- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
333 മരണവും 14,000 രോഗികളുമായി ആഴ്ചയിലെ ഏറ്റവും കുറഞ്ഞ കോവിഡ് നിരക്കുമായി ബ്രിട്ടൻ; 70 കഴിഞ്ഞവർക്ക് കയറിക്കെന്ന് വാക്സിനെടുക്കാം; ഏപ്രിലോടെ 50 കഴിഞ്ഞവരുടെ വാക്സിൻ പൂർത്തിയാകും; തള്ളുകൾ ഇല്ലാതെ ബ്രിട്ടൻ കോവിഡിനെ നേരിടുന്നത് ഇങ്ങനെ
അവകാശവാദങ്ങളില്ല, അവാർഡുകളില്ല, സമൂഹമാധ്യമങ്ങളിൽ ആഘോഷമാക്കാൻ ആരാധകരുമില്ല. നിശബ്ദമായ പ്രവർത്തനത്തിലൂടെ ബ്രിട്ടൻ കോവിഡിനെ നേരിടുകയാണ്.ലോക്ക്ഡൗണും, ക്രമപ്രകാരമുള്ള വാക്സിൻ പദ്ധതിയുമൊക്കെയായി, കോവിഡിനെ പിടിച്ചുകെട്ടുമെന്ന നിശ്ചയദാർഢ്യത്തോടെ ബ്രിട്ടൻ മുന്നോട്ട് പോകുന്നു. അതിന്റെ ഫലവും കണ്ടുതുടങ്ങിയിരിക്കുന്നു. രോഗവ്യാപനതോതും പ്രതിദിന മരണനിരക്കും, കഴിഞ്ഞ ആറാഴ്‌ച്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കുകളാണ് ഇന്നലെ രേഖപ്പെടുത്തിയത്. യുദ്ധത്തിൽ, ചെറുതെങ്കിലും , സുപ്രധാനമായ ഒരുമുന്നേറ്റം നടത്തിയിരിക്കുന്നു എന്നാണ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഇന്നലെ പറഞ്ഞത്.
ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത് 333 കോവിഡ് മരണങ്ങളാണ്. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 18 ശതമാനം കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. അതുപോലെ ഇന്നലെ പുതിയതായി രോഗബാധ സ്ഥിരീകരിച്ചത് 14,104 പേർക്കായിരുന്നു. ഡിസംബർ 8 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. രോഗവ്യാപനം കുറയുമ്പോഴും ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന കോവിഡ് രോഗികളുടെ എണ്ണം ഉയര്ന്നു തന്നെയിരിക്കുന്നത് ആശങ്കയുളവാക്കുന്ന കാര്യം തന്നെയാണ്. നിലവിൽ ഏകദേശം 30,000 കോവിഡ് രോഗികളാണ് വിവിധ എൻ എച്ച് എസ് ആശുപത്രികളിലായി ബ്രിട്ടനിലുള്ളത്.
രാജ്യമാകെ രോഗവ്യാപനം കുറയുമ്പോഴും, ഏകദേശം 17 ഓളം ഏരിയകളിൽ ഇപ്പോഴും രോഗവ്യാപനം കൂടുകതന്നെയാണ്.അതിൽ ഒരു സ്ഥലമായ മിഡ്ലാൻഡ്സിലെ റുട്ട്ലാൻഡിൽ 1 ലക്ഷം പേരിൽ 180 രോഗികൾ എന്ന നിലയിൽ നിന്നും 386 രോഗികൾ എന്ന നിലയിലേക്കാണ് ഉയർന്നിട്ടുള്ളത്.എന്നാൽ, വാക്സിൻ പദ്ധതി വേഗതയോടെ സുഗമമായി നടക്കുന്നു എന്നുള്ളത് തെല്ലൊന്നുമല്ല ആശ്വാസം നൽകുന്നത്. ഇന്നലെ 2,78,988 പേർക്കാണ് വാക്സിന്റെ ആദ്യ ഡോസ് നൽകിയത്. ഇതോടെ 12.3 മില്ല്യൻ ആളുകൾക്കാണ് ഇതുവരെ ബ്രിട്ടനിൽ വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചിരിക്കുന്നത്.
ഫെബ്രുവരി 15 ന് മുൻപായി, അപകട സാധ്യത കൂടിയ വിഭാഗത്തിൽ പെടുന്ന 15 മില്ല്യൺ ആളുകൾക്ക് വാക്സിൻ നൽകുക എന്ന ലക്ഷ്യത്തോട് വളരെ വേഗം നടന്നടുക്കുകയാണ് ബ്രിട്ടൻ. ഇതുവരെ വാക്സിൻ ലഭിക്കാത്ത, 70 വയസിനു മുകളിൽ പ്രായമുള്ളവർ ഉണ്ടെങ്കിൽ അവർക്ക് വാക്സിനായി ഓൺലൈനിൽ ബുക്ക് ചെയ്യാമെന്ന് മാറ്റ് ഹാൻകോക്ക് പറഞ്ഞു. 80 ന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ ലഭിച്ചു എന്ന് ഉറപ്പാക്കുവാൻ, 70 വയസ്സിനു മുകളിലുള്ളവരോട്, അവർക്ക് എഴുത്ത് ലഭിക്കുന്നതുവരെ കാത്തിരിക്കാൻ പറഞ്ഞിരുന്നു.
80 വയസ്സിനു മുകളിലുള്ളവർ, കെയർഹോം അന്തേവാസികൾ, മറ്റ് രോഗങ്ങൾ ഉള്ളവർ തുടങ്ങിയവർക്ക് വാക്സിൻ ഉറപ്പാക്കുവാനായിരുന്നു, ഇവരോട് വാക്സിനുള്ള അറിയിപ്പ് വരുന്നതുവരെ കാത്തിരിക്കാൻ പറഞ്ഞിരുന്നത്. എഴുത്ത്, ഈമെയിൽ, ഫോൺകോൾ എന്നിവ വഴി ബന്ധപ്പെടും എന്നും അറിയിച്ചിരുന്നു. ഇനി അവർക്ക് ക്ഷണം ലഭിക്കാനായി കാത്തിരിക്കേണ്ട. എൻ എച്ച് എസ് ഓൺലൈൻ ബുക്കിങ് സർവ്വീസ് വഴിയോ അല്ലെങ്കിൽ 119 എന്ന ഫോൺ നമ്പറിൽ വിളിച്ചോ അവർക്ക് വാക്സിനേഷനായി ബുക്ക് ചെയ്യാം.
80 വയസ്സിനു മുകളിലുള്ള 91 ശതമാനം പേർക്കും ഇതിനോടകം വാക്സിൻ നൽകിക്കഴിഞ്ഞു എന്നാണ് ഹാൻകോക്ക് അവകാശപ്പെട്ടത്. എഴുപതു വയസ്സിനു മുകളിലുള്ളവരിൽ മുക്കാൽ പങ്ക് പേറ്ക്കും നൽകിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇവർക്കൊപ്പം തന്നെ, മുൻ നിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ മുൻഗണനാ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരിൽ ഇനിയും വാക്സിൻ ലഭിക്കാത്തവർക്ക് വാക്സിനേഷനായൈ നേരിട്ട ബുക്ക് ചെയ്യാവുന്നതാണ്. അതുപോലെ ഗുരുതരമായ മറ്റു രോഗങ്ങൾ ബാധിച്ചവരായിട്ടുള്ള അപകട സാധ്യത കൂടിയവരിൽ വാക്സിൻ ലഭിക്കാത്തവർ ഉണ്ടെങ്കിൽ അവരെ സമീപിക്കാൻ ജി പി മാർക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിനം നാലുലക്ഷത്തോളം പേർക്ക് വാക്സിനേഷൻ നൽകിയിരുന്നെങ്കിലും ഇന്നലെ 2,70,000 പേർക്ക് മാത്രമാണ് വാക്സിൻ നൽകിയത്. ഞായറാഴ്‌ച്ചയായതിനാൽ മിക്ക ജി പി കേന്ദ്രങ്ങളും പ്രവർത്തിക്കാത്തതും, വാക്സിൻ വിവിധ സ്ഥലങ്ങളീൽ എത്തിക്കാൻ ആകാതെവന്നതുമായിരുന്നു കാരണം. ഒഴിവുദിനത്തിന്റെ ആലസ്യം വെടിഞ്ഞ് ഇന്നുമുതൽ വീണ്ടും വാക്സിൻ പദ്ധതി ഉഷാറാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. ഇന്ന് ഇസ്രയേൽ ഒഴിച്ച് ബ്രിട്ടനിലല്ലാതെ മറ്റൊരു രാജ്യത്തും ഇത്ര വേഗത്തിൽ വാക്സിൻ പദ്ധതി നടക്കുന്നില്ല എന്നത് ഒരു വാസ്തവം തന്നെയാണ്.