- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തട്ടിക്കൊണ്ടു പോയ നടൻ രാജ്കുമാറിനെ മോചിപ്പിക്കാൻ കർണാടക സർക്കാർ വീരപ്പന് മോചന ദ്രവ്യമായി നൽകിയത് 15.22 കോടി രൂപ; പണം നൽകിയത് മൂന്ന് തവണകളായി: വെളിപ്പെടുത്തലുമായി നക്കീരൻ സംഘത്തിലെ പത്രപ്രവർത്തകൻ
കോയമ്പത്തൂർ: വീരപ്പൻ തട്ടിക്കൊണ്ടുപോയ കന്നട നടൻ രാജ്കുമാറിനെ മോചിപ്പിക്കാൻ കർണാടക സർക്കാർ വീരപ്പന് മോചന ദ്രവ്യമായി നൽകിയത് 15.22 കോടി രൂപ. നക്കീരൻ ഗോപാലന്റെ സംഘത്തിലെ പത്രപ്രവർത്തകൻ പി.ശിവസുബ്രഹ്മണ്യത്തിന്റെതാണ് വെളിപ്പെടുത്തൽ. ശിവസുബ്രഹ്മണ്യം എഴുതിയ 'വീരപ്പൻ വാഴ്ന്തതും വീഴ്ന്തതും' (വീരപ്പന്റെ ജീവിതവും വീഴ്ചയും) എന്ന പുസ്തകത്തിലാണ് ശിവസുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തൽ.
രാജ്കുമാറിനെ മോചിപ്പിക്കാൻ കർണാടക, തമിഴ്നാട് സർക്കാരുകൾക്കായി വീരപ്പനുമായി ചർച്ച നടത്തിയ നക്കീരൻ മാസിക എഡിറ്റർ ഗോപാലന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ അംഗമായിരുന്നു ശിവസുബ്രഹ്മണ്യം. ശനിയാഴ്ച പുറത്തിറങ്ങിയ പുസ്കത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങളിലാണ് ഇക്കാര്യം പറയുന്നത്. പുസ്തകത്തിന്റെ ഒന്നാം ഭാഗം നേരത്തെ പുറത്തിറങ്ങിയിരുന്നു.
2000 ജൂലൈ 30നാണ് വീരപ്പനും സംഘവും രാജ്കുമാർ, ബന്ധു ഗോവിന്ദരാജ് നാഗേഷ്, സഹായി നാഗപ്പ എന്നിവരെ തട്ടിക്കൊണ്ടുപോയത്. തമിഴ്നാട് താളവാടി ഗജനൂരിെലെ കൃഷിയിടത്തിലെ വീട്ടിൽ നിന്നാണ് തട്ടിക്കൊണ്ടു പോയത്. ഒട്ടേറെ ഒത്തുതീർപ്പു ചർച്ചകൾക്കു ശേഷം 2000 നവംബർ 13നു രാജ്കുമാറിനെ മോചിപ്പിച്ചു. എന്നാൽ ആ മോചനം കോടികൾ ഒഴുക്കിയായിരുന്നു എന്നാണ് ശിവസുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തൽ. വീരപ്പനെ ആദ്യം നേരിൽക്കണ്ടു ചിത്രങ്ങൾ പ്രസിദ്ധീകരിച്ച പത്രപ്രവർത്തകനാണു ശിവ സുബ്രഹ്മണ്യം.
കർണാടക സർക്കാർ രണ്ടു തവണകളായി വീരപ്പനു 10 കോടി രൂപ നൽകിയെന്നും 2000 നവംബർ 30ന് 5.22 കോടി രൂപ കൂടി നൽകിയെന്നുമാണു ശിവസുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തൽ. പണം ലഭിച്ച ശേഷം വീരപ്പൻ രാജ്കുമാറിനെ ഡിവികെ പ്രസിഡന്റ് കൊളത്തൂർ മണി, തമിഴർ ദേശീയ മുന്നണി പ്രസിഡന്റ് പി.നെടുമാരൻ എന്നിവർക്കു കൈമാറി. 900 കോടി രൂപ വിലമതിക്കുന്ന സ്വർണവും 100 കോടി രൂപയുമാണു വീരപ്പൻ ആദ്യം മോചനദ്രവ്യമായി ആവശ്യപ്പെട്ടതത്രെ. ഒട്ടേറെ ചർച്ചകൾക്കു ശേഷമാണു തുക കുറയ്ക്കാൻ തയാറായത്.
അതേസമയം, രാജ്കുമാറിനെ വിട്ടയയ്ക്കാൻ വീരപ്പനു പണം നൽകിയെന്നതു നക്കീരൻ ഗോപാലൻ നിഷേധിച്ചിട്ടുണ്ട്. ശിവസുബ്രഹ്മണ്യം ഇപ്പോൾ തന്നോടൊപ്പം ജോലി ചെയ്യുന്നില്ലെന്നും ഗോപാലൻ അറിയിച്ചു.