയുടെ ബിൽ വന്നത്.

കണക്ഷൻ കിട്ടി 5 വർഷത്തിനു ശേഷം വിഛേദിക്കുകയും ചെയ്തിരുന്നു. 383|എൻ കൺസ്യൂമർ നമ്പരിലുള്ളതാണു കണക്ഷൻ. കുടിശിക തുക 28ന് മുൻപായി അടച്ചില്ലെങ്കിൽ കണക്ഷൻ വിഛേദിക്കുമെന്നാണു വാട്ടർ അഥോറിറ്റി സബ് ഡിവിഷനിൽ നിന്നു അറിയിച്ചിരിക്കുന്നത്. ചായക്കട നിർത്തിയ ശേഷം തട്ടുകട നടത്തി വരുകയായിരുന്ന് ജോർജ്.

ഇന്നലെ രാവിലെയാണ് വീട്ടിൽ കുടിശിക നോട്ടിസ് എത്തിയത്. സ്വകാര്യ വ്യക്തി നൽകിയ 3 സെന്റ് സ്ഥലത്ത് വള്ളാറപ്പള്ളി അധികൃതർ പണിതു നൽകിയ വീട്ടിലാണു ഭാര്യ വിൻസിയും 3 പെൺമക്കളുമായി ജോർജ് കഴിയുന്നത്. രോഗിയായ ജോർജിന് ഇപ്പോൾ തട്ടുകട നടത്താൻ കഴിയില്ല. ഭാര്യ വിൻസി വീട്ടിൽ പലഹാരം ഉണ്ടാക്കി വിൽപന നടത്തിയാണ് ഉപജീവനം നടത്തുന്നത്.

അരക്കോടിയിലധികം വരുന്ന ബിൽ കുടിശിക കണ്ട് അന്തം വിട്ടിരിക്കുകയാണ് ഈ കുടുംബം. വാട്ടർ കണക്ഷൻ ഔദ്യോഗികമായി വിഛേദിച്ചിട്ടില്ലാതതതിനാലാകാം ബിൽ കുടിശിക നോട്ടിസ് എത്തിയതെന്നും പരാതി നൽകിയാൽ ഇതു സംബന്ധിച്ചു തീരുമാനമെടുക്കുമെന്നും വാട്ടർ അഥോറിറ്റി അധികൃതർ പറഞ്ഞു.