വാഷിങ്ടൺ: ആ ദിവസത്തിന്റെ ഭീകരത ഒരിക്കൽ കൂടി സെനറ്റർമാരുടെ ഓർമകളിലേക്ക് തിരയടിച്ച് വന്നിട്ടുണ്ടാകണം. കൊലവിളിയുമായി എത്തിയ ആ ഭീകരസംഘത്തിന്റെ വേട്ടയാടലിൽ നിന്ന് മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും, സ്പീക്കർ നാൻസി പെലോസിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാപ്പിറ്റോൾ മന്ദിരത്തിലേക്ക് ഇരച്ചുകയറിയ ട്രംപ് അനുകൂലികൾ കാട്ടിക്കൂട്ടിയ അക്രമങ്ങളുടെ ഭീകരത വെളിവാക്കുന്ന പുതിയ ഗ്രാഫിക് വീഡിയോ പുറത്തുവന്നു. ബുധനാഴ്ച ട്രംപിന്റെ ഇംപീച്ച്‌മെന്റ് വിചാരണയ്ക്കിടെ ഡെമോക്രാറ്റുകൾ വാദം സമർത്ഥിക്കാൻ പ്രദർശിപ്പിച്ച ഗ്രാഫിക് വീഡിയോ ആണിത്. വോട്ടുകളെ സ്വാധീനിച്ചാലും ഇല്ലെങ്കിലും, അമേരിക്കൻ ജനാധിപത്യത്തിന് ഏറ്റ മുറിവ് സെനറ്റർമാരുടെ മനസ്സിൽ നൊമ്പരമായി അവശേഷിക്കുമെന്ന് ഉറപ്പ്.

ന്യൂയോർക്ക് ടൈംസിലെ പീറ്റർ ബേക്കർ എഴുതുന്നു: 'അമേരിക്കൻ ചരിത്രത്തിൽ ഒരുപക്ഷേ ഇതാദ്യമാവും ഇത്തരമൊരു അക്രമ വീഡിയോ ഫുട്ടേഡ് സെനറ്റിന്റെ തളത്തിൽ കാട്ടുന്നത്. വലിയ ഗഹനമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഇടം. എന്നാൽ, കാര്യങ്ങൾ ദൃശ്യങ്ങളുടെ അകമ്പടിയോടെ ശക്തമായി അവതരിപ്പിക്കുന്നത് ഇതാദ്യമാകാം. വൈസ് പ്രസിഡന്റിനും സ്പീക്കർക്കും നേരേ കൊലവിളിയുമായി പാഞ്ഞടുക്കുന്ന ഭ്രാന്തമായ ആൾക്കൂട്ടം. ജീവന് വേണ്ടി ഓടുന്ന സെനറ്റർമാർ. അക്രമികൾ ഡോർ തകർക്കാൻ നോക്കുമ്പോൾ സ്വയം പ്രതിരോധിക്കാൻ നോക്കുന്ന കാപിറ്റോൾ ഓഫീസർമാർ. കലാപകാരികളിൽ നിന്ന് പിന്തിരിഞ്ഞുമാറുന്ന പൊലീസ് ഉദ്യോഗസ്ഥർ സഹായം അഭ്യർത്ഥിക്കുന്ന ദൃശ്യങ്ങൾ.'

ജനുവരി ആറിലെ ദാരുണസംഭവങ്ങൾഒ ഒരിക്കൽ കൂടി സെനറ്റർമാരുടെ മുന്നിൽ തെളിഞ്ഞു. കാപിറ്റോളിലെ സെക്യൂരിറ്റി ക്യാമറകളിൽ പതിഞ്ഞ ആരും ഇതുവരെ കാണാത്ത ദൃശ്യങ്ങൾ. വാക്കുകളേക്കാൾ ദൃശ്യങ്ങൾ ശക്തമാവുന്ന സന്ദർഭം. പല ദൃശ്യങ്ങളും കണ്ട് സെനറ്റർമാർ ഞെട്ടി. തലകുനിക്കേണ്ടി വന്നു. അതുതന്നെയാണ് ഡെമോക്രാറ്റുകൾ ലക്ഷ്യമിടുന്നതും.

വീഡിയോയിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ട്രംപിന് വേണ്ടി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൂട്ടുനിൽക്കാത്ത വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെയാണ് കലാപകാരികൾ മുഖ്യമായി ലക്ഷ്യമിട്ടത്. കൊലവിളിയുമായി എത്തിയവരിൽ നിന്ന് രക്ഷപ്പെടുത്താൻ പെൻസിനെയും കുടുംബത്തെയും താഴേക്കുള്ള സ്റ്റെയർകേസ് വഴി കൊണ്ടുപോകുന്നത് കാണാം. സ്പീക്കർ നാൻസി പെലോസിയുടെ യുവ സഹായികൾ ആൾക്കൂട്ടം വാതിൽ തകർക്കാൻ ശ്രമിക്കുമ്പോൾ സ്വയം പ്രതിരോധം തീർക്കുന്നത് കാണാം.

യൂജിൻ ഗുഡ്മാൻ എന്ന പൊലീസ് ഓഫീസർ സെനറ്റർ മിറ്റ് റോംനിയെ അപകടം അറിയിക്കുന്നതും മറുഭാഗത്ത് കൂടി ഓടി സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ മുന്നറിയിപ്പ് നൽകുന്നതും കാണാം. അതുപോലെ ഡെമോക്രാറ്റിക് നേതാവ് സെനറ്റർ ചക്ക് ഷൂമറെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ അബദ്ധത്തിൽ നയിച്ചത് കലാപകാരികൾക്ക് നേരേയായിരുന്നു. പിന്നീട് എതിർദിശയിൽ ഓട്ടം.

വൈസ് പ്രസിഡന്റും കുടുംബവും കഴിഞ്ഞിടത്തും നിന്നും കലാപകാരികളുടെ അടുത്തേക്ക് 100 അടി മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് പറയുമ്പോൾ അറിയാം സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ. മൈക്ക് പെൻസിനെ തൂക്കിക്കൊല്ലൂ എന്നാണ് ആൾക്കൂട്ടം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത്. പെൻസിനെ പുറത്തുകൊണ്ടുവരൂ...അവനൊരു രാജ്യദ്രോഹിയായ പന്നിയാണ്. എന്നൊക്കെയാണ് കൊലവിളികൾ. സ്പീക്കർ നാൻസി പെലോസിയെ തേടി എത്തിയവരും അലറുന്നുണ്ടായിരുന്നു...എവിടെ നാൻസി..നിന്നെയാണ് ഞങ്ങൾ അന്വേഷിക്കുന്നത്. പലോസി സഹപ്രവർത്തകർക്കൊപ്പം രക്ഷപ്പെടുന്നതും കാണാം. ജനപ്രതിനിധി സഭയുടെ ലോബിയിലേക്ക് അതിക്രമിച്ചു കയറാനൊരുങ്ങുന്ന വനിതയെ വെടിവച്ചുകൊല്ലുന്നതും വാതിൽക്കൽനിന്ന പൊലീസുകാരനെ ജനക്കൂട്ടം മർദിച്ചൊതുക്കുന്നതും വിഡിയോയിലുണ്ട്.ക്യാപ്പിറ്റോൾ പൊലീസ് കൂടുതൽ സേനയെ ആവശ്യപ്പെടുന്നതിന്റെ ഓഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്.

വോട്ടു മറിയുമോ?

ഇതോടെ ട്രംപിന് എതിരായി പൂർണമായി കാര്യങ്ങൾ തിരിയുമോ? അത് ഇനിയും വ്യക്തമല്ല. ഡമോക്രാറ്റുകളുടെ വാദം കഴിയുന്നതോടെ ട്രംപിന്റെ സംഘം മറുവാദം നടത്തും. വിചാരണ രാഷ്ട്രീയനീക്കമാണെന്നും ഭരണഘടനാവിരുദ്ധമാണന്നാണ് അവരുടെ മുഖ്യവാദം. ബ്രൂസ് കാസ്റ്റർ നയിക്കുന്ന ട്രംപ് അഭിഭാഷസംഘത്തിന്റേത് ദയനീയ പ്രകടനമായെന്നും സെനറ്റിൽ കാസ്റ്ററിന്റെ ദുർബലമായ വാദം ടിവിയിൽ കണ്ടു നിരാശനായ ട്രംപ് രോഷം കൊണ്ടെന്നും വാർത്തകളുണ്ട്. 100 അംഗ സെനറ്റിൽ ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കന്മാർക്കും തുല്യ അംഗബലമുണ്ട്. ട്രംപിനെ ശിക്ഷിക്കണമെങ്കിൽ മൂന്നിൽ രണ്ട് വോട്ട് വേണം. വീഡിയോ ദൃശ്യങ്ങൾ വളരെ അസ്വസ്ഥത ഉണ്ടാക്കുന്നതാണെങ്കിലും, ഇതൊന്നും ട്രംപിന്റെ കുഴപ്പമാണെന്ന് കരുതുന്നില്ലെന്നാണ് ചില റിപ്പബ്ലിക്കൻ സെനറ്റർമാരുടെ പ്രതികരണം.

ടെക്‌സാസിലെ റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസ് പറഞ്ഞത് ഇങ്ങനെ: 'ഇന്നത്തെ അവതരണം തീർച്ചയായും ശക്തമായിരുന്നു. നമ്മുടെ ദേശീയ തലസ്ഥാനത്തിന് നേരേയുള്ള ഭീകരാക്രമണത്തിന്റെ വൈകാരികമായ പുനരവതരണം. എന്നാൽ, ഇതിനെല്ലാം നിയമപരമായി മുൻ പ്രസിഡന്റിനെ എങ്ങനെ പഴി ചാരുമെന്നത് ഡെമോക്രാറ്റുകൾക്ക് വ്യക്തമാക്കാൻ ആയില്ല.'