രോഗവ്യാപനം നിയന്ത്രണാധീനമായി എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് കൊറോണയുടെ യുദ്ധങ്ങൾ ഇനി ബ്രിട്ടീഷുകാർ കാണാൻ ഇരിക്കുന്നതേയുള്ളു എന്നുപറഞ്ഞ് പുതിയ വെല്ലുവിളികൾ ഉയർത്തി ഈ ഇത്തിരിക്കുഞ്ഞൻ വൈറസ് എത്തുന്നത്. കെന്റിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച പുതിയ ഇനം വൈറസിനെ ഉൾപ്പടെ ഒരുവിധം നിയന്ത്രിച്ചു വന്നപ്പോഴാണ് ബ്രിസ്റ്റോളിൽ, ജനിതകമാറ്റം സംഭവിച്ച മറ്റൊരു ഇനം കൊറോണ വൈറസിനെ കണ്ടെത്തിയിരിക്കുന്നത്. ഇത് തീർത്തും അപകടകാരിയാണ് എന്നാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ പറയുന്നത്.

ഈ ഇനത്തിൽ പെട്ട വൈറസിന്റെ സാന്നിദ്ധ്യം ഇതുവരെ 21 വ്യക്തികളിൽ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഇതിൽ 14 പേർ ബ്രിസ്റ്റോളിൽ ഉള്ളവരാണ്. നാലുപേർ മാഞ്ചസ്റ്ററിലും മൂന്നുപേർ ബ്രിട്ടന്റെ മറ്റു ഭാഗങ്ങളിലുമായാണ് ഉള്ളത്. നിലവിൽ ബ്രിട്ടനിൽ പടരുന്ന കെന്റ് ഇനം വൈറസിന്മറ്റൊരു മ്യുട്ടേഷൻ സംഭവിച്ചാണ് ഇത് ഉണ്ടായിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ ഇനത്തിൽ സംഭവിച്ചതിനോട് സമാനമായ മ്യുട്ടേഷനാണ് ഇതിനും സംഭവിച്ചിരിക്കുന്നത്. അതിനാൽ, വാക്സിൻ പൂർണ്ണമായും ഇതിനെ പ്രതിരോധിക്കാൻ മതിയാകില്ല എന്ന അഭിപ്രായമാണ് ശാസ്ത്രജ്ഞന്മാർക്ക് ഉള്ളത്.

ഇ 484കെ എന്ന മ്യുട്ടേഷൻ ബാധിച്ച വൈറസുകൾക്ക് വാക്സിൻ തീർക്കുന്ന പ്രതിരോധത്തെ മറികടക്കാൻ കഴിയും. മാത്രമല്ല, ഒരിക്കൽ കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചതിനുശേഷം ശരീരത്തിൽ രൂപപ്പെടുന്ന സ്വാഭാവികമായ പ്രതിരോധശേഷിയേയും ഇതിന് അതിജീവിക്കാൻ കഴിയും. അതായത്, ഒരിക്കൽ കോവിഡ് ബാധിച്ചവരേയും ഇത് ബാധിക്കാം എന്ന് ചുരുക്കം. കെന്റ് വൈറസിനെ പോലെ അതീവ തീവ്രമായ വ്യാപനശേഷിയും സൗത്ത് ആഫ്രിക്കൻ വൈറസിനെലേ്പാലെ അതിതീവ്രമായ പ്രഹരശേഷിയും കൈവരിച്ചതാണ് ഈ പുതിയ ഇനം എന്നതാണ് ശാസ്ത്രജ്ഞരെ ആശങ്കയിലാഴ്‌ത്തുന്ന കാര്യം.

നിലവിൽ ഇത് വ്യാപിക്കാൻ സാധ്യത കുറവാണെങ്കിലും, ഭാവിയിൽ, വാക്സിൻ വഴി കെന്റ് വകഭേദത്തെ പൂർണ്ണമായും അടിച്ചമർത്തിയാൽ ഇത് തലപൊക്കിയേക്കും എന്നാണ് ഇവർ ഭയപ്പെടുന്നത്. ഈ പുതിയ ഇനം വൈറസിനെ കൂടി കണ്ടെത്തിയതോടെ ലോക്ക്ഡൗൺ ഉടനെയൊന്നും നീക്കം ചെയ്തേക്കില്ല എന്ന ആശങ്കയും ശക്തമായിട്ടുണ്ട്. ഇനിയൊരു വേനൽക്കാലം കൂടി വീടുകളിൽ അടച്ചുമൂടി ഇരിക്കേണ്ടതായി വന്നേക്കാം എന്നാണ് ഹോസ്പിറ്റാലിറ്റി-ടൂറിസം രംഗത്തുള്ളവർ നൽകുന്ന മുന്നറിയിപ്പ്. തിരിച്ചെത്തുന്നവർക്ക് 10 ദിവസത്തെ ക്വാറന്റൈൻ കൂടി നിർബന്ധമാക്കിയതോടെ ഈ മേഖലകളാകെ അവതാളത്തിലായിരിക്കുകയാണ്.

കർശനമായ നിയന്ത്രണങ്ങൾ ഇനിയും കുറേക്കാലത്തേക്ക് കൂടി പിന്തുടരേണ്ടതുണ്ട് എന്നാണ് സർക്കാരിന്റെ ശാസ്ത്രോപദേശക സമിതിയുടെയും അഭിപ്രായം. വാക്സിൻ പദ്ധതി പൂർത്തിയാക്കിയാലും സാമൂഹിക അകലം പാലിക്കൽ ഉൾപ്പടെയുള്ള നിയമങ്ങൾ കർശനമായി പാലിക്കേണ്ടതായി വരും. അതായത്, ഒരുപക്ഷെ ലോക്ക്ഡൗൺ ഇളവുകൾ വന്നാലും രാജ്യം ഉടനെയൊന്നും പഴയ നിലയിലേക്ക് എത്തുകയില്ല എന്ന് ചുരുക്കം. എന്നാൽ, ഏപ്രിൽ മാസത്തോടെ കർശന നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും സർക്കാർ അത് ഉറപ്പുനൽകണമെന്നുമാണ് ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയിലുള്ളവർ ആവശ്യപ്പെടുന്നത്. അങ്ങനെ ചെയ്തില്ലെങ്കിൽ ഈ് മേഖലകളിൽ ഇനിയും ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടമാകും എന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

രോഗവ്യാപനവും മരണനിരക്കും കുറഞ്ഞുവരുന്നുണ്ട്. വാക്സിൻ പദ്ധതി പ്രതീക്ഷിച്ച രീതിയിൽ പുരോഗമിക്കുന്നുമുണ്ട്. അത്തരം സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ നൽകാം എന്നാണ് വ്യാപാര വാണിജ്യ രംഗത്തുള്ളവർ, പ്രത്യേകിച്ചും ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയിലുള്ളവർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ വർഷത്തെ സമ്മർസീസൺ പൂർണ്ണമായും നഷ്ടപ്പെട്ടു. ഈ വർഷം കൂടി അത് സംഭവിക്കുകയാണെങ്കിൽ ഈ മേഖലയിലുള്ള പല സ്ഥാപനങ്ങളും എന്നന്നേക്കുമായി അടച്ചുപൂട്ടേണ്ടതായി വരും. ഇത് ലക്ഷക്കണക്കിന് പേരുടെ തൊഴിൽ നഷ്ടത്തിന് വഴിതെളിക്കുമെന്നും അവർ പറയുന്നു.