തായ്ലാൻഡിലെ വവ്വാലുകളിൽ അതിഭീകരമായ മറ്റൊരു കൊറോണ വൈറാസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി സ്ഥിരീകരിക്കപ്പെട്ടു. കോവിഡ് -19 ന് കാരണക്കാരനായ സാർസ് കോവ്-2 വൈറസിനോട് ഏകദേശം 91.5 ശതമാനം സമാനമായ ജനിതകഘടനയുള്ള പുതിയ വൈറസിന് റാസ് സി എസ് 203 എന്നാണ് ശാസ്ത്രലോകം പേരുനൽകിയിരിക്കുന്നത്. എന്നാൽ ഇതിന് മനുഷ്യ കോശങ്ങളിലെ എ സി ഇ 2 റിസപ്റ്ററുകളിൽ തൂങ്ങിക്കിടക്കാൻ ആകില്ല. അതുകൊണ്ടുതന്നെ കൊറോണ മനുഷ്യ ശരീരത്തിൽ കയറുന്നതുപോലെ ഇതിന് കയറാൻ കഴിയില്ല.

അതേസമയം, ഈ വൈറസ് ബാധിച്ച വവ്വാലുകളുടെയും മറ്റും രക്തത്തിൽ കണ്ടെത്തിയ ആന്റിബോഡികൾക്ക് സാർസ് കോവ് 2വൈറസുകളെ നിർവീര്യമാക്കാനുള്ള കഴിവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഈ പുതിയ വൈറസിനെ കണ്ടെത്തിയത് അടിവരയിട്ടു പറയുന്ന മറ്റൊരു കാര്യം, വവ്വാലുകളിലുള്ള വൈറസിന് സാധാരണ രീതിയിൽ മനുഷ്യ ശരീരത്തിൽ കയറുവാൻ കഴിയില്ല എന്നതാണ്. വവ്വാലിൽ നിന്നും മറ്റേതെങ്കിലും ഒരു ജീവിയിൽ എത്തി ജനിതകമാറ്റം സംഭവിക്കുന്നതോടെയാണ് ഇതിന് മനുഷ്യശരീരത്തിൽ പ്രവേശിക്കുവാനുള്ള കഴിവ് ലഭിക്കുന്നത്.

മാത്രമല്ല, കോവിഡ് വൈറസ് സ്വാഭാവികമായി എത്തിയ വൈറസ് തന്നെയാണെന്നും, ചൈനയിലെ ലാബുകളിൽ ഉദ്പാദിപ്പിക്കപ്പെട്ടതല്ല എന്നും ലോകാരോഗ്യ സംഘടനയുടെ അന്വേഷണസംഘം നൽകിയ റിപ്പോർട്ടിനോട് ഒത്തുപോകുന്നതും ആണ് ഈ കണ്ടുപിടുത്തം.

ഒരു കോക്ക് ക്യാനിലൊതുക്കാൻ മാത്രം! എന്നിട്ട് ചെയ്തുകൂട്ടുന്നതോ!

ലോകത്തുള്ള മുഴുവൻ കോവിഡ് രോഗികളിലുമുള്ള കൊറോണാ വൈറസുകളെ മുഴുവനും എടുത്താൽ കൊക്കോകോളയുടെ ഒരു ക്യാനിൽ അടയ്ക്കാൻ ഉള്ളതേ ഉള്ളു എന്ന് ഒരു ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞൻ പറയുന്നു. ലോകത്താകെ ഇതുവരെ 106 മില്ല്യൺ ആളുകളേയാണ് ഈ മാരക വൈറസ് ബാധിച്ചിട്ടുള്ളത്. 2.3 ദശലക്ഷത്തിലേറെപേർ മരണമടയുകയും ചെയ്തു. എന്നാൽ, ഈ വൈറാസ് തീരെ ചെറിയതാണ്. 100 നാനോ മീറ്റർ അല്ലെങ്കിൽ ഒരു മീറ്ററിന്റെ 100 ശതലക്ഷത്തിൽ ഒരംശം മാത്രമാണ് ഇതിന്റെ വലിപ്പം. മനുഷ്യന്റെ തലമുടിയേക്കാൾ 1000 മടങ്ങ് കനം കുറഞ്ഞത്.

ഈ അളവുകൾ കണക്കിലെടുത്താണ് ബാത്ത് യൂണിവേഴ്സിറ്റിയിലെ ഗണിതാദ്ധ്യാപകൻ കൂടിയായ ഡോ. കിറ്റ് യേറ്റ്സ് ലോകത്തെ മൊത്തം കൊറോണയുടെ വലിപ്പം കണക്കാക്കിയത്. അതെല്ലാം കൂടിയുള്ള വ്യാപ്തം ഏകദേശാമ്മ് 160 മില്ലീലിറ്റർ ദ്രാവകത്തിന്റേതിന് തുല്യമായിരിക്കും എന്നാണ് അദ്ദേഹം പറയുന്നത്. അതായത്, 330 മില്ലി ലീറ്റർ കൊക്കോകോളവരുന്ന ക്യാനിന്റെപകുതി മതിയാകും ലോകത്തിലെ മുഴുവൻ കൊറോണയേയും അടച്ചിടാൻ.

കൊറോണയുടെ ഉദ്ഭവം ചൈനയിൽ തന്നെ; അഭിപ്രായത്തിൽ ഉറച്ച് ആസ്ട്രേലിയൻ ശാസ്ത്രജ്ഞൻ

വുഹാനിലെ ഹുനാൻ സീഫുഡ് മാർക്കറ്റിൽ തന്നെയാണ് ഇന്ന് ലോകജനതയെ കണ്ണീരു കുടിപ്പിക്കുന്ന കൊറോണയുടെ ജനനം എന്ന് ഉറപ്പിച്ചു പറയുകയാണ് ആസ്ട്രേലിയൻ ശാസ്ത്രജ്ഞനായ പ്രൊഫസർ ഡൊമിനിക് ഡൈയർ. ലോകാരോഗ്യ സംഘടനയുടെ അന്വേഷണസംഘത്തിലെ 14 ശാസ്ത്രജ്ഞരിൽ ഒരാളാണ് പ്രൊഫസർ ഡൈയർ. ഈ അന്വേഷണ സംഘത്തിന്റെ തലവൻ തന്നെ കഴിഞ്ഞ ദിവസം ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പ്രചാരണം ഏറ്റുപറഞ്ഞത് ലോകത്തെ ഞെട്ടിപ്പിച്ചിരുന്നു. ആസ്ട്രേലിയയിൽ നിന്നുള്ള ബീഫ് പോലെ, ചൈനയിലേക്ക് ഇറക്കുമതി ചെയ്ത ശീതീകരിച്ച ഭക്ഷ്യവസ്തുക്കളിലൂടെയായിരിക്കാം കോവിഡ് ചൈനയിലെത്തിയതെന്നായിരുന്നു അന്വെഷണസംഘ തലവൻ കഴിഞ്ഞ ദിവസം പറഞ്ഞത്.

നേരത്തേ സംശയിച്ചിരുന്നതുപോലെ വവ്വാലുകൾ തന്നെയാണ് വൈറസിന്റെ സ്രോതസ്സ് എന്നാണ് മൈക്രോബയോളജിസ്റ്റായ പ്രൊഫസർ ഡൈയർ പറയുന്നത്. സാർസ് കുടുംബത്തിലെ വൈറസുകളെല്ലാം കാണപ്പെടുന്നത് വവ്വാലുകളിലാണ്. ഇവയിൽ നിന്നും ഈനാംപേച്ചി അല്ലെങ്കിൽ പൂച്ച തുടങ്ങിയ ജീവികളിലൂടെയായിരിക്കാം ഇവ മനുഷ്യശരീരത്തിൽ കടന്നിട്ടുണ്ടാവുക. ചൈനാക്കാരുടെ ഇഷ്ടവിഭവങ്ങളാണ് ഇത്തരത്തിലുള്ള മൃഗങ്ങളുടെ മാംസം കൊണ്ടുണ്ടാക്കുന്ന ആഹാരങ്ങൾ. വുഹാനിലെ മാംസ വിപണിയിലെ മുഖ്യ ആകർഷണവും ഇത്തരത്തിലുള്ള മൃഗങ്ങൾ തന്നെയാണ്.

എന്നാൽ ആദ്യ കോവിഡ് കേസ് കണ്ടെത്തി എന്നവകാശപ്പെടുന്ന 2019 ഡിസംബറിനും മുൻപേ ചൈനയിൽ കൊറോണയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നിരിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ അത് സർക്കാരിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ടാകില്ല. എന്നാൽ, ഇത് ഒരു പകർച്ചവ്യാധിയായി വന്നശേഷം, ഇക്കാര്യം പുറത്തറിയിക്കാതെ മൂടിവയ്ക്കാൻ ശ്രമിച്ചതാണ് ഇന്ന് ഇത് ലോകത്തെ കീഴടക്കിയ മഹാവ്യാധിയായി മാറാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.