കുമ്പള: ഡിവൈഎഫ്ഐ. പ്രാദേശിക നേതാവിന്റെ വീട്ടിൽ നിന്നും നാലുകിലോഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. വീടിന്റെ അടുക്കളഭാഗത്ത് സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്. കാസർകോട് ഡിവൈ.എസ്‌പി. പി.സദാനന്ദന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

സംഭവത്തിൽ ഡിവൈഎഫ്ഐ. പ്രാദേശിക നേതാവും ഉപ്പള സോങ്കാൽ പ്രതാപ് നഗറിൽ താമസിക്കുന്ന ഡിവൈഎഫ്ഐ. മംഗൽപാടി വില്ലേജ് സെക്രട്ടറി റഫീഖി(34)ന്റെ പേരിൽ പൊലീസ് കേസെടുത്തു. പ്രതി ഒളിവിലാണെന്നും തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് റഫീഖ് വീട്ടിൽനിന്ന് പുറത്ത് പോയതായി വീട്ടുകാർ പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുത്തതിനാൽ, രാഷ്ട്രീയവൈരാഗ്യം തീർക്കുന്നതിനായി മറ്റു പാർട്ടിയിലുള്ളവർ മനഃപൂർവം കുടുക്കാൻ ശ്രമിച്ചതാണെന്നാണ് ഡിവൈഎഫ്ഐ. നേതൃത്വത്തിന്റെ വിശദീകരണം. കുമ്പള ഇൻസ്‌പെക്ടർ എ.അനിൽകുമാർ, എസ്‌ഐ. ശ്രീഹരി എന്നിവരുടെ നേതൃത്വത്തിലാണ് വീട്ടിൽ പരിശോധന നടത്തിയത്.
സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കുടുംബം

അതേസമയം സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് റഫീഖിന്റെ കുടുംബം ആവശ്യപ്പെട്ടു. രാഷ്ട്രീയവിരോധത്തിന്റെ പേരിൽ റഫീഖിനെ കുടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് കഞ്ചാവ് പിടിച്ചതെന്ന് ഭാര്യ ഖൈറുന്നിസയും മാതാവ് ഷംഷാദും പത്രസമ്മേളനത്തിൽ ആരോപിച്ചു.