- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറുത്ത ഓപ്പൽ സലൂണിൽ വരുന്നതും കാത്ത് നിസാൻ പിക് അപ് ട്രക് റോഡരികിൽ; ക്യത്യസ്ഥലത്ത് എത്തിയപ്പോൾ ബട്ടൻ അമർന്നു; മൊഹ്‌സീൻ ഫക്രിസാദയെ കീറിമുറിച്ചത് തുരുതുരാ വന്ന 13 ബുള്ളറ്റുകൾ; പാഞ്ഞുവന്നത് ഒരുടൺ ഭാരമുള്ള തോക്കിൽ നിന്നും; വെടിവയ്പ് കഴിഞ്ഞ ഉടൻ തോക്ക് പൊട്ടിത്തെറിച്ചു; കാറിൽ ഫക്രിസാദെയുടെ 10 ഇഞ്ച് അകലെയിരുന്ന ഭാര്യയ്ക്ക് പോറൽ പോലുമില്ല; നവംബറിലെ ഇറാൻ ആണവ ശാസ്ത്രജ്ഞന്റെ കൊലപാതകത്തിന് പിന്നിൽ മൊസാദ് തന്നെ
ടെഹ്‌റാൻ: ഇറാന് ആ മരണം നവംബറിന്റെ നഷ്ടമായിരുന്നു. രാജ്യത്തിന്റെ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന മൊഹ്‌സീൻ ഫക്രിസാദെയുടെ കൊലപാതകം ടെഹ്‌റാന്റെ പ്രാന്ത പ്രദേശത്ത് നടന്നിട്ട് മൂന്നുമാസം പിന്നിടുമ്പോഴും ചില പ്രധാന ചോദ്യങ്ങൾക്ക് മറുപടി കിട്ടിയിരുന്നില്ല. 59 കാരനായ ആണവ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടത് എങ്ങനെയെന്നും വ്യക്തത ഉണ്ടായിരുന്നില്ല. ആദ്യ റിപ്പോർട്ടുകൾ പ്രകാരം, സായുധരായ അക്രമികൾ അദ്ദഹത്തെ വെടിവച്ചുകൊല്ലുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ ഉപഗ്രഹ നിയന്ത്രിത തോക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കൃത്യം നിർവ്വഹിക്കുകയായിരുന്നു എന്നായി റിപ്പോർട്ടുകൾ.
എവിടെ നിന്നാണ് അത്തരമൊരു ഉപഗ്രഹനിയന്ത്രിത സംവിധാനം വന്നത്, അത് എങ്ങനെ സ്ഥാപിച്ചു, തുടങ്ങിയ കാര്യങ്ങൾ ആരും വിശദീകരിച്ചില്ല. പെട്ടെന്നുണ്ടായ ആക്രമണമാണോ, അതോ ആസൂത്രിതമാണോ എന്നും, എന്തിനാണ് ഇറാൻകാർ സ്‌നേഹിച്ചിരുന്ന ആ മനുഷ്യനെ വകവരുത്തിയത് തുടങ്ങിയ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അവശേഷിച്ചു. ട്രംപ് വിടവാങ്ങും മുമ്പേ ഇസ്രയേലുമായി ചേർന്ന് നടപ്പാക്കിയ ഗൂഢപദ്ധതിയെന്ന് ചിലരും അമേരിക്കൻ പങ്കാളിത്തം നിഷേധിച്ച് മറ്റുചിലരും രംഗത്തെത്തി.
ഇസ്രയേലാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊതുവെ ആരോപണം ഉയർന്നങ്കിലും ആരെന്ന് ക്യത്യത ഉണ്ടായിരുന്നില്ല.
ബ്രിട്ടീഷ് പത്രമായ ദി ജ്യൂവിഷ് ക്രോണിക്കിളിന്റെ വെളിപ്പെടുത്തൽ
അതെ, ഇസ്രേയൽ ചാര സംഘടനയായ മൊസാദ് തന്നെയാണ് ഈ ക്രൂര കൊലപാതകത്തിന് പിന്നിൽ. ദി ജ്യൂവിഷ് ക്രോണിക്കിളിന്റെ ഉത്തരങ്ങൾ വരവായി. മൊഹ്‌സീൻ ഫക്രിസാദെയുടെ കൊലപാതകം എന്തിനായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം തേടും മുമ്പ് ഒരുഫ്‌ളാഷ് ബാക്ക് 2018 ജനുവരി 31 ലേക്ക്. ഒരുവർഷത്തെ നിരീക്ഷണത്തിന് ശേഷം ഇറാൻ തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശത്തെ ഒരു വെയർ ഹൗസിൽ നിന്ന് ഇറാന്റെ ആണവ രഹസ്യങ്ങൾ 32 ഭീമൻ അലമാരകളിൽ നിന്ന് മൊസാദ് ചോർത്തി. ഈ രേഖകളുടെയെല്ലാം തലതോട്ടപ്പനായിരുന്നു മൊഹ്‌സീൻ ഫക്രിസാദെ.
ഫക്രിസാദെയെ എങ്ങനെ വകവരുത്തി?
ഒരുടൺ ഭാരമുള്ള ഓട്ടോമേറ്റഡ് തോക്കാണ് ഫക്രിസാദെയെ വകവരുത്താൻ വേണ്ടിമാത്രം മൊസാദ് ഇറാനിലേക്ക് കടത്തിയത്. അതും തോക്കിന്റെ ഓരോ ഭാഗങ്ങളായി വിഘടിപ്പിച്ച്. 20 അംഗ ചാരസംഘത്തിൽ ഇസ്രയേലികളും ഇറാനികളും ഉണ്ടായിരുന്നു. എട്ടുമാസത്തെ ശ്രമകരമായനിരീക്ഷണത്തിന് ശേഷമായിരുന്നു ഓപ്പറേഷൻ.
2020 മാർച്ചിലാണ് കൊലപാതക പ്ലോട്ട് സജീവമായത്. ലോകം മുഴുവൻ കൊറോണ വൈറസിന്റെ ഭീഷണിയിൽ കഴിയുമ്പോൾ. ഒരു സംഘം ഇസ്രയേലി ചാരന്മാരെ ഇറാനിലേക്ക് അയച്ചു. അവിടെ പ്രാദേശിക ഏജന്റുമാരെ സ്വാധീനിച്ചു. 20 അംഗ ടീം എട്ട് മാസത്തെ നിരീക്ഷണത്തിന് ശേഷം ഓരോ മിനിറ്റിലുമുള്ള വിശദമായ പദ്ധതി തയ്യാറാക്കി. എട്ട് മാസത്തേക്ക് അവർ ഫക്രിസാദെയ്‌ക്കൊപ്പം ശ്വസിച്ചു.. ഉണർന്നു, ഉറങ്ങി, യാത്ര ചെയ്തു. ടെഹ്‌റാനിൽ നിന്നും കിഴക്കോട്ട് ഫക്രിസാദെയുടെ അബ്‌സർദിലെ വില്ലയിലേക്ക് പോകുന്ന റോഡിൽ വച്ച് സംഗതി നടപ്പാക്കാൻ തീരുമാനിച്ചു.
.
വെള്ളിയാഴ്ചകളിൽ അദ്ദേഹം ടെഹ്‌റാനിൽ നിന്ന് അബ്‌സർദിലെ വില്ലയിലേക്ക് പോകുമെന്ന് അറിയാമായിരുന്നു. ദിവസവും ഉള്ള റൂട്ട്, സ്പീഡ്, സമയം, കാറിൽ നിന്ന് പുറത്തിറങ്ങുന്ന ഡോർ എല്ലാം മനസ്സിലാക്കി. റിമോട്ട് നിയന്ത്രിത തോക്കാണ് കൊലയ്ക്ക് ഉപയോഗിച്ചത്. അതിൽ തന്നെ ഒരുബോംബ് ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. വെടിവയ്പ് കഴിഞ്ഞയുടൻ അത് സ്വയം പൊട്ടിത്തെറിച്ച് നാമാവശേഷമായി. എന്നാൽ, ഇറാൻ അവകാശപ്പെട്ടത് പോലെ അത് ഉപഗ്രഹനിയന്ത്രിതമായിരുന്നില്ല.
സ്‌ഫോടക വസ്തുക്കൾ അടക്കം ഒരുടൺ ആയിരുന്നു തോക്കിന്റെ ഭാരം എന്നുപറയുമ്പോൾ പ്രഹര ശേഷി ഊഹിക്കാം. ഒരു നിസാൻ പിക്ക് അപ് ട്രക്കിലാണ് തോക്ക് അസംബിൾ ചെയ്ത് സ്ഥാപിച്ചത്. അത് റോഡിന്റെ വശത്ത് ഫക്രിസാദെയെ കാത്തുകിടന്നു.
നവംബർ 27 ന് ഫക്രിസാദെ ഭാര്യയ്‌ക്കൊപ്പം കറുത്ത ഓപ്പൽ സലൂണിൽ യാത്ര ചെയ്യുകയായികുന്നു. 12 അംഗരക്ഷകർ അടങ്ങുന്ന വാഹനവ്യൂഹത്തിന് നടുവിൽ. അതേസമയം, ഇസ്രേയലി ചാരന്മാരുടെ നിരീക്ഷണത്തിലായിരുന്നു വാഹനവ്യൂഹം. ക്യത്യം നിശ്ചയിച്ച സ്‌പോട്ടിൽ എത്തിയപ്പോൾ ബട്ടൻ അമർന്നു. 13 ബുള്ളറ്റുകൾ പാഞ്ഞു. അദ്ദേഹത്തിന്റെ അടുത്ത് 10 ഇഞ്ച് അകലെ ഇരുന്നിരുന്ന ഭാര്യയെ ഒന്നുതൊട്ടില്ല ബുള്ളറ്റുകൾ. അതായിരുന്നു ഓപ്പറേഷന്റെ ക്യത്യത.
ഫക്രിസാദെയ്ക്ക് പകരമാര്?
ആറുവർഷമെങ്കിലും വേണ്ടി വരും അദ്ദേഹത്തിന് പകരം ഒരാളെ കണ്ടെത്താൻ എന്നാണ് ഇറാന്റെ രഹസ്യ വിലയിരുത്തൽ. എന്നാൽ, ഇസ്രയേലിന്റെ കണക്കുകൂട്ടൽ പ്രകാരം അത് രണ്ടുവർഷം.ഫക്രിസാദെ ഉണ്ടായിരുന്നെങ്കിൽ മൂന്നുമാസവും. കൊലപാതകത്തിൽ അമേരിക്കക്കാർക്ക് നേരിട്ട് പങ്കുണ്ടായിരുന്നില്ല. അത് രാഷ്ട്രീയപരവും ആയിരുന്നില്ല. തികച്ചും സുരക്ഷാമുൻകരുതലിന്റെ ഭാഗമായ ഓപ്പറേഷൻ. എന്നാൽ യുഎസിന് ചെറിയ ഒരുക്ലൂ കൊടുത്തിരുന്നു. ട്രംപുമായോ അമേരിക്കൻ തിരഞ്ഞെടുപ്പുമായോ ബന്ധമില്ലായിരുന്നു താനും എന്ന് ജ്യൂവിഷ് ക്രോണിക്കിൾ എഴുതുന്നു.