ഹൈദരാബാദ്: ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി പുതിയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നു. പിതാവ്, അന്തരിച്ച വൈ.എസ്. രാജശേഖര റെഡ്ഡിയുടെ അടുപ്പക്കാരുമായി വൈ.എസ്. ശർമിള ഇക്കാര്യം ചർച്ച ചെയ്തു. തെലങ്കാനയിലെ നാൽഗൊണ്ട ജില്ലയിലെ കുടുംബവീട്ടിൽ വച്ചാണ് നേതാക്കളുമായി ചർച്ച നടത്തിയത്. രാജശേഖര റെഡ്ഡിയുടേയും ശർമിളയുടേയും ചിത്രങ്ങൾ സഹിതമുള്ള ബാനറുകളും ഉയർത്തിയിരുന്നു. ഇതിൽ ജഗന്റെ ചിത്രം ഉണ്ടായിരുന്നില്ല.

തെലങ്കാനയിൽ സഹോദരന്റെ പിന്തുണയില്ലാതെ പാർട്ടിയുണ്ടാക്കുന്ന നീക്കത്തിലാണ് ശർമിളയെന്ന് വാർത്ത പ്രചരിച്ചിരുന്നു. തെലങ്കാനയിൽ വൈഎസ്ആർ കോൺഗ്രസ് ഉണ്ടെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിച്ചിരുന്നില്ല. കോൺഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന രാജശേഖര റെഡ്ഡി 2004 മുതൽ 2009 വരെ അവിഭക്ത ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നു. 2009 ൽ ഹെലികോപ്റ്റർ അപകടത്തിലാണ് അദ്ദേഹം മരിച്ചത്.

2014ൽ ആന്ധ്രയും തെലങ്കാനയുമായി സംസ്ഥാനം വിഭജിക്കപ്പെട്ട ശേഷം തെലങ്കാനയിലെ രാജശേഖര റെഡ്ഡിയുടെ അനുയായികൾ പ്രവർത്തിക്കാൻ അവസരമില്ലാതെ ഒതുങ്ങിക്കഴിയുകയായിരുന്നു. അതിനാൽ പുതിയ പാർട്ടി ഉണ്ടാക്കാനുള്ള നീക്കത്തെ ആവേശത്തോടെയാണ് അവർ കാണുന്നത്.

'തെലങ്കാനയിൽ രാജണ്ണ രാജ്യം (രാജശേഖര റെഡ്ഡിയുടെ ഭരണം) ഇല്ല. അത് എന്തുകൊണ്ട് കൊണ്ടുവന്നുകൂടാ? ജഗൻ മോഹൻ ആന്ധ്രയിൽ ജോലി ചെയ്യുന്നു, ഞാൻ തെലങ്കാനയിലും ശർമിള പറഞ്ഞു.

2019 ലെ തിരഞ്ഞെടുപ്പിൽ ശർമിളയും അമ്മ വിജയമ്മയും വൈഎസ്ആർ കോൺഗ്രസിനു വേണ്ടി പ്രചാരണം നടത്തിയിരുന്നു. എന്നാൽ, ജഗൻ അധികാരത്തിലേറിയ ശേഷം ശർമിളയെ പൊതുരംഗത്തു കണ്ടിരുന്നില്ല. ജഗൻ ജയിലിൽ ആയിരുന്ന സമയത്ത് ശർമിള നടത്തിയ പദയാത്രയും ആവേശം സൃഷ്ടിച്ചിരുന്നു.