തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന അതിഥിത്തൊഴിലാളികളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കാൻ നിയമനിർമ്മാണം നടത്തും. ഇതിനായി ഉടൻ ഓർഡിനൻസ് ഇറക്കും. 'ഇന്റർ സ്റ്റേറ്റ് മൈഗ്രന്റ് വർക്കേഴ്സ് വെൽഫയർ രജിസ്ട്രേഷൻ കേരള' എന്നപേരിൽ ഓർഡിനൻസ് ഇറക്കാനാണ് തീരുമാനം. അതിഥിത്തൊഴിലാളികൾക്ക് നിയമാനുസൃത ആനുകൂല്യങ്ങളും സംരക്ഷണവും ഉറപ്പാക്കാനാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. സംസ്ഥാനത്തേക്ക് സ്വമേധയാ വരുന്നവരും കരാറുകാർ മുഖേന വരുന്നവരും രജിസ്റ്റർ ചെയ്യണം.

കേരള ഓട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധിയും കേരള ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധിയും മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ ലയിപ്പിക്കാനും ഓർഡിനൻസ് പുറപ്പെടുവിക്കും.

ആരാധനാലയ നിർമ്മാണം: തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാം

മതപരമായ ആവശ്യത്തിനും ആരാധനയ്ക്കും വേണ്ടിയുള്ള കെട്ടിടം നിർമ്മിക്കാനോ പുനർനിർമ്മിക്കാനോ അനുമതിനൽകാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങളിൽ പൂർണമായും നിക്ഷിപ്തമാക്കും. നിലവിലുള്ള വ്യവസ്ഥ പ്രകാരം ആരാധനാലയങ്ങളുടെ നിർമ്മാണത്തിന് ജില്ലാ കളക്ടറാണ് അനുമതിനൽകുന്നത്.

കെ-ഡിസ്‌ക് പുനഃസംഘടിപ്പിക്കും

തൊഴിൽ നൈപുണ്യവികസനം കാര്യക്ഷമമായി നടപ്പാക്കാൻ കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിനെ സൊസൈറ്റിയായി പുനഃസംഘടിപ്പിക്കും. മുഖ്യമന്ത്രിയായിരിക്കും ഭരണസമിതിയുടെ അധ്യക്ഷൻ. വിവിധ മേഖലകളിൽ അന്താരാഷ്ട്ര തലത്തിലും ദേശീയതലത്തിലും പ്രസിദ്ധരായ വിദഗ്ധരെ ഈ സമിതിയിൽ ഉൾപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.

പ്ലാന്റേഷൻ ഡയറക്ടറേറ്റ്

തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിൽ പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപവത്കരിക്കാൻ മന്ത്രിസഭ തത്ത്വത്തിൽ അംഗീകാരം നൽകി. തോട്ടംമേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് പഠനംനടത്തിയ വി. നമശിവായത്തിന്റെ ശുപാർശ പരിഗണിച്ചാണ് ഡയറക്ടറേറ്റ് രൂപവത്കരിക്കുന്നത്.

വാട്ടർ മെട്രോ

കൊച്ചിയിൽ വാട്ടർ മെട്രോ (ഇന്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്‌പോർട്ട് സിസ്റ്റം) നടപ്പാക്കാൻ 1528 കോടി രൂപയുടെ പദ്ധതിക്കുള്ള അംഗീകാരം പുതുക്കിനൽകി.