- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
15 സംസ്ഥാനങ്ങളിൽ ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാതിരുന്നപ്പോഴും കേരളത്തിൽ 16 പേർ മരിച്ചു; ചികിത്സ നേടുന്ന രോഗികളിൽ പകുതിയോളം കേരളത്തിൽ; കേരളത്തിനെന്തു പറ്റിയെന്ന് പഠിക്കാൻ കേന്ദ്ര സംഘം എത്തും
ന്യൂഡൽഹി: രാജ്യത്ത് പുതിയ കോവിഡ് കേസുകളുടെ എണ്ണവും പ്രതിദിന മരണ നിരക്കും കുറയുമ്പോഴും കേരളത്തിലെ കോവിഡ് കണക്കുകൾ ഉയരുന്നു. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും പ്രതിദിന കേസുകൾക്കും പുറമേ പ്രതിദിന മരണത്തിലും കേരളമാണ് ഇപ്പോൾ രാജ്യത്ത് ഒന്നാമതായി നിൽക്കുന്നത്. തിങ്കളാഴ്ച 15 സംസ്ഥാനങ്ങളിൽ ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാതിരുന്നപ്പോഴും കേരളത്തിൽ 16 പേർ മരിച്ചു. രാജ്യത്തെ കോവിഡ് കേസുകൾ കുറയുമ്പോൾ കേരളത്തിലെ കണക്കുകൾ ഉയരുന്നത് രാജ്യം ആശങ്കയോടെയാണ് ഉറ്റു നോക്കുന്നത്. കേരളത്തിനെന്തു പറ്റിയെന്ന് പഠിക്കാൻ കേന്ദ്ര സംഘം വെള്ളിയാഴ്ച കേരളത്തിൽ എത്തും.
തിങ്കളാഴ്ച 15 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്തില്ല. തിങ്കളാഴ്ച രാജ്യത്താകെ 78 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ പതിനാറും കേരളത്തിലാണ് സംഭവിച്ചത്. തുടക്കത്തിൽ കോവിഡിനെ പിടിച്ചു കെട്ടിയ കേരളത്തിൽ വാക്‌സിനെത്തിയ സമയത്ത് കോവിഡ് കണക്കുകൾ കുതിച്ചുയരുമ്പോൾ കേന്ദ്ര ആരോഗ്യ മന്ത്രാലയവും ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.
മൊത്തം മരണം അര ലക്ഷം കടന്ന മഹാരാഷ്ട്രയിൽ തിങ്കളാഴ്ച 15 മരണം മാത്രമാണു റിപ്പോർട്ട് ചെയ്തത്. അതേസമയം ഇന്നലെ മഹാരാഷ്ട്രയിൽ 35 മരണവും കേരളത്തിൽ 19 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. മാത്രമല്ല കോവിഡിന് ചികിത്സയിലുള്ളവരുടെ എണ്ണവും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വളരെ കൂടുതലാണ്. മഹാരാഷ്ട്രയിലും ഡൽഹിയിലുമെല്ലാം കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോൾ രാജ്യത്തു കോവിഡ് ചികിത്സയിൽ തുടരുന്നവരിൽ 45.72 ശതമാനവും കേരളത്തിലാണ്. തിങ്കളാഴ്ച വരെ രാജ്യത്താകെ ചികിത്സയിലുള്ളത് 1,43,625 പേർ; ഇതിൽ 65,670 പേർ കേരളത്തിലും 35,991 പേർ മഹാരാഷ്ട്രയിലുമാണ്. രാജ്യത്തെ 71 % രോഗികളും ഈ 2 സംസ്ഥാനങ്ങളിലാണ്.
അരുണാചൽപ്രദേശ്, ത്രിപുര, മിസോറം, നാഗാലാൻഡ്, ആൻഡമാൻ, ദാദ്രനാഗർ ഹവേലി, ലക്ഷദ്വീപ് എന്നിങ്ങനെ ഏഴിടത്ത് മൂന്നാഴ്ചകളായി കോവിഡ് മരണമില്ല. രാജ്യത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ പ്രതിദിന മരണനിരക്കിൽ 55 % കുറവുണ്ടായി.
സംസ്ഥാനത്ത് ഇന്നലെ 5214 പേർക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്നലെ 5214 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 4788 പേർക്കും വൈറസ് ബാധിച്ചതു സമ്പർക്കത്തിലൂടെ. 336 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്തിനു പുറത്തുനിന്നു വന്ന 61 പേരും 29 ആരോഗ്യപ്രവർത്തകരും കോവിഡ് പോസിറ്റീവായി. 69,844 സാംപിളുകൾ പരിശോധിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47%. ചികിത്സയിലായിരുന്ന 6475 പേരുടെ പരിശോധനാഫലം നെഗറ്റീവായപ്പോൾ 1179 പേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിച്ചു. ഇന്നലെ 19 മരണം റിപ്പോർട്ട് ചെയ്തു. ആകെ മരണം 3902.
കോവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 615, കൊല്ലം586, കോട്ടയം555, തൃശൂർ498, പത്തനംതിട്ട496, കോഴിക്കോട്477, തിരുവനന്തപുരം455, മലപ്പുറം449, ആലപ്പുഴ338, കണ്ണൂർ273, പാലക്കാട്186, കാസർകോട്112, ഇടുക്കി100, വയനാട്74.
ആർടിപിസിആർ നിരക്ക് കൂട്ടി
സ്വകാര്യ ലാബുകളിലെ കോവിഡ് ആർടിപിസിആർ പരിശോധനാ നിരക്ക് 1700 രൂപയാക്കി പുതുക്കി; മുൻപ് 1500 രൂപയായിരുന്നു. ഹൈക്കോടതി നിർദേശത്തെത്തുടർന്നാണു നിരക്കു പുതുക്കിയതെന്നു മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. മറ്റെല്ലാ പരിശോധനാ നിരക്കുകളും പഴയതുപോലെ തുടരും. എക്സ്പേർട്ട് നാറ്റ് 2500 രൂപ, ട്രൂനാറ്റ് 1500 രൂപ, ആർടി ലാംപ് 1150 രൂപ, ആന്റിജൻ 300 രൂപ.